ഇന്ത്യയ്ക്ക് പ്രതിസന്ധിയില്ല: കമല്‍നാഥ്

ന്യൂഡല്‍ഹി| WEBDUNIA|
ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. ആഭ്യന്തര ഉപഭോഗം ഇന്ത്യയുടെ സമ്പദ്‌വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബി.ബി.സി.ക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ കമല്‍നാഥ് ഇങ്ങനെ പറഞ്ഞത്‌.

“മറ്റു ചില രാജ്യങ്ങളെപ്പോലെ ഇന്ത്യയെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. കയറ്റുമതി വിപണിയെയല്ല രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പ്രധാനമായും ആശ്രയിക്കുന്നത്‌. ആഭ്യന്തര ആവശ്യകതയാണ്‌ വളര്‍ച്ചയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം“ - മന്ത്രി പറഞ്ഞു. ആവശ്യകത ഉള്ളിടത്തോളം കാലം വളര്‍ച്ചനിരക്ക്‌ നിലനിര്‍ത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആഗോള സാമ്പത്തിക പ്രതിസന്ധിയെ പൂര്‍ണമായി പ്രതിരോധിക്കാനാവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനത്തിനായി 400 കോടി ഡോളറിന്‍റെ പദ്ധതികളാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. അത്‌ ആഭ്യന്തര ആവശ്യകത ഉയര്‍ത്തുമെന്നാണ്‌ പ്രതീക്ഷയെന്നും കമല്‍നാഥ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :