Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (15:26 IST)
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന സി ബി ഐ സീരീസിന്റെ അഞ്ചാം ഭാഗം ഉടൻ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അഞ്ചാം ഭാഗം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ സംഭവിക്കുമെന്നാണ് റിപ്പോർട്ട്.
കെ മധുവും എസ് എൻ സ്വാമിയും ഇതിനായുള്ള മുന്നൊരുക്കത്തിലാണിപ്പോൾ. മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി എന്നിവരും ഈ സീരിസിന്റെ ഭാഗമാണ്. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് കാർ അപകടത്തിൽ ശരീരം തളർന്നു പോയ ജഗതി ഇപ്പോൾ ഒരുക്കാൻ പോകുന്ന സി ബി ഐ അഞ്ചാം ഭാഗത്തിൽ ഉണ്ടാവുമോ എന്ന സംശയത്തിൽ ആണ് പ്രേക്ഷകർ.
പതുക്കെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്ന ജഗതി അഞ്ചാം ഭാഗത്തിൽ ഉണ്ടാവും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ജഗതി ഇല്ലാതെ സി ബി ഐ സിനിമ എങ്ങനെ പൂർണമാകുമെന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്.
ജഗതി അഞ്ചാം ഭാഗത്തിലും ഉണ്ടാകും എന്ന് അദ്ദേഹത്തിന്റെ മകൻ ഈ അടുത്തിടെ പറഞ്ഞിരുന്നു. ഈ അടുത്തിടെ ഒരു പരസ്യ ചിത്രത്തിലും ഒരു സിനിമയിലും ജഗതി അഭിനയിച്ചിരുന്നു. ഏതായാലും സേതുരാമയ്യറിന് ഒപ്പം തന്നെ ജഗതി ചേട്ടനേയും സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.