ദാമോദരന്‍ മാഷ് - അക്ഷരങ്ങളെ അഗ്‌നിയാക്കിയ എഴുത്തുകാരന്‍

രവിശങ്കരന്‍

WEBDUNIA|
PRO
പറയാനുള്ളത് ചങ്കൂറ്റത്തോടെ പറയുക. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ വിളിച്ചുപറയുക. അടിസ്ഥാന വര്‍ഗത്തിന്‍റെ ജീവിതത്തെക്കുറിച്ച് എപ്പോഴുമെപ്പോഴും ഓര്‍മ്മിപ്പിക്കുക. ടി ദാമോദരന്‍ എന്ന തിരക്കഥാകൃത്തിന്‍റെ ദൌത്യങ്ങള്‍ ഇവയൊക്കെയായിരുന്നു. മലയാള സിനിമയെ ഇളക്കിമറിച്ച, എരിവുള്ള, തീച്ചൂടുള്ള ഒട്ടേറെ കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു.

ദാമോദരന്‍ മാഷിന്‍റെ ആദ്യകാല സിനിമയായ അങ്ങാടിയില്‍ ജയന്‍ പറയുന്ന ‘വീ ആര്‍ നോട്ട് ബെഗ്ഗേഴ്സ്...’ എന്ന് തുടങ്ങുന്ന ഡയലോഗ് ഇന്നും ഹിറ്റാണ്. രോഷാകുലനായ നായകന്‍ എന്ന സങ്കല്‍പ്പത്തെ, രാഷ്ട്രീയ ചേരിതിരിവുകളെ, സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ എല്ലാം മലയാള സിനിമയില്‍ ജനകീയമായി അവതരിപ്പിച്ചത് ദാമോദരന്‍ മാഷായിരുന്നു. ഇപ്പോള്‍ രണ്‍ജി പണിക്കരും മറ്റും സ്വീകരിച്ചിരിക്കുന്ന സ്ഫോടനാത്മക ശൈലിയിലുള്ള എഴുത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. ഐ വി ശശിക്കുവേണ്ടി ദാമോദരന്‍ മാഷെഴുതിയ സിനിമകള്‍ കേരളത്തിന്‍റെ രാഷ്ട്രീയ ദിശാവ്യതിയാനങ്ങളെ വരച്ചിട്ടു.

അങ്ങാടി മുതല്‍ അവസാന ചിത്രമായ യെസ് യുവര്‍ ഓണര്‍ വരെ ടി ദാമോദരന്‍ സംസാരിച്ചത് ഈ സമൂഹത്തെക്കുറിച്ചായിരുന്നു. സമൂഹത്തിലെ അനീതികളെയും മൂല്യച്യുതികളെയും തുറന്നുകാട്ടുന്ന രചനകളായിരുന്നു മിക്കതും. മലയാളത്തില്‍ രാഷ്ട്രീയ സിനിമകളുടെ ചൂട് ഏറ്റവും തീവ്രമായി അനുഭവിപ്പിച്ച അടിമകള്‍ ഉടമകള്‍, വാര്‍ത്ത, ഈ നാട്, ആവനാഴി തുടങ്ങിയ സിനിമകള്‍ എക്കാലത്തെയും വലിയ ഹിറ്റുകളുമാണ്. ആവനാഴിയിലെ ഇന്‍സ്പെക്ടര്‍ ബല്‍‌റാം എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടന്‍റെ കരിയറില്‍ ഏറെ മുന്നേറ്റം സൃഷ്ടിച്ച ഒന്നാണ്. പിന്നീട് ഈ കഥാപാത്രത്തെ രണ്ടു സിനിമകളില്‍ ആവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. മോഹന്‍ലാലിനും വലിയ ഹിറ്റുകള്‍ നല്‍കി ദാമോദരന്‍ മാഷ്. അടിമകള്‍ ഉടമകളിലും വാര്‍ത്തയിലും ആര്യനിലുമൊക്കെ അദ്ദേഹം മോഹന്‍ലാലിന്‍റെ മികച്ച കഥാപാത്രങ്ങളുടെ ജീവിതം എഴുതി.

രാഷ്ട്രീയ സിനിമകള്‍ എഴുതുമ്പോള്‍ തന്നെ വഴിമാറിനടക്കാനും ദാമോദരന്‍ മാഷിന് ഇഷ്ടമായിരുന്നു. ഭരതന്‍റെ കാറ്റത്തെ കിളിക്കൂട്, ജി എസ് വിജയന്‍റെ ആനവാല്‍ മോതിരം, പ്രിയദര്‍ശന്‍റെ മേഘം, ഹരിദാസിന്‍റെ കാട്ടിലെ തടി തേവരുടെ ആന തുടങ്ങിയ സിനിമകള്‍ ഉദാഹരണം.

കോമഡിച്ചിത്രങ്ങളില്‍ തളച്ചിടപ്പെട്ടിരുന്ന പ്രിയദര്‍ശന്‍റെ കരിയറിനെ കാമ്പുള്ള സിനിമകളിലേക്ക് വഴിതിരിച്ചുവിട്ടത് ടി ദാമോദരന്‍റെ രചനകളായിരുന്നു. ആര്യന്‍, അഭിമന്യു, അദ്വൈതം എന്നീ സിനിമകളിലൂടെ പുതിയ ഒരു പ്രിയദര്‍ശനെ ദാമോദരന്‍ മാഷ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു.

രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ സിനിമകള്‍ കൂടാതെ ചരിത്രസിനിമകളും അദ്ദേഹത്തിന്‍റെ തൂലികയ്ക്ക് വഴങ്ങി. 1921, കാലാപാനി എന്നീ സിനിമകള്‍ മലയാളികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൂടിയാണ്.

ശ്യാമളച്ചേച്ചി, നഗരമേ നന്ദി, പാതിരാവും പകല്‍‌വെളിച്ചവും, ഓളവും തീരവും, കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ തുടങ്ങിയ സിനിമകളില്‍ ടി ദാമോദരന്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :