എഴുതിത്തള്ളേണ്ട, തിരിച്ചുവരും ആ ഷാജികൈലാസ് കാലം!

റിഷിദേബ് ഗസല്‍

PRO
ശിവശങ്കരന്‍ എന്നായിരുന്നു ഷാജി കൈലാസിന്‍റെ യഥാര്‍ത്ഥ പേര്. ഷാജി എന്നത് വിളിപ്പേരും. കൈലാസം എന്നത് അദ്ദേഹത്തിന്‍റെ വീട്ടുപേരായിരുന്നു. സിനിമാരംഗത്തെത്തിയപ്പോള്‍ ശിവശങ്കരന്‍ എന്ന പേരുമാറ്റി ഷാജി കൈലാസ് എന്ന സൂപ്പര്‍ പേര് സമ്മാനിച്ചത് സംവിധായകനായ ബാലു കിരിയത്ത് ആയിരുന്നു.

ഷാജി കൈലാസ് ഒരു ചിത്രകാരനായിരുന്നു. ഷാജിയുടെ ചിത്രകലയിലുള്ള പ്രാവീണ്യം അറിയുന്നവരൊക്കെ അദ്ദേഹം ഭരതനെപ്പോലെ ദൃശ്യമികവുള്ള സിനിമകളൊരുക്കുന്ന സംവിധായകനാകുമെന്ന് വിശ്വസിച്ചു. എന്നാല്‍ സിനിമയിലെത്തിപ്പെട്ടപ്പോള്‍ തന്‍റെ മേഖല ആക്ഷന്‍ ത്രില്ലറുകളാണെന്ന് ഷാജി തീരുമാനിച്ചു. 1989ല്‍ സുരേഷ്ഗോപിയെ നായകനാക്കിയാണ് ഷാജി ആദ്യ ചിത്രം ഒരുക്കിയത്. ‘ന്യൂസ്’ എന്ന ആ സിനിമ ഷാജിയുടെ കുറ്റാന്വേഷണ സിനിമകളുടെ ആദ്യ ബ്രാഞ്ച് ഓഫീസ് ആയിരുന്നു.

നടന്‍ ജഗദീഷിന്‍റെ തിരക്കഥയിലാണ് ‘ന്യൂസ്’ ഒരുക്കിയത്. അതൊരു വലിയ ഹിറ്റ് ആയിരുന്നില്ല. എന്നാല്‍ 24കാരനായ ആ സംവിധായകനെ സിനിമാലോകം ശ്രദ്ധിച്ചു. അയാളില്‍ ഒരു ഫയറുണ്ടെന്ന് തിരിച്ചറിഞ്ഞു. പക്ഷേ ഷാജിയുടെ രണ്ടാം ചിത്രം ഏവരെയും നിരാശപ്പെടുത്തി - ‘സണ്‍‌ഡേ 7 പി എം’. ത്രില്ലര്‍ തന്നെയായിരുന്നു എങ്കിലും ബോക്സോഫീസില്‍ കനത്ത പരാജയമായിരുന്നു ആ സിനിമ.

ആദ്യ രണ്ട് ആക്ഷന്‍ സിനിമകളും പ്രതീക്ഷിച്ചതുപോലെ വിജയം നേടാതായതോടെ ‘ഇത് തന്‍റെ കളമല്ല’ എന്ന് ഷാജി കരുതി. അതുകൊണ്ടുതന്നെയാണ് കോമഡിയില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. പത്രപ്രവര്‍ത്തകനായ രണ്‍ജി പണിക്കര്‍ എന്നൊരു സുഹൃത്തിന്‍റെ രചനയിലായിരുന്നു ചിത്രം പ്ലാന്‍ ചെയ്തത്. ‘ഡോക്ടര്‍ പശുപതി’ എന്ന് സിനിമയ്ക്ക് പേരിട്ടു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഡോക്ടര്‍ പശുപതി മാറി. ഷാജി അതോടെ ഉറപ്പിച്ചു, തന്‍റെ ഇടം കോമഡി സിനിമ തന്നെ. (രണ്‍ജി പണിക്കര്‍ എന്ന എഴുത്തുകാരന്‍ ഭാവിയില്‍ തനിക്കുവേണ്ടി ആക്ഷന്‍ തിരക്കഥകള്‍ എഴുതുമെന്നും അവയൊക്കെ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുമെന്നും ഷാജി സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല).

ഡോക്ടര്‍ പശുപതി നല്‍കിയ ഊര്‍ജത്തില്‍ നിന്നാണ് സൌഹൃദം, കിലുക്കാം‌പെട്ടി, നീലക്കുറുക്കന്‍ എന്നീ സിനിമകള്‍ ഷാജി കൈലാസ് സംവിധാനം ചെയ്തത്. എന്നാല്‍ നീലക്കുറുക്കന്‍ ശരാശരി വിജയം നേടി എന്നതൊഴിച്ചാല്‍ ബോക്സോഫീസില്‍ ഈ സിനിമകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. സിനിമാലോകം ഷാജിയെ എഴുതിത്തള്ളി. ഷാജിക്ക് ഇനിയൊരു മടങ്ങിവരവ് അസാധ്യമെന്ന് ഏവരും വിശ്വസിച്ചു.

തലയും മനസും നിറയെ നിരാശ നിറച്ച് ഷാജി കൈലാസ് ഒരു ഹിറ്റിനുവേണ്ടി ദാഹിച്ചു. അങ്ങനെയിരിക്കെ, സുഹൃത്ത് രണ്‍ജി പണിക്കരുമായി പലകാര്യങ്ങള്‍ സംസാരിച്ചിരുന്ന ഒരു ദിവസം. മുന്നില്‍ കിടന്ന ഒരു മാഗസിന്‍ ചൂണ്ടിക്കാട്ടി ഷാജി കൈലാസ് രണ്‍ജിയോടു ചോദിച്ചു - “ഈ കവര്‍ ചിത്രത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കാന്‍ കഴിയുമോ?”. മണ്ഡല്‍ കമ്മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ സ്വയം തീ കൊളുത്തി, കത്തിയെരിയുന്ന രാജീവ് ഗോസ്വാമി എന്ന വിദ്യാര്‍ത്ഥിയുടെ ചിത്രമായിരുന്നു അത്. രണ്‍ജിയുടെ ചിന്തയില്‍ ഒരു സിനിമയുണ്ടായി - തലസ്ഥാനം!

ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ പടയോട്ടം ആ ചിത്രത്തോടെ തുടങ്ങുന്നു. മലയാള സിനിമാലോകത്തെ ഇളക്കിമറിച്ച വിജയമാണ് തലസ്ഥാനം സ്വന്തമാക്കിയത്. വിജയകുമാര്‍ എന്ന പയ്യന്‍ തനിക്ക് നടനാകാന്‍ വേണ്ടി നിര്‍മ്മിച്ച ചിത്രമായിരുന്നു തലസ്ഥാനം. സുരേഷ്ഗോപി സൂപ്പര്‍താരപദവിയിലേക്ക് നടന്നടുത്ത ചിത്രം. ‘ജി പി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നരേന്ദ്രപ്രസാദ് എന്ന നടന്‍ പ്രേക്ഷകമനസില്‍ പടര്‍ന്നുകയറിയ സിനിമ. തലസ്ഥാനത്തിന്‍റെ മഹാവിജയത്തോടെ ഷാജി ഒരുകാര്യം തീരുമാനിച്ചു - ഇനി മറ്റ് കാറ്റഗറികളിലേക്കില്ല. ആക്ഷന്‍ ത്രില്ലറുകള്‍ തന്നെയാണ് തന്‍റെ ലോകം!

WEBDUNIA|
അടുത്ത പേജില്‍ - മാധവന്‍റെയും ഭരത്ചന്ദ്രന്‍റെയും വരവ്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :