Last Modified ശനി, 27 ഫെബ്രുവരി 2016 (18:25 IST)
സംവിധായകന് രാജേഷ് പിള്ളയുടെ മരണവാര്‍ത്തയറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ് മലയാള സിനിമാലോകം. മഞ്ജു വാര്യര്‍ നായികയായ
വേട്ട തിയേറ്ററുകളിലെത്തിച്ച് മണിക്കൂറുകള്‍ക്കകമാണ് രാജേഷ് പിള്ളയെ മരണം വേട്ടയാടിയത്.
രാജേഷ് പിള്ളയെ അനുസ്മരിച്ചുകൊണ്ടുള്ള മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രാജേഷ്..
ഉറങ്ങിക്കോളൂ.. അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമയ്ക്ക് വേണ്ടി നിങ്ങള്‍. എല്ലാ കൈക്കുറ്റപ്പാടുകളും തീര്‍ത്ത്, വിറയ്ക്കുന്ന കൈകൊണ്ട് ആദ്യകോപ്പി ഒപ്പിട്ട് വാങ്ങിയതിനുശേഷമല്ലേ ആശുപത്രിയിലേക്ക് പോയത്; ഒരു സ്രഷ്ടാവിന്റെ എല്ലാ സന്തോഷങ്ങളോടെയും തന്നെയായിരുന്നു അത്. നിങ്ങളാഗ്രഹിച്ചതുപോലെ നമ്മുടെ സിനിമ എല്ലാവര്ക്കും ഇഷ്ടപ്പെടുന്നു. 'ട്രാഫിക്കിനുശേഷം
രാജേഷ് പിള്ള വീണ്ടും' എന്ന് പ്രേക്ഷകര്‍ പറയുന്നു. ഒരുമാത്രനേരത്തേക്കെങ്കിലും കണ്ണുതുറന്നിരുന്നെങ്കില്‍ അറിയാനാകുമായിരുന്നു അതെല്ലാം. 'വേട്ട' തുടങ്ങിയപ്പോഴാണ് നിങ്ങള്‍ കണ്ണടച്ചത്. ഒറ്റസങ്കടം മാത്രം. എല്ലാം നിശ്ചയിക്കുന്ന ആ വലിയ സംവിധായകന് നിങ്ങളുടെ ഉറക്കം ഒരുദിവസത്തേക്ക് വൈകിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും സംതൃപ്തനായ മനുഷ്യനായിട്ടാകും നിങ്ങള്‍ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാകുക.
എന്നെ 'അനുജത്തീ' എന്ന് വിളിച്ചത് ഏത് മുജ്ജന്മബന്ധത്തിന്റെ പേരിലാണെന്ന് അറിയില്ല. ഒരുസിനിമയുടെ ഇടവേളയില്‍ ഒരുജീവിതകാലത്തിന്റെ സഹോദരബന്ധമാണ് നിങ്ങളെനിക്ക് നല്‍കിയത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ഐസിയുവില്‍ വച്ച് കൈകള്‍ ചേര്‍ത്ത് പിടിച്ച് നെഞ്ചത്ത് വച്ചപ്പോള്‍... ഒരു കവിള് വെള്ളം പകര്‍ന്ന് തരണമെന്ന് വാശിപിടിച്ചപ്പോള്‍...എന്റെ അനുജത്തിയെന്ന് അവിടെയുണ്ടായിരുന്നവരോടൊക്കെ പറഞ്ഞപ്പോള്‍.. ഞാനും അറിഞ്ഞു ജ്യേഷ്ഠതുല്യമായ ഒരു ബന്ധത്തിന്റെ തണുപ്പ്. അത് ഇനിയുള്ള കാലം എന്റെ കൈകളിള്‍ ബാക്കിയുണ്ടാകും.
ഇതെഴുതുന്നത് നിങ്ങളുറങ്ങുന്നതിന് അരികെവരെയെത്തി മടങ്ങിപ്പോന്നതിനുശേഷമാണ്. വയ്യ, നിങ്ങളെ കണ്ണടച്ച് കാണാന്‍. മേഘയെ കണ്ടു. ഇനി ഈ അനുജത്തിയുണ്ടെന്ന് വിശ്വസിക്കുക, മേഘയ്ക്കൊപ്പം.
രാജേഷ്...
സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ; ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും...
നിങ്ങളുടെ 'വേട്ട' അതിലും എത്രയോ ഉയരെയാണ്....