മമ്മൂട്ടി - മലയാളികളുടെ ഹൃദയം ഭരിക്കുന്ന രാജാവ്

Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (17:56 IST)
മമ്മൂട്ടി ഒറ്റയാനാണ്. വിജയത്തിന്‍റെ പടവുകള്‍ ആരുടെയും സഹായമില്ലാതെ ചവിട്ടിക്കയറിയ ഒറ്റയാന്‍. എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്ത് മുന്നേറിയ കരുത്തന്‍. ആരുണ്ട് നേര്‍ക്ക് നിന്ന് ചോദിക്കാന്‍? ആരുണ്ട് ആ കുതിപ്പിന് തടയിടാന്‍? ഇത് ജീവിതം എന്ന മഹാസമസ്യയെ പോരാട്ടത്തിലൂടെ കീഴടക്കിയ വ്യക്തിയുടെ ജൈത്രയാത്രയാണ്. ആ മഹായാനത്തിന് 48 വര്‍ഷം തികഞ്ഞിരിക്കുന്നു. സിനിമയെ കഴിഞ്ഞ 48 വര്‍ഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടന്‍റെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം പ്രവേശിക്കുന്നത്.

48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവലോകം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ മമ്മൂട്ടിയില്‍ നിന്ന് ഇന്നത്തെ മമ്മൂട്ടിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ഒരു മനുഷ്യന് നാല് പതിറ്റാണ്ടുകള്‍കൊണ്ട് നേടാന്‍ കഴിയുന്നതിന്‍റെ പരമാവധി നേട്ടങ്ങള്‍ സ്വന്തമാക്കി അദ്ദേഹം. ഇന്ത്യയിലെ മികച്ച നടന്‍‌മാര്‍ ആരൊക്കെ എന്നു ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുള്ളയാള്‍. എന്നാല്‍ മമ്മൂട്ടി സ്വയം വിലയിരുത്തുന്നത് താന്‍ ഒരു Born Actor അല്ല എന്നാണ്. അതായത്, കഠിനാദ്ധ്വാനത്തിലൂടെ സ്വായത്തമാക്കിയ അഭിനയത്തികവാണ് കഴിഞ്ഞ ഈ തിളങ്ങിനില്‍ക്കുന്നത്.

വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍. ഒരുകാലത്ത്(മമ്മൂട്ടി - കുട്ടി - പെട്ടി സമവാക്യത്തിന്‍റെ ധാരാളിത്തമുണ്ടായ ആ കാലം തന്നെ) മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടായി. ‘ഈ മനുഷ്യന്‍ മലയാള സിനിമയ്ക്ക് ദോഷം ചെയ്യു’മെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന കാലം. ഒരൊറ്റ കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ നാവടച്ചു മമ്മൂട്ടി. ആ കഥാപാത്രത്തിന്‍റെ പേര് ജി കെ എന്നാണ്. ജി കൃഷ്ണമൂര്‍ത്തി! ന്യൂഡല്‍ഹിയിലെ ജി കെ ഇന്നും ആണത്തത്തിന്‍റെ പ്രതീകമാണ്.

ന്യൂഡല്‍ഹിക്ക് ശേഷം മമ്മൂട്ടിക്ക് ഉയര്‍ച്ചകളുടെ സമയമായിരുന്നു. മോഹന്‍ലാല്‍ വന്നപ്പോള്‍ മമ്മൂട്ടി വീഴുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തന്‍റെ ആവര്‍ത്തിച്ചുള്ള വിജയങ്ങളിലൂടെയായിരുന്നു മറുപടി. അത് ബോക്സോഫീസില്‍ മാത്രമായിരുന്നില്ല. പൊന്തന്‍‌മാട, വിധേയന്‍, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, അമരം എന്നിങ്ങനെ വ്യത്യസ്തമായ സൃഷ്ടികളില്‍ തന്‍റെ ശക്തമായ സാന്നിധ്യം ജ്വലിപ്പിച്ചു നിര്‍ത്തി.

ഓരോകാലത്തും തന്‍റെ അഭിനയത്തില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ തിരുത്തിയാണ് മമ്മൂട്ടി കടന്നു പോന്നിട്ടുള്ളത്. ഡാന്‍സ് അറിയില്ലെന്നായിരുന്നു ഒരു കടുത്ത വിമര്‍ശനം. ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള ഡാന്‍സ് രംഗത്ത് മമ്മൂട്ടി ഏറ്റുവാങ്ങിയ കൂവലിന് കണക്കില്ലായിരുന്നു. ആ കുറവ് ഏതാണ്ടൊരു പരിധി വരെ പരിഹരിച്ചിരിക്കുന്നു. ഇന്ന് മമ്മൂട്ടി ഡാന്‍സ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ ഒപ്പം ചുവടുവയ്ക്കുന്നു. ആ പരിമിതിയെ മറികടന്നു എന്നല്ല, മറികടക്കാനുള്ള തീവ്രമായ ശ്രമം നടത്തുകയായിരുന്നു എന്ന് മമ്മൂട്ടി തന്നെ പറയുന്നു. വിജയിച്ചുവോ ഇല്ലയോ എന്ന് കാഴ്ചക്കാര്‍ വിലയിരുത്തട്ടെ.

കോമഡി വഴങ്ങില്ല എന്നായിരുന്നു മറ്റൊരു ആരോപണം. അടുത്തകാലത്ത് റെക്കോര്‍ഡു വിജയങ്ങള്‍ നേടിയിട്ടുള്ള മമ്മൂട്ടിച്ചിത്രങ്ങളില്‍ മിക്കതും കോമഡിച്ചിത്രങ്ങളാണെന്നതാണ് അതിനുള്ള മറുപടി. ജില്ലാ കളക്ടര്‍ ജോസഫ് അലക്സിന്‍റെ ശരീര ഭാഷ മമ്മൂട്ടിക്ക് എളുപ്പം വഴങ്ങും. എന്നാല്‍ നിരക്ഷരകുക്ഷിയായ പോത്തുകച്ചവടക്കാരന്‍ രാജമാണിക്യമായുള്ള പകര്‍ന്നാട്ടത്തിലൂടെ പുതിയൊരു അഭിനയ രീതി കാഴ്ചവയ്ക്കാനും അത് ഒരു തരംഗമാക്കി മാറ്റാനും മമ്മൂട്ടിക്ക് കഴിഞ്ഞു.

ധാര്‍ഷ്ട്യം, കൂസലില്ലായ്മ, താന്‍പോരിമ... മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിനുണ്ട് എന്നാരോപിക്കപ്പെടുന്ന ചില സ്വഭാവ സവിശേഷതകളെക്കുറിച്ചാണ് ആരുടെയും മനസ്സില്‍ ആദ്യം എത്തുക. പുറത്തുനിന്ന് വീക്ഷിക്കുന്നവര്‍ക്ക് പെട്ടെന്ന് കണ്ടെത്താനാവാത്ത ഒരു പ്രഹേളികയാണ് മമ്മൂട്ടി. എന്നാല്‍ ഇത് അഹങ്കാരമല്ലെന്നും അഹങ്കാരം എന്ന് മറ്റുള്ളവര്‍ക്ക് തോന്നത്തക്കവിധത്തിലുള്ള ആത്മവിശ്വാസമാണെന്നും മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയില്‍ ഒരു മുന്‍കോപക്കാരന്‍റെ മുഖംമൂടിക്കപ്പുറത്തേക്ക് ഒരിക്കലെങ്കിലും കടക്കാനായവര്‍ക്ക് സ്നേഹവും സൗഹൃദവും മനം നിറയെ തരുന്ന ഒരു മഹാനായ കലാകാരനെ ദര്‍ശിക്കാം. ഈ ദ്വന്ദഭാവമാണ് അഭിനയത്തിലെ വൈവിധ്യത്തിനായും അദ്ദേഹം സ്വീകരിക്കുന്നത്.

രാപ്പകല്‍, കാഴ്ച, വാല്‍സല്യം, അരയന്നങ്ങളുടെ വീട്, അമരം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലെ സ്നേഹനിധിയായ സാധാരണക്കാരന്‍ നമ്മളിലൊരാളാണ്. ബ്ളാക്കിലേയും, ദി കിംഗിലെയും, ഹിറ്റ്ലറിലെയും, വല്യേട്ടനിലെയും, ഇന്‍സ്പെക്ടര്‍ ബല്‍റാമിലെയും രാക്ഷസരാജാവിലെയും ചൂടന്‍ കഥാപാത്രങ്ങളെ നാം ജീവിതത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവയുമാണ്.

പടയോട്ടത്തില്‍ മോഹന്‍ലാലിന്‍റെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പിന്നീടൊരിക്കല്‍ മമ്മൂട്ടി പറഞ്ഞു - ''മോഹന്‍ലാലിന്‍റെ അച്ഛനായി ഞാന്‍ ഇനിയും അഭിനയിക്കാം. പക്ഷേ, എന്‍റെ കഥാപാത്രത്തിനായിരിക്കണം പ്രാധാന്യം''. ഇത് ധാര്‍ഷ്ട്യമല്ല. വ്യത്യസ്തതയും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രങ്ങള്‍ക്കായുള്ള ഒരു നടന്‍റെ തപസ്സാണ്.

സാധാരണക്കാരനായ മലയാളിയുടെ സ്വത്വവുമായി തദാത്മ്യം പ്രാപിക്കാന്‍ മമ്മൂട്ടിയ്ക്കു കഴിഞ്ഞിട്ടുണ്ട്. രാപ്പകലിലെ കുന്തിച്ചിരുന്ന് ചക്ക വെട്ടുന്ന കൃഷണനുണ്ണിയും, യവനികയിലെ ഭാര്യയെ വിശ്വാസത്തിലെടുത്ത് കേസന്വേഷണം നടത്തുന്ന ഇന്‍സ്പെക്ടറും, ഹിറ്റ്ലറിലെ പെങ്ങന്മാരെ പഞ്ചാരയടിക്കാന്‍ വരുന്ന പൂവാലന്മാരെ തുരത്തുന്ന മാധവന്‍കുട്ടിയും, വാത്സല്യത്തിലെ കൃഷിക്കാരനും എല്ലാം മലയാളിക്ക് ആത്മാംശം കണ്ടെത്താനാവും വിധം ഹൃദ്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് മമ്മൂട്ടിയുടെ വിജയം.

മമ്മൂട്ടിയെ ഷൂട്ടിംഗ് സെറ്റുകളിലെ തിരക്കില്‍ നിന്നൊഴിഞ്ഞ വിശ്രമവേളകളില്‍ ഒന്നു സൂക്ഷിച്ചു നോക്കൂ. ആ മുഖത്ത് രാപ്പകലിലെ കൃഷ്ണനുണ്ണിയും, കാഴ്ചയിലെ മാധവനും, ഹിറ്റ്ലറിലെ മാധവന്‍കുട്ടിയും, മതിലുകളിലെ ബഷീറും, തനിയാവര്‍ത്തനത്തിലെ ബാലഗോപാലന്‍ മാഷും, മഹായാനത്തിലെ ചന്ദ്രുവും, പാഥേയത്തിലെ ചന്ദ്രദാസുമൊക്കെ മിന്നിമറയുന്നതു കാണാം.

അതെ, അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മമ്മൂട്ടിയുടെ കൂടെയുണ്ട്. ഇനി അവതരിപ്പിക്കാനുള്ളവ ആ മനസ്സിന്‍റെ ആഴത്തിലെവിടെയോ മയക്കത്തിലുമാണ്. ഈ ഒറ്റയാന്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മലയാളി ഉറച്ചു വിശ്വസിക്കുന്നു. കാരണം, സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയുംകാള്‍ മമ്മൂട്ടി എന്ന മനുഷ്യനാണ് ഓരോ മലയാളികളുടെയും ഹൃദയം ഭരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :