കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 22 നവംബര്‍ 2022 (14:31 IST)
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മോഹന്‍ ജോസ്.പ്രശസ്ത ഗായകന്‍ പപ്പുകുട്ടി ഭാഗവതറിന്റെ മകന്‍ കൂടിയായ അദ്ദേഹം സിനിമ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ്.രാജാവിന്റെ മകന്റെ ചിത്രീകരണ സമയത്ത് സുരേഷ് ഗോപിയുമായി ഒരുമിച്ച് താമസിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍.
മോഹന്‍ ജോസിന്റെ വാക്കുകളിലേക്ക്
'രാജാവിന്റെ മകന്റെ' ചിത്രീകരണ സമയം. ആദ്യാവസാനം, ഏകദേശം ഒരു മാസത്തോളം സുരേഷ്‌ഗോപിയുമായി കലൂര്‍ 'കല്‍പ്പകാ ടൂറിസ്‌റ് കോംപ്ലക്‌സില്‍ (ഇന്നത്തെ PVS ഹോസ്പിറ്റല്‍) ഒരേ റൂമില്‍ ഒരുമിച്ചു കഴിഞ്ഞ നാളുകള്‍, പതിറ്റാണ്ടുകള്‍ക്കു ശേഷവും ഹരിതാഭവര്‍ണ്ണമായി മായാതെ നില്ക്കുന്നു. എന്നെ ആകര്‍ഷിച്ച സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ശുചിത്വത്തിലുള്ള നിഷ്‌ക്കര്‍ഷതയായിരുന്നു. വൃത്തിയും ആകര്‍ഷണീയവുമായ വസ്ത്രധാരണം, സമയം കിട്ടിയാല്‍ മൂന്നുനേരവും വിസതരിച്ചുള്ള സ്‌നാനം, ശബ്ദമുയര്‍ത്താതെയുള്ള സംഭാഷണം എന്നത്യാദി ഗുണങ്ങളാല്‍ പ്രശോഭിതന്‍. അന്നേ ആര്‍ദ്രഹൃദയനും ധനവ്യയത്തില്‍ ഉദാരനുമായിരുന്നു. ഇന്നും ആ സ്വഭാവവിശേഷങ്ങള്‍ അതേപടി തുടരുന്നത് ശ്രേഷ്ഠം, ശ്രേയസ്‌ക്കരം എന്നുതന്നെ പറയാം!
ബോംബെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹന്‍ ജോസ് വില്ലന്‍ വേഷങ്ങള്‍ അഭിനയിച്ചു കൊണ്ടാണ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.രാജവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ന്യൂഡല്‍ഹി, നായര്‍ സാബ്, അയ് ഓട്ടോ, ലേലം , ക്രൈം ഫയല്‍, ബ്ലാക്ക്, നേരറിയാന്‍ സി.ബി.ഐ., രൗദ്രം, ക്രേസി ഗോപാലന്‍ തുടങ്ങി നീളുന്നു അദ്ദേഹം അഭിനയിച്ച സിനിമകള്‍.