ആ കാലഘട്ടത്തില്‍ ഒരുനാള്‍ ഞാന്‍ സ്മിതയുടെ വീട്ടില്‍ തങ്ങാനിടയായി. ചെന്നൈ വടപഴനി ബസ് സ്റ്റാന്‍ഡിന്‍റെ പിന്നിലുള്ള കുമരന്‍ കോളനിയിലാണ് സ്മിത അന്ന് താമസിച്ചിരുന്നത്. സമയം അര്‍ദ്ധരാത്രി കഴിഞ്ഞുകാണും. എനിക്ക് വല്ലാത്ത വിശപ്പ്. ഞാന്‍ ഉടനെത്തന്നെ ഫ്രിഡ്ജ് തുറന്ന് എന്താണ് കഴിക്കാനുള്ളതെന്ന് തിരയാന്‍ തുടങ്ങി.
എന്തുപറ്റി ഭയങ്കര വിശപ്പാണോ എന്ന് കട്ടിലില്‍ കിടന്നുകൊണ്ട് സ്മിത ചോദിച്ചു. വിശന്നിട്ട് വയ്യെന്നുള്ള സത്യം ഞാന്‍ സ്മിതയോട് പറഞ്ഞു.
എന്നോട് ഒന്നും പറയാതെ സ്മിത കട്ടിലില്‍ നിന്നെഴുന്നേറ്റ് അടുക്കളയില്‍ പോയി. അല്‍പനേരം കൊണ്ട്, പച്ചമുളകും സബോളയും അരിഞ്ഞിട്ട് രുചികരമായൊരു ഉപ്പുമാവ് ഉണ്ടാക്കി എനിക്ക് കൊണ്ടുവന്നുതന്നു. എന്‍റെ വയറും മനസും നിറഞ്ഞ ആ രാത്രി ഞാന്‍ മറക്കുന്നതെങ്ങനെ?
ഇന്ന് സ്മിത ഇല്ല. ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കില്‍, അവളൊരു പക്ഷേ എന്‍റെ ഭാര്യയായേനെ. എന്നാല്‍ അവളെയും വിട്ട് ഞാന്‍ വേറൊരു പെണ്ണിന്‍റെയടുത്ത് പോകാതിരിക്കുമോ? ആര്‍ക്കും തൃപ്തിപ്പെടുത്താനാവാത്ത ഒരു മനോരോഗി പോലെയായിരുന്നല്ലോ അക്കാലത്ത് ഞാന്‍!
ഞാന്‍ മാത്രമല്ല. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയുള്ളവര്‍ അനേകരുണ്ട്. സമൂഹം അറിയാതെ, അവര്‍ ഞാന്‍ ചെയ്തതുപോലെയൊക്കെ ചെയ്യുന്നു. അവരോട് എനിക്ക് ഇത്രയേ പറയാനുള്ളൂ - കാമഭ്രാന്തില്‍ ഇനിയെങ്കിലും കാലം തള്ളിനീക്കാതെ, നിങ്ങള്‍ ചെയ്തുകൂട്ടിയതിന്‍റെ വ്രണങ്ങളില്‍ മരുന്നുപുരട്ടാന്‍ തുടങ്ങുക.