തിലകന്‍ നല്ല നടനും, നല്ല മനുഷ്യനുമായിരുന്നു: മുകേഷ്
WEBDUNIA|
PRO
മഹാനടനായ തിലകന്‍ തന്‍റെ ജീവിതത്തിന്‍റെ അവസാനകാലത്ത് ഏറെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലൂടെയായിരുന്നു കടന്നുപോയത്. താരസംഘടനയായ ‘അമ്മ’യുമായി ഉണ്ടായ പ്രശ്നങ്ങള്‍ തിലകന് ഏറെ സിനിമകള്‍ നഷ്ടപ്പെടുത്തി. അദ്ദേഹത്തെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കുകയും അപ്രഖ്യാപിത വിലക്ക് വരികയും ചെയ്തു.
എന്നാല്‍ വിലക്കുകള്‍ അതിജീവിച്ച് ഇന്ത്യന്‍ റുപ്പി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലൂടെ തിലകന്‍ വീണ്ടും ഗംഭീര പ്രകടനം നടത്തി. തിലകനെ വിലക്കിയത് തെറ്റായിപ്പോയെന്ന അഭിപ്രായം ഉള്ളിന്‍റെയുള്ളിലെങ്കിലും ഉള്ളവരാണ് മിക്ക സിനിമാപ്രവര്‍ത്തകരും.
എന്നാല്‍ തിലകന്‍റെ കാര്യത്തില്‍ ‘അമ്മ’ സ്വീകരിച്ച തീരുമാനങ്ങള്‍ ശരിയായിരുന്നു എന്ന് നടന്‍ മുകേഷ് പറയുന്നു. “സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങുന്ന വ്യക്തിത്വമായിരുന്നില്ല തിലകേട്ടന്‍റേത്. ഒരു സംഘടനയില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹത്തിന്‍റെ മനസ്സ് തയ്യാറായിരുന്നില്ല. ഒരു സംഘടനയെന്ന നിലയില്‍ തിലകേട്ടന്‍റെ വിഷയത്തില്‍ അമ്മയെടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ മുകേഷ് പറയുന്നു.
“അമ്മയല്ല, തിലകേട്ടനാണ് അമ്മയെ ഉപേക്ഷിച്ചത്. അവസാനമായി തിലകേട്ടനുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയത് ഞാനും മോഹന്‍ലാലുമാണ്. ഒരു വിധത്തിലും സംഘടനയുമായി ഒത്തുപോകാന്‍ തിലകേട്ടന്‍ തയാറാകാതിരുന്നത് എന്നെയാണ് കൂടുതല്‍ വിഷമിപ്പിച്ചത്. എല്ലാവരും തിലകേട്ടനെ തള്ളിപ്പറഞ്ഞപ്പോഴും ഞാന്‍ അദ്ദേഹത്തിനുവേണ്ടി വാദിച്ചയാളാണ്” - മുകേഷ് വ്യക്തമാക്കി.
“കാളിദാസ കലാകേന്ദ്രത്തിന്‍റെ നാടകങ്ങളില്‍ അഭിനയിക്കാനെത്തുമ്പോള്‍ മുതല്‍ തിലകേട്ടനെ എനിക്കറിയാം. തിലകേട്ടന്‍റെ ഈ സ്വഭാവവും രീതികളും ഒരു ദിവസം കൊണ്ടുണ്ടായതല്ല. തിലകേട്ടന്‍ നല്ല നടനും മനുഷ്യനുമായിരുന്നു” - മുകേഷ് പറയുന്നു.