ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത് 'കിഴക്കുണരും പക്ഷി'! -വിശ്വരൂപം 2ന്റെ ഛായാഗ്രഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം II

വി ഹരികൃഷ്ണന്‍

PRO
PRO
വീട്ടില്‍ വന്നെങ്കിലും അച്ഛന്റെ അഭിപ്രായത്തിന് മാറ്റമൊന്നും വന്നില്ല, "എന്തു വന്നാലും ക്യാമറ വാങ്ങി തരില്ല". ഇതിനിടെ സ്ഫടികം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫറും നടനുമായ എന്‍ എല്‍ ബാലകൃഷ്ണന്‍ പാലക്കാട്ടെത്തി. പഠനകാലത്ത് അദ്ദേഹവുമൊത്ത് ആദം അയൂബിന്റെ കുഞ്ഞായന്റെ കോഴിയെന്ന സീരിയലില്‍ അഭിനയിച്ച പരിചയമുണ്ട്. ഞാന്‍ അദ്ദേഹത്തെ പോയി കണ്ട് അച്ഛനോട് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ അച്ഛനുമൊത്ത് അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി. മകന് ഇത്രയും ആഗ്രഹമുള്ള സ്ഥിതിക്ക് ഒരു ക്യാമറ വാങ്ങി നല്‍കാന്‍ അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു പെന്‍റക്സ് കെ- 1000 ക്യാമറയും 50 എം എം ലെന്‍സും നാഷണലിന്‍റെ ഫ്ലാഷും എനിയ്ക്ക് സ്വന്തമായി. അപ്പോള്‍ എനിയ്ക്ക് അറിയാവുന്ന ഒരേ ഒരുകാര്യം, 5.6 അപ്പേര്‍ച്ചറും 60 ഷട്ടര്‍ സ്പീഡുമിട്ട് എടുത്താല്‍ പടം പതിയുമെന്നത് മാത്രമാണ്. ആ ക്യാമറയില്‍ അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോയെടുത്തു. അതാണെന്റെ ആദ്യ ചിത്രം.

WEBDUNIA|
പിന്നീട് പരീക്ഷണങ്ങളായി. ഷട്ടര്‍ സ്പീഡ് കൂട്ടിയും കുറച്ചുമിട്ട് പടമെടുക്കുക. അത് എഴുതി വെക്കുക. ഇതായി ശീലം. പിന്നീട് യാത്ര തുടങ്ങി. ഇതിനിടെ എടുക്കുന്ന ചിത്രങ്ങള്‍ കുഴപ്പമില്ലായെന്ന അഭിപ്രായങ്ങള്‍ കേട്ടു തുടങ്ങി. ഇതിനിടെ പത്രങ്ങള്‍ക്ക് വേണ്ടി ഫ്രീലാന്‍സായും കൂടെ കല്യാണവര്‍ക്കുകളും ചെയ്തു തുടങ്ങി. നല്ല പടങ്ങളാണെന്ന് ആള്‍ക്കാര്‍ പറയുന്നത് കേട്ട് എനിയ്ക്കും തോന്നിതുടങ്ങി, ഞാനൊരു സംഭവമാണല്ലോയെന്ന്. അങ്ങനെയിരിക്കുമ്പോള്‍ ഒരു ഫോറിന്‍ ഫോട്ടോ മാഗസിന്‍ കാണാന്‍ ഇടയായി. അതോടെ എന്റെ മനസ് ഇടിഞ്ഞു. ഞാന്‍ പുതുതായി ചെയ്തുവെന്ന് അഭിമാനിച്ചിരുന്ന കാര്യങ്ങള്‍ ആരൊക്കെയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്തവയാണെന്ന് കണ്ടതോടെ മനസിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെല്ലാം പോയ്മറഞ്ഞു. എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹം മനസില്‍ ശക്തമായി. ഇതിനിടെ ഞാന്‍ സീരിയല്‍ രംഗത്തെത്തി. അവിടെ എന്നെ കാത്തിരുന്നത് കുറെ തിക്താനുഭവങ്ങളായിരുന്നു. (തുടരും)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :