മരുതനായകം ഉടന്‍ തുടങ്ങുമെന്ന് കമല്‍!

ചെന്നൈ| WEBDUNIA|
PRO
തന്റെ സ്വപ്ന പദ്ധതിയായ “മരുതനായകം” എന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ പുനരാരംഭിക്കുമെന്ന് തെന്നിന്ത്യന്‍ ഇതിഹാസതാരം കമലാഹാസന്‍. ചെന്നൈയില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ “സിനിമയും സാഹിത്യവും” എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല്‍. കമലും സണ്‍ പിക്ചേഴ്സും ചേര്‍ന്നായിരുന്നു ഈ സിനിമയുടെ ബാക്കിഭാഗം നിര്‍മിക്കുക എന്നാണ് അറിയുന്നത്.

കമല്‍ സംസാരിച്ചതില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ -

“എനിക്ക് ഇഷ്ടമുള്ള രണ്ട് വിഷയങ്ങളാണ് സാഹിത്യവും സിനിമയും. ഇത് രണ്ടും രണ്ട് കരകളാണെന്ന് പറയാതെ വയ്യ. ഇരുകരകള്‍ക്കും ഇടയില്‍ പാലം പണിയുന്ന ജോലിയിലാണ് ഞാനെപ്പോഴും. ഇരുകരകളില്‍ ആയതുകൊണ്ടാവണം പരസ്പരം ഇണങ്ങിക്കഴിയാന്‍ ഇരുകൂട്ടരും വൈഷമ്യം കാണിക്കുന്നത്. സിനിമയിലുള്ളവര്‍ തന്നെയാണ് സാഹിത്യമെന്ന് പറയുന്നു. സാഹിത്യരംഗത്തുള്ളവര്‍ അത് സമ്മതിച്ച് കൊടുക്കാറുമില്ല.”

“സാഹിത്യം, സിനിമ എന്ന കരകളെ ഒന്നിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. എന്നാല്‍ പരിശ്രമിച്ചാല്‍ ഇരുകരകള്‍ക്കും ഇടയില്‍ ഒരു പാലം കെട്ടാം.”

എനിക്കറിയാവുന്നത് ആകെ സിനിമ മാത്രമാണ്. എന്റെ സിനിമകള്‍ വ്യത്യസ്തങ്ങള്‍ ആണെന്ന് പലരും പറയാറുണ്ട്. അതിന്റെ ക്രെഡിറ്റ് സാഹിത്യലോകത്തിന് ഉള്ളതാണ്. തിരക്കഥയെന്ന സാഹിത്യരൂപമാണ് എന്റെ സിനിമകളെ വ്യത്യസ്തങ്ങള്‍ ആക്കുന്നത്.

“സിനിമാപ്രേമികള്‍ പുസ്തകപ്രേമികളും ആയാല്‍ വളരെ നന്ന്. ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്ന് വായന നമുക്ക് പറഞ്ഞുതരും. സിനിമാക്കാരും എഴുത്തുകാരും പറയാന്‍ ശ്രമിക്കുന്നത് വെവ്വേറെ രാഷ്ട്രീയപാഠങ്ങളാണ്. രണ്ടിനും തമ്മില്‍ ബന്ധമില്ല. എന്നാല്‍ ഞാന്‍ പറയട്ടെ, ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്നതുവരെ, സിനിമയ്ക്ക് നാവ് ഉണ്ടാവുകയില്ല. സിനിമയ്ക്ക് ശബ്ദം കൊടുക്കണമെങ്കില്‍ ജനങ്ങളുടെ ഭാഷയില്‍ സിനിമയെടുക്കുക.”

“ബിസിനസിനോട് സിനിമയ്ക്ക് അഭേദ്യബന്ധമുണ്ട്. ഒരുതരത്തില്‍ ബിസിനസ് തന്നെയാണ് സിനിമയെന്നും പറയാം. ഇവിടെയാണ് സാഹിത്യവും സിനിമയും കൈകോര്‍ക്കേണ്ട ആവശ്യം വരുന്നത്. ഞാന്‍ അഭിനയിച്ച “അന്‍‌പേ ശിവം” എന്ന സിനിമ പുതിയൊരു വഴി വെട്ടിത്തുറന്നിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് ആ സിനിമയ്ക്ക് ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാലും, കാലം കടന്നുപോയപ്പോള്‍ ആ സിനിമ വേണ്ടത്ര ഫലം ചെയ്തുവെന്നാണ് എന്റെ നിരീക്ഷണം.”

“വന്‍ ബജറ്റ് ചിത്രമായതിനാലാണ് മരുതനായകം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന മുഹമ്മദ് യൂസഫ് ഖാന്‍ എന്ന മരുതനായകത്തിന്റെ കഥ ചരിത്രമാണ്. സാധാരണക്കാരനായി ജനിച്ചെങ്കിലും സ്വന്തം പരിശ്രമം കൊണ്ട് ഈസ്റ്റിന്ത്യാ കമ്പനിയുടെ കമാണ്ടര്‍ പദവി വരെ എത്തിയ പടനായകനായിരുന്നു മുഹമ്മദ് യൂസഫ് ഖാന്‍. അവസാനം സ്വന്തം ആളുകള്‍ ഒറ്റിക്കൊടുക്കുകയും ഈസ്റ്റിന്ത്യാ കമ്പനി ഈ വീരപുരുഷനെ തൂക്കിലിടുകയും ചെയ്തു.”

“ഈ സിനിമ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. അടുത്തുതന്നെ ഈ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്ന് നിങ്ങള്‍ കേള്‍ക്കും. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു” - കമല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :