ഭരതസ്പര്‍ശം ഓര്‍മ്മയായിട്ട് 11 വര്‍ഷം

PRO
ഭരതന്‍ - പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന രതിനിര്‍വ്വേദം, തകര തുടങ്ങിയ ചിത്രങ്ങള്‍ കമ്പോളവിജയവും കലാമൂല്യവും ഒരുമിച്ച് ഉറപ്പുവരുത്തി. കാക്കനാടന്‍റെ പറങ്കിമല, അടിയറവ് തുടങ്ങിയ കഥകളും, നാഥന്‍റെ ചാട്ട, വിജയന്‍ കരോട്ടിന്‍റെ മര്‍മ്മരം, ജോണ്‍പോളിന്‍റെ ചാമരം, മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവട്ടം, സന്ധ്യ മയങ്ങും നേരം, തിക്കോടിയന്‍റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ, ലോഹിതദാസിന്‍റെ പാഥേയം, വെങ്കലം, അമരം തുടങ്ങിയ സിനിമകള്‍ക്ക്മലയാളസിനിമയില്‍ പ്രത്യേക സ്ഥാനം ഇന്നും പ്രേക്ഷക മനസിലുണ്ടെങ്കില്‍ അതിനു ഭരതനോട്‌ നാം കടപ്പെട്ടിരിക്കുന്നു.

മലയാളത്തിന്‍റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടു തിരക്കഥകള്‍ വൈശാലിയും, താഴ്വാരവും സിനിമയാക്കിയപ്പോഴും നിരൂപകര്‍ വാഴ്ത്തുന്ന ഭരതന്‍ സ്പര്‍ശം അവയ്ക്കു നല്‍കി പുതുമയുള്ള ദൃശ്യാനുഭൂതിയാക്കി മാറ്റാന്‍ ഭരതനു കഴിഞ്ഞു.

ഗ്രാമീണനായ ഭരതന്‍റെ മനസു നിറയെ ഗ്രാമങ്ങളായിരുന്നു. ചിത്രങ്ങളിലെല്ലാം ആ ഗ്രാമീണന്‍റെ വീക്ഷണം തെളിഞ്ഞു. ഭരതന്‍ ചിത്രങ്ങളിലാണ് ഭരത് ഗോപിയും നെടുമുടി വേണുവും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചത്. മര്‍മ്മരവും ഓര്‍മ്മയ്ക്കായിയും വൈശാലിയും ഒക്കെ അംഗീകാരങ്ങള്‍ വാരിക്കൂട്ടി.

ഭരതന്‍ ചിത്രങ്ങളിലെ ഓരോ ഫ്രെയിമിലും ചിത്രകാരന്‍റെ കരസ്പര്‍ശം നിറഞ്ഞു നിന്നു. വൈശാലിയും പ്രയാണവുമടക്കം പല ചിത്രങ്ങളുടെയും തിരക്കഥ പൂര്‍ണമായും പെയിന്‍റിങ്ങുകളാക്കി മുന്‍കൂട്ടി വരച്ചു. മലയാളത്തില്‍ ഒട്ടേറെ കഴിവുറ്റ നടീനടന്മാരെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റും ഭരതനുതന്നെ. അരവിന്ദന്‍റെ തമ്പിലൂടെ രംഗത്തുവന്ന നെടുമുടി വേണുവിന്‍റെ അഭിനയനൈപുണ്യം നാം അനുഭവിച്ചറിഞ്ഞത് ആരവം, ആരോഹണം തുടങ്ങിയ ഭരതന്‍ ചിത്രങ്ങളിലൂടെയാണ്.

ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ അഭിനയത്തിന് നെടുമുടി വേണു ദേശീയ തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡിന് അവസാനവട്ടം വരെ മല്‍സരിച്ചു. ഭരത് ഗോപിക്ക് അവാര്‍ഡുകള്‍ നേടിക്കൊടുത്ത കാറ്റത്തെ കിളിക്കൂട്, മര്‍മ്മരം, ഓര്‍മ്മയ്ക്കായി, സന്ധ്യ മയങ്ങും നേരം തുടങ്ങിയവയും ഭരതന്‍റേതു തന്നെ.

മമ്മൂട്ടി എന്ന നടന്‍റെ നടനവൈഭവം മുഴുവന്‍ അമരം, പാഥേയം, കാതോടു കാതോരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ ചിത്രങ്ങളിലൂടെ പുറത്തു കൊണ്ടുവന്ന ഭരതന്‍റെ കാറ്റത്തെ കിളിക്കൂട്ടിലും താഴ്വാരത്തിലും നാം മോഹന്‍ലാലെന്ന നടന്‍റെ തീര്‍ത്തും വ്യത്യസ്ത മുഖങ്ങളും കണ്ടു.

ലോറിയിലൂടെ ഭരതന്‍ അവതരിപ്പിച്ച പുതുമുഖമാണ് പിന്നീടു ശ്രദ്ധേയനായ അച്ചന്‍കുഞ്ഞ്. പറങ്കിമലയിലൂടെ നടി സൂര്യയേയും ലോറിയിലൂടെ നിത്യയേയും അവതരിപ്പിച്ചു. നിദ്രയിലൂടെ ശാന്തികൃഷ്ണ, വിജയ്മേനോന്‍, തകരയിലൂടെ സുരേഖ, പ്രതാപ് പോത്തന്‍, കെ ജി മേനോന്‍, രതിനിര്‍വേദത്തിലൂടെ കൃഷ്ണചന്ദ്രന്‍, കാറ്റത്തെ കിളിക്കൂടിലൂടെ രേവതി, ചിലമ്പിലൂടെ ബാബു ആന്‍റണി, വൈശാലിയിലൂടെ സഞ്ജയ്, സുപര്‍ണ, ഓര്‍മ്മയ്ക്കായിയിലൂടെ നടന്‍ രാമു, താഴ്വാരത്തിലൂടെ സലീം ഗൗസ്, പാര്‍വതിയിലൂടെ തമിഴ് നടി ലത, നീലക്കുറഞ്ഞി പൂത്തപ്പോളിലൂടെ ഗിരീഷ് കര്‍ണാഡ്, മാളൂട്ടിയിലൂടെ ബേബി ശ്യാമിലി, പാഥേയത്തിലൂടെ ചിപ്പി എന്നിവരെയെല്ലാം മലയാളത്തില്‍ അവതരിപ്പിച്ചത് ഭരതനാണ്. ഒഴിവുകാലം എന്ന ചിത്രത്തില്‍ പുത്രി ശ്രീക്കുട്ടിയേയും ഭരതന്‍ അഭിനയിപ്പിച്ചു.

കലാസംവിധായകനായിരുന്നപ്പോള്‍ മുതലേ കെ പി എ സി ലളിതയ്ക്കു ഭരതനെ പരിചയമുണ്ട്. പിന്നീടൊരിക്കല്‍ നെല്ലിയാമ്പതിയില്‍ ഭരതന്‍റെ ചിത്രത്തിലഭിനയിക്കാനെത്തിയ ലളിതയോടു ഭരതന്‍ ചോദിച്ചു - “നമ്മളെ ചേര്‍ത്ത് എല്ലാവരും കഥ മെനയുന്നു, എന്നാല്‍ പിന്നെ നമുക്കങ്ങു പ്രേമിച്ചാലോ?”. എങ്കിലും ആ ബന്ധം കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചു തന്നെയാണു നടന്നത്. അങ്ങനെ ലളിത ഭരതന്‍റെ ജീവിതസഖിയായി.

ചിത്രകാരനെന്ന പോലെ നല്ലൊരു സംഗീതജ്ഞനുമായിരുന്നു ഭരതന്‍. ഈണം എന്ന സ്വന്തം ചിത്രത്തിനാണ് ഭരതന്‍ ആദ്യമായി സംഗീതം പകര്‍ന്നത്. തുടര്‍ന്ന് കാതോടു കാതോരത്തിലൂടെ വയലിനിസ്റ്റായിരുന്ന ഔസേപ്പച്ചനുമായി ചേര്‍ന്നു പാട്ടുകള്‍ ചിട്ടപ്പെടുത്തി. ചിലമ്പ് തുടങ്ങി കുറെ ചിത്രങ്ങള്‍ക്ക് ഈ കൂട്ടുകെട്ട് ഈണം നല്‍കി. സംഗീതസംവിധായകന്‍ ജോണ്‍സനെ പരിചയപ്പെടുത്തിയതും ഭരതന്‍ തന്നെ. കേളിയിലെ “താരം വാല്‍ക്കണ്ണാടി നോക്കി...” - എന്ന ഗാനം ഭരതന്‍റെ സംഗീതസ്പര്‍ശത്തില്‍ പുറത്തുവന്നതാണ്.

WEBDUNIA|
മലയാള സാഹിത്യത്തില്‍ ഒരു ജനകീയ പ്രസ്ഥാനത്തിനു തുടക്കമിട്ട കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുക എന്ന സ്വപ്നം അവശേഷിപ്പിച്ചുകൊണ്ട് ഭരതന്‍ വിടപറഞ്ഞു. പക്ഷേ നമ്മുടെ മനസില്‍ ആ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ അണഞ്ഞുപോകില്ല. കാരണം അമരത്വം നേടിയ ഭരതന്‍ ചിത്രങ്ങളും, ഭരതന്‍ സിനിമാവേദിക്കു സമ്മാനിച്ച ഒരു പറ്റം കഴിവുറ്റ സിനിമാക്കാരും ഇവിടെയുണ്ട്. ചലച്ചിത്രരംഗത്തുള്ള അവരുടെ ഓരോ ശ്രമങ്ങളും ഭരതനുള്ള അഞ്ജലിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :