കടുത്ത ക്ഷീണം, ഉറക്കം താളം തെറ്റി; പൃഥ്വിരാജ് ആടുജീവിതത്തിനായി കുറയ്‌ക്കുന്നത് 30 കിലോ; ഇങ്ങനെ ചെയ്യണമെന്ന് ആരെയും ഉപദേശിക്കില്ലെന്ന് പൃഥ്വി !

പൃഥ്വിരാജ്, ആടുജീവിതം, ബ്ലെസി, ബെന്യാമിന്‍, എ ആര്‍ റഹ്‌മാന്‍, Prithviraj, Aadujeevitham, Blessy, Benyamin, A R Rahman
ഗേളി ഇമ്മാനുവല്‍| Last Modified ശനി, 22 ഫെബ്രുവരി 2020 (20:31 IST)
ആടുജീവിതം എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിനായി ശരീരഭാരം 30 കിലോ കുറയ്ക്കുകയാണ് പൃഥ്വിരാജ്. സിനിമയില്‍ നിന്ന് മൂന്നുമാസമായി മാറിനില്‍ക്കുന്ന പൃഥ്വി കടുത്ത പരിശീലനത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് വളരെ സാഹസികമായ കാര്യമാണെന്നും, ഈ രീതിയില്‍ ശരീരഭാരം കുറയ്ക്കണമെന്ന് താന്‍ ആരെയും ഉപദേശിക്കില്ലെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

അപ്പോത്തിക്കരിയ്ക്കായി ജയസൂര്യ ശരീരഭാരം കുറച്ചതാണ് ഇതിനുമുമ്പ് മലയാള സിനിമ കണ്ട വലിയ ഒരു പരീക്ഷണം. എന്നാല്‍ 30 കിലോയിലധികം ശരീരഭാരം കുറയ്ക്കുന്ന ഒരു ശ്രമം മലയാളത്തില്‍ ഇതാദ്യമായാണ് എല്ലാവരും കാണുന്നത്. മണിക്കൂറുകളോളം നീളുന്ന ഉപവാസവും കടുത്ത വര്‍ക്കൌട്ടുകളും പരിശീലനവുമൊക്കെയാണ് ആടുജീവിതത്തിലെ നായകന്‍റെ ലുക്കിനായി പൃഥ്വി പരീക്ഷിക്കുന്നത്.

ഒരു ഡയറ്റീഷ്യന്‍റെയും ന്യൂട്രീഷനിസ്റ്റിന്‍റെയും ട്രെയിനറുടെയും സഹായത്തോടെയാണ് പൃഥ്വിരാജ് ഈ പ്രോസസിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. തനിക്ക് വലിയ ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും ഉറക്കം താളം തെറ്റിയെന്നും പൃഥ്വി പറയുന്നു. ഒരാള്‍ക്കും താന്‍ ഇത്തരം കാര്യങ്ങള്‍ ഉപദേശിക്കില്ലെന്നും താരം വ്യക്തമാക്കുന്നു.

മാത്രമല്ല, ഇതിനോടകം തന്നെ നെഞ്ചിന് താഴെ വരെയെത്തുന്ന താടിയും പൃഥ്വി വളര്‍ത്തിക്കഴിഞ്ഞു. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്ക‍ായുള്ള ഈ ശ്രമങ്ങള്‍ ബെന്യാമിന്‍റെ ആടുജീവിതത്തോട് നീതിപുലര്‍ത്താന്‍ വേണ്ടിയാണ്. ബ്ലെസി ഈ സിനിമ തന്‍റെ മാസ്റ്റര്‍പീസാക്കാനുള്ള ശ്രമത്തിലാണ്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

മൊറോക്കോയിലാണ് ആടുജീവിതത്തിന്‍റെ അടുത്ത ഷെഡ്യൂള്‍. ഈ വര്‍ഷം സെപ്‌റ്റംബറോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :