മലയാളികള്‍ അതു വിശ്വസിച്ചിട്ടില്ല. പതിനൊന്നു വര്‍ഷം കഴിഞ്ഞിട്ടും. ഭരതന്‍ എന്ന സംവിധായകന്‍ ജീവിച്ചിരിക്കുന്നില്ല എന്നു വിശ്വസിക്കാന്‍ മലയാളികള്‍ ആഗ്രഹിക്കുന്നില്ലെന്നു പറയാം. ഭരതന്‍റെ സിനിമകള്‍ ടെലിവിഷനില്‍ വരുമ്പോഴൊക്കെ ഗൃഹാതുരമായ മനസോടുകൂടി അവ ഏറ്റുവാങ്ങുന്നു. വൈശാലിയും അമരവും വെങ്കലവും തകരയും ചാമരവും താഴ്വാരവും സൃഷ്ടിച്ച പ്രതിഭ മനസുകളില്‍ നിന്ന് മായുന്നതെങ്ങനെ?
പെയിന്‍റിംഗുകളും ശില്പങ്ങളും തീര്‍ക്കുന്ന അതേ ഏകാഗ്രതയോടെയാണ് ഭരതന്‍ തന്‍റെ ഓരോ സിനിമകളും ഒരുക്കിയത്. ഗന്ധര്‍വ്വക്ഷേത്രത്തിന്‍റെ കലാസംവിധായകനായി സിനിമാലോകത്തെത്തിയതോടെ ആഴത്തില്‍ സൌന്ദര്യബോധമുള്ള ഒരു ചലച്ചിത്രകാരന്‍ ജനിക്കുകയായിരുന്നു. പത്മരാജന്‍റെ രചനയില്‍ പ്രയാണം എന്ന ചിത്രത്തിലൂടെ സംവിധായകനായി. സിനിമ എന്ന മാധ്യമത്തിന്‍റെ കരുത്തും വശ്യതയും സൌന്ദര്യയും ലയിപ്പിച്ച ചിത്രങ്ങളായിരുന്നു ഭരതന്‍ സൃഷ്ടിച്ചത്.
അമ്പതോളം ചിത്രങ്ങള്‍ ഭരതന്‍ സംവിധാനം ചെയ്തു. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഭരതന്‍ സ്പര്‍ശമുള്ള ചിത്രങ്ങളുണ്ടായി. കമലഹാസനും ശിവാജി ഗണേശനും തകര്‍ത്തഭിനയിച്ച തേവര്‍ മകനും, തകരയുടെ റീമേക്കായ ആവാരം പൂവുമെല്ലാം ഭരതന്‍ തമിഴകത്തിന് നല്‍കിയ ചലച്ചിത്ര കാവ്യങ്ങളാണ്.
കുഞ്ചന്‍ നമ്പ്യാര്‍ എന്ന ഇതിഹാസം എന്നും ഭരതനെ മോഹിപ്പിച്ചിരുന്നു. നമ്പ്യാരുടെ ജീവിതകഥ സിനിമയുടെ ക്യാന്‍വാസിലേക്ക് പകര്‍ത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ ആ മോഹം ബാക്കിയാക്കിയാണ് ഭരതന്‍ വിടപറഞ്ഞത്.
1998 ജൂലൈ 30നാണ് ഭരതന്‍ മരണത്തിന് ക്യാന്‍വാസ് സമര്‍പ്പിച്ച് മടങ്ങിയത്. അടിസ്ഥാനപരമായി ചിത്രകാരനായിരുന്നു വടക്കാഞ്ചേരി എങ്കക്കാട് പാലിയശ്ശേരില്‍ പരമേശ്വരന്‍ നായരുടെ മകന്‍ കെ പി ഭരതന്‍. വരകളുടെയും വര്‍ണങ്ങളുടേയും ലോകമായിരുന്നു ഭരതന്‍റേത്. അതു തന്നെയാണ് മനുഷ്യബന്ധങ്ങളുടെ ചായക്കൂട്ടുകള്‍ കൊണ്ടു സെല്ലുലോയ്ഡിന്‍റെ ക്യാന്‍വാസില്‍ ജീവിതചിത്രങ്ങള്‍ വരയ്ക്കാന്‍ ഭരതനെ പ്രേരിപ്പിച്ചതും.
1946 നവംബര്‍ 14നാണു ഭരതന്‍റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തൃശൂര്‍ കോളജ് ഓഫ് ആര്‍ട്സില്‍ നിന്നു ചിത്രം വരയില്‍ ഡിപ്ളോമ നേടി. പിതൃസഹോദരന്മാരായ സംവിധായകന്‍ പി എന്‍ മേനോന്‍റേയും കലാസംവിധയകന്‍ എസ് കെ പാലിശേരിയുടേയും സഹായത്തോടെ സിനിമാലോകത്ത് എത്തി.
പി എന്‍ മേനോന്‍റേയും എ വിന്‍സന്‍റിനേയും ചിത്രങ്ങളിലടക്കം ഒട്ടേറെ മലയാള സിനിമകള്‍ക്ക് ഭരതന്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു. ചിത്രം വരയും പോസ്റ്ററെഴുത്തുമായി കഴിയാനായിരുന്നു ഭരതനിഷ്ടം. നടന്‍ കുഞ്ചനും സുധീറുമൊത്തു ഹോട്ടല്‍ മുറി പങ്കിട്ടു താമസം. കുഞ്ചനും സുധീറുമൊക്കെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അഷ്ടിക്കു ബുദ്ധിമുട്ടില്ലാതെയായി.
തന്‍റെ ചിത്രങ്ങള്‍ക്കും മറ്റു ചിത്രങ്ങള്‍ക്കും ഭരതന്‍ ചെയ്ത പോസ്റ്ററുകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മലയാള സിനിമാപരസ്യരംഗത്തു മാറ്റങ്ങളുടെ കേളികൊട്ടായി. വൈശാലി, താഴ്വാരം, ചുരം, ചാട്ട, വെങ്കലം, സന്ധ്യ മയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, കേളി തുടങ്ങിയവയുടെ ശീര്‍ഷകങ്ങള്‍ രൂപകല്‍പ്പനയില്‍ പുതിയ വികാരവും വിചാരവും വ്യക്തമാക്കുന്നവയായിരുന്നു.
ആയിടെ തിരുവനന്തപുരത്തു ബുദ്ധിജീവികളുടെ കേദാരമായിരുന്നു ടാഗൂര്‍ തീയറ്ററിനടുത്തുള്ള നികുഞ്ജം ഹോട്ടല്‍. അവിടുത്തെ സായാഹ്ന ചര്‍ച്ചകളില്‍, അതിനിടെ തലസ്ഥാനത്തു തമ്പടിച്ച ഭരതനും പത്മരാജനും നെടുമുടിയും അരവിന്ദനുമൊക്കെ പങ്കെടുത്തു.
കമ്പോള സിനിമയുടെ വര്‍ണപ്പകിട്ടൊഴിവാക്കി ജീവിതഗന്ധികളായ കഥകള്‍, പച്ച മനുഷ്യരുടേയും പ്രകൃതിയുടേയും കഥകള്‍ വളച്ചുകെട്ടില്ലാതെ അഭ്രത്തിലാവിഷ്ക്കരിക്കാനായിരുന്നു ഭതതനിഷ്ടം. അതില്‍ സെക്സിനും, വയര്‍ലന്‍സിനും അമിതപ്രാധാന്യം നല്‍കുന്നുവെന്നു വിമര്‍ശകര്‍ ദോഷം കണ്ടെത്തി. പക്ഷേ, മറ്റുള്ളവര്‍ തൊടാന്‍ മടിച്ച വിഷയങ്ങള്‍ അസാമാന്യ കയ്യൊതുക്കത്തോടെ സധൈര്യം വെള്ളിത്തിരയിലെത്തിക്കാന്‍ ഭരതനെ കഴിഞ്ഞേ ഒരു സംവിധായകനുള്ളുവെന്ന് നിരൂപകര്‍ പോലും സമ്മതിച്ചു.