വിട്ടുപിരിഞ്ഞത് സമാന്തര സിനിമയിലെ ഒറ്റയാന്‍

കണ്ണൂര്‍| VISHNU.NL| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (11:55 IST)
സിനിമാ മേഖലയില്‍ മറ്റാരും നടക്കാന്‍ മടിക്കുന്ന മേഖലയിലൂടെ നടന്ന ഒറ്റയാന്‍. അതായിരുന്നു സിനിമാ ലോകത്തിന് മധു കൈതപ്രം എന്ന സംവിധായകന്‍. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍. സമാ‍ന്തര സിനിമകളെ ജനപ്രിയമാക്കിയ കലാകാരന്‍. കച്ചവട സിനിമളേപ്പൊലെ സമാന്തര സിനിമകളേയും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മധു കൈതപ്രം നടത്തിയ ഇടപെടലുകള്‍ സിനിമാ മേഖലയില്‍ വിജയത്തിലേക്ക് അടുക്കുന്നതിനിടേയാണ് സിനിമയിലെ ആ തിരുത്തല്‍ ശബ്ദം നമ്മേ വിട്ടുപിരിഞ്ഞത്.

ഇന്ത്യയിലും പുറത്തും നടക്കുന്ന ചലച്ചിത്രോത്സവങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ആസ്വാദകന്‍ കൂടിയായിരുന്നു മധു കൈതപ്രം. പരന്ന വായനയും കഥപറയാന്‍ വികസിപ്പിച്ചെടുത്ത സ്വന്തമായ ശൈലിയിലുള്ള ഭാഷയും അദ്ദേഹത്തെ യുവസംവിധായകരില്‍ നിന്ന് വ്യത്യസ്തനാക്കി. ടി.വി ചന്ദ്രന്‍, കെ.എസ് സേതുമാധവന്‍, ചേരന്‍, ജയരാജ് എന്നിവരുമായി ആത്മബന്ധം നിലനിറുത്തിയ സംവിധായകനായിരുന്നു അദ്ദേഹം.

കൈതപ്രത്തെ വലിയ കമ്പ്രത്ത് വീട്ടില്‍ പരേതനായ കുഞ്ഞിരാമപൊതുവാളിന്റെയും നാരായണിയമ്മയുടെയും മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു മധു. മാതമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലും പയ്യന്നൂര്‍ കോളേജിലുമായി പഠനം. ഏറെനാളായി പയ്യന്നൂര്‍ കേളോത്ത് താമസിച്ചിരുന്ന മധു രണ്ടുമാസം മുമ്പാണ് അന്നൂര്‍ ശാന്തി ഗ്രാമത്തില്‍ താമസമാരംഭിച്ചത്. മലയാള ചലച്ചിത്രലോകത്ത് വടക്കന്‍ കേരളത്തില്‍ നിന്നുമെത്തി സ്വന്തമായി ഒരു സ്ഥാനമുറപ്പിച്ച സംവിധായകനാണ് മധുകൈതപ്രം.

തന്റെ സിനിമകളില്‍ മനുഷ്യന്റെ സാധാരണ വികാര വിക്ഷോഭങ്ങളിലേക്ക് കാമറ തിരിച്ചു പിടിച്ച നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് മധു കൈതപ്രം.
ജീവിതത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളെ പച്ചയായി തുറന്നു കാണിച്ച അദ്ധേഹത്തിന്റെ ചിത്രങ്ങള്‍ അധികമില്ലെങ്കിലും എന്നും മലയാള സിനിമയില്‍ മാത്തിന്റെ ശബ്ദമായി നിലകൊള്ളുമെന്ന് ഉറപ്പ്. ഗ്രാമീണ കേരളത്തിന്റെ പച്ചപ്പും ഈര്‍പ്പവും സിനിമയുടെ കാനവാസില്‍ ചിത്രീകരിക്കുന്നതില്‍ മറ്റാരേക്കാളും വിജയിച്ച സംവിധായകനെന്ന് സിനിമാചരിത്രം ഇനി മധു കൈതപ്രത്തിനെ ഓര്‍ക്കും.

കോളേജ് പഠനകാലത്താണ് സിനിമയുമായി മധു കൈതപ്രം അടുപ്പം പുലര്‍ത്തുന്നത്. പയ്യന്നൂര്‍ സര്‍ഗ സൊസൈറ്റി സിനിമയുടെ അകവും പുറവും കാണിച്ചു കൊടുത്തു. സഹസംവിധായകനായി ജോലി ചെയ്യുന്ന കാലം ഇടവേളകളില്‍ മാര്‍ക്കറ്റിംഗ് ജോലികള്‍ ചെയ്തിരുന്നു. ഇതിനിടെയിലാണ് സിനിമയാണ് തന്റെ ലോകമെന്ന് മധു തിരിച്ചറിഞ്ഞത്. മലയാള ചലച്ചിത്രലോകത്ത് തെയ്യത്തിന്റെ ദൃശ്യാവിഷ്കരണത്തിലൂടെ വിജയംകൊയ്ത ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിന്റെ സഹസംവിധായകന്‍ മധു കൈതപ്രമായിരുന്നു.

2006ല്‍ ഏകാന്തം എന്ന സിനിമയില്‍ ജീവിതാന്ത്യം കാത്തിരിക്കുന്ന വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍
കാമറക്കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുത്ത് പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ച് സിനിമയില്‍ പുതിയൊരു പാത മധു സ്വയം വെട്ടിത്തെളിച്ചെടുത്തു. തിലകനും മുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏകാന്തം മരണത്തെ കാത്തിരിക്കുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷങ്ങളാല്‍ മുഖരിതമായിരുന്നു. ജീവിതം, മരണം എന്നീ സമസ്യകളില്‍പെട്ട് ഉഴറുന്ന ജീവിതത്തിന്റെ നീറ്റല്‍ ഏകാന്തത്തില്‍ മധു ഭംഗിയായി ആവിഷ്കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും ഏകാന്തം നേടി.

ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ആലോചനയില്‍ നിന്നാണ് 'ഏകാന്ത'ത്തിന് തുടക്കമായതെന്ന് ഒരിക്കല്‍ മധു പറഞ്ഞു.
നമ്മള്‍ ജോലിതിരക്കില്‍ നിന്നെല്ലാംവിട്ടുനില്‍ക്കുന്ന ഒരുകാലമുണ്ട്. എല്ലാ മനുഷ്യരും അങ്ങനെയാണ്. അതു സത്യം പറഞ്ഞാല്‍ കാത്തിരിപ്പാണ് മരണത്തെ കാത്തിരിക്കല്‍ - ഏകാന്തത്തിന് നവാഗതസംവിധായകനുള്ള പുരസ്കാരം ഏകാന്തം നേടിയതിനു ശേഷം മധു കൈതപ്രം സിനിമയെകുറിച്ച് പറഞ്ഞ വാക്കുകളാണിത്.

2011ല്‍ ദിലീപും പ്രിയങ്കയും അഭിനയിച്ച ‘ഒരാള്‍മാത്രം‘ മകനെ വേര്‍പിരിയേണ്ടിവരുന്ന ഒരു ദമ്പതികളുടെ കഥപറഞ്ഞ് ശ്രദ്ധേയമായി. മനോജ് കെ. ജയന്‍, ശ്വേതമേനോന്‍ എന്നിവര്‍ അഭിനയിച്ച 'മധ്യവേനലും" ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സി.വി ബാലകൃഷ്ണന്റെ തിരക്കഥയിലാണ് 'ഒരാള്‍ മാത്രം" പിറവിയെടുത്തത്. ദൃശ്യമാധ്യമരംഗത്ത് തിളങ്ങി നിന്ന ജോണ്‍ബ്രിട്ടാസിനെ നായകനാക്കി 'വെളളിവെളിച്ചത്തില്‍" എന്ന ചിത്രം വേറിട്ട പരീക്ഷണമായിരുന്നുവെങ്കിലും ഗള്‍ഫില്‍ പൂര്‍ണമായും ചിത്രീകരിച്ച ചിത്രം വേണ്ടത്ര ജനങ്ങളിലെത്തിയില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :