സിനിമ വിടാന്‍ തയ്യാര്‍: സെല്‍‌വരാഘവന്‍

WEBDUNIA|
PRO
തന്‍റെ പുതിയ ചിത്രമായ ‘ആയിരത്തില്‍ ഒരുവന്‍’ ഏതെങ്കിലും ഹോളിവുഡ് സിനിമയുടെ അനുകരണമാണെന്ന് ആരെങ്കിലും തെളിയിച്ചാല്‍ സിനിമാരംഗം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് തമിഴിലെ പരീക്ഷണ ചിത്രങ്ങളുടെ സംവിധായകന്‍ സെല്‍‌വരാഘവന്‍. ആയിരത്തില്‍ ഒരുവന്‍ ചില ഹോളിവുഡ് ചിത്രങ്ങളുടെ ആശയങ്ങളില്‍ നിന്ന് കടം‌കൊണ്ടതാണെന്ന ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു സെല്‍‌വരാഘവന്‍.

തമിഴ് സിനിമയെ പുതിയ ഔന്നത്യത്തിലേക്ക് നയിക്കുന്ന ചിത്രമാണ് ആയിരത്തില്‍ ഒരുവനെന്ന് അദ്ദേഹം പറയുന്നു. “എനിക്ക് വെസ്റ്റേണ്‍ സിനിമയുടെ ആശയം മോഷ്ടിക്കേണ്ട ആവശ്യമില്ല. ആയിരത്തില്‍ ഒരുവന്‍ എന്‍റെ ഒറിജിനല്‍ ഐഡിയയാണ്. ഞങ്ങളുടെ ടീമിന്‍റെ മൂന്നു വര്‍ഷം നീണ്ട കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ് ആ ചിത്രം” - സെല്‍‌വരാഘവന്‍ പറയുന്നു.

ആയിരത്തില്‍ ഒരുവന്‍ പ്രേക്ഷകര്‍ക്ക് മനസിലാകാത്ത സിനിമയാണെന്ന പ്രചരണങ്ങളോടും സെല്‍‌വരാഘവന്‍ രൂക്ഷമായി പ്രതികരിച്ചു. ഈ സിനിമ മനസിലാക്കാനുള്ള തലത്തിലേക്ക് പ്രേക്ഷകര്‍ സ്വയം ഉയരണമെന്ന് അദ്ദേഹം പറയുന്നു.

“അവതാര്‍, ഹാരിപോട്ടര്‍ തുടങ്ങിയ ഹോളിവുഡ് ഫാന്‍റസി സിനിമകള്‍ യാതൊരു സംശയമോ ചോദ്യങ്ങളോ കൂടാതെ പ്രേക്ഷകര്‍ കാണുന്നു. എന്തുകൊണ്ട് അങ്ങനെ ഒരു സമീപനം ആയിരത്തില്‍ ഒരുവനോട് ഉണ്ടാകുന്നില്ല? എന്‍റെ സിനിമ മാത്രം എന്തുകൊണ്ടാണ് മനസിലാകാത്തതാണെന്ന് പറയുന്നത്?” - സെല്‍‌വരാഘവന്‍ ചോദിക്കുന്നു.

തുള്ളുവതോ ഇളമൈ, കാതല്‍‌കൊണ്ടേന്‍, 7ജി റെയിന്‍‌ബോ കോളനി, പുതുപ്പേട്ടൈ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സെല്‍‌വരാഘവന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :