അടുത്ത സാമ്പത്തിക വര്‍ഷം 7-7.5% വളര്‍ച്ച

ദാവോസ്| WEBDUNIA|
ഈ സാമ്പത്തിക വര്‍ഷം രാജ്യം പ്രതീക്ഷിക്കുന്ന 7 - 7.5 ശതമാനത്തിന്‍റെ വളര്‍ച്ചാ നിരക്ക് അടുത്ത വര്‍ഷവും നിലനിര്‍ത്താനാവുമെന്ന് വാണിജ്യ മന്ത്രി കമല്‍ നാഥ് പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്‍റെ ഭാഗമായി ദാവോസില്‍ ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പ് സമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. എന്നാല്‍ ആഗോള പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതോടെ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ വളര്‍ച്ച കുറയുമെന്നാണ് കരുതപ്പെടുന്നത്. പ്രതിസന്ധി കുറയ്ക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന രക്ഷാ പാക്കേജുകള്‍ വേണ്ടത്ര ഫലം കണ്ടിരുന്നില്ല.

എന്നാല്‍ ഇന്ത്യന്‍ സമ്പത് വ്യവസ്ഥ കൂടുതലും ആശ്രയിക്കുന്നത് ആഭ്യന്തര ഉപഭോഗത്തെയാണെന്ന് കമല്‍നാഥ് പറഞ്ഞു. ആഭ്യന്തര ഉപഭോഗം മെച്ചപ്പെട്ടിട്ടുണ്ടെന്നത് കയറ്റുമതിയില്‍ സംഭവിച്ച നഷ്ടം ഏറെക്കുറെ നികത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം അടുത്ത സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമായി കുറയുമെന്നാണ് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബൊ അഭിപ്രായപ്പെടുന്നത്. 2008 വര്‍ഷത്തില്‍ ഒമ്പത് ശതമാനമായിരുന്നു ചൈനയുടെ വളര്‍ച്ചാ നിരക്ക്. എങ്കിലും കഠിന ശ്രമത്തിലൂടെ ഇടിവ് നിയന്ത്രിക്കാനാവുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :