സംയുക്ത, അസിന്‍, നയന്‍‌താര - ഇനി നമിത !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
സത്യന്‍ അന്തിക്കാട് രാശിയുള്ള സംവിധായകനാണ്. സംവിധാനം ചെയ്യുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാകുന്നതു മാത്രമല്ല അങ്ങനെ പറയാന്‍ കാരണം. അദ്ദേഹം കൊണ്ടുവന്ന നായികമാരെല്ലാം വിജയക്കൊടി പാറിച്ചവരാണ്.

സത്യന്‍ അന്തിക്കാടിന്‍റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന മെഗാഹിറ്റിലൂടെ തുടക്കം കുറിച്ച സം‌യുക്ത വര്‍മ പിന്നീട് മലയാള സിനിമ ഭരിക്കുന്ന കാഴ്ചയാണ് കണ്ടത്. രജനീകാന്ത് നായകനായ ഒരു തമിഴ് ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ‘നോ’ പറഞ്ഞിട്ട് ബിജുമേനോന്‍റെ പത്നിയായി സിനിമാജീവിതം അവസാനിപ്പിച്ചതാണ് സംയുക്ത.

സത്യന്‍ അന്തിക്കാടിന്‍റെ ‘മനസ്സിനക്കരെ’യിലൂടെ എത്തിയ നയന്‍‌താര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായികയാണ്. ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’യിലെ നായികയായ അസിന്‍ ഇന്ന് ഹിന്ദിയില്‍ ഒന്നാം നിര നായികയായി മാറിയിരിക്കുന്നു. നൂറുകോടി ക്ലബില്‍ ഇടം നേടിയ മൂന്ന് ചിത്രങ്ങളില്‍ അസിനായിരുന്നു നായിക.

ഈ ഗണത്തിലേക്ക് വരികയാണ് നമിതാ പ്രമോദ് എന്ന കൊച്ചുസുന്ദരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നായികയാകുകയാണ് നമിത. നിവിന്‍ പോളിയാണ് നായകന്‍. മുമ്പ് ട്രാഫിക് എന്ന ചിത്രത്തില്‍ ചെറിയവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സത്യന്‍ ചിത്രത്തില്‍ അഭിനയിച്ചുവരുമ്പോള്‍ തന്നെ വലിയ ഓഫറുകള്‍ നമിതയെ തേടിയെത്തിത്തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഛായാഗ്രാഹകന്‍ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന ‘അന്നയും റസൂലും’ എന്ന ചിത്രത്തില്‍ നമിതയാണ് നായിക. ന്യൂ ജനറേഷന്‍ സിനിമകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ഫഹദ് ഫാസിലാണ് ഈ ചിത്രത്തില്‍ നമിതയ്ക്ക് നായകനാകുന്നത്.

പല പ്രമുഖ സംവിധായകരും തങ്ങളുടെ പുതിയ ചിത്രത്തിലേക്ക് നമിതയുടെ ഡേറ്റ് അന്വേഷിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :