ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത് 'കിഴക്കുണരും പക്ഷി'! -വിശ്വരൂപം 2ന്റെ ഛായാഗ്രഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം II

വി ഹരികൃഷ്ണന്‍

PRO
PRO
അങ്ങനെ തിരുവനന്തപുരത്ത് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. നാടകകൃത്തും നടനുമായ സുരാസുവായിരുന്നു ഡയറക്ടര്‍. അവിടെ ചെന്ന് എന്റെ മോണോ ആക്ടിന്‍റെയും നാടകത്തിന്റെയും സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോള്‍ അഭിനയത്തിനു ചേരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. അവസാനം അഭിനയത്തിനു ചേര്‍ന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇനി ഇതിനു വേണ്ടി കാശു മുടക്കേണ്ടെന്ന് അച്ഛനോട് പറഞ്ഞു. ഒരു കാര്യവും തീര്‍ക്കില്ല, ഇതെങ്കിലും കംപ്ലീറ്റ് ചെയ്ത് ഒരു സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാന്‍ പറഞ്ഞു അച്ഛന്‍. അവസാനം അവിടെ തുടരുകയും, എന്തെങ്കിലും ജീവിക്കാന്‍ പഠിക്കണമല്ലോയെന്ന ചിന്തയില്‍ ക്യാമറയുടെ ആദ്യപാഠങ്ങള്‍ പലരോടും ചോദിച്ച് മനസിലാക്കി ബുക്കില്‍ എഴുതിവെക്കാന്‍ തുടങ്ങി. ഒരര്‍ഥത്തില്‍ ക്യാമറയില്ലാതെ ക്യാമറയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. ഈ സമയം കൂടുതല്‍ സിനിമകള്‍ കാണാന്‍ തുടങ്ങി. ആര്‍ട്ട് സിനിമകള്‍, അറുബോറന്‍ പടങ്ങള്‍, അങ്ങനെ. ഫിലിം ഫെസ്റ്റിവലുകളില്‍ പോയി കുത്തിയിരുന്ന് സിനിമകള്‍ കണ്ടു.

കോഴ്സ് പൂര്‍ത്തീകരിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ചോദിച്ചു, ഇനി എന്താ പരിപാടി? അപ്പോള്‍ ഞാന്‍ പറഞ്ഞു, ഒരു ക്യാമറ വാങ്ങി തന്നാല്‍ മതി, ഞാന്‍ ജീവിച്ചോളാം. "നിനക്ക് പലപ്പോഴും പല തോന്നലാണ്, ഇനി താളത്തിനൊപ്പം തുള്ളാനാവില്ല, വേണമെങ്കില്‍ നിനക്ക് മറ്റെന്തെങ്കിലും ജോലി വാങ്ങി തരാം". വീട്ടിലും അധികം പണമൊന്നുമില്ല. അതോടെ സ്വന്തമായി സമ്പാദിച്ച് ക്യാമറ മേടിക്കണമെന്നായി ചിന്ത.

ആ സമയം രാവിലെ സൈക്കിളുമെടുത്ത് പാലക്കാട് കോട്ടയ്ക്കകത്ത് പോയിരിയ്ക്കും. ആരെങ്കിലും കൂട്ടുകാരുമുണ്ടാകും കൂടെ. വൈകുന്നേരം വരെ അവിടെ ഇരിയ്ക്കും. വീട്ടില്‍നിന്ന് ചീത്ത വിളി കേള്‍ക്കാതിരിക്കാനായിരുന്നു ഇത്. നാട്ടില്‍ ഉള്ള ഒരാള്‍ തിരുപ്പൂര്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞു. അതോടെ ജോലിയില്‍നിന്ന് കിട്ടുന്ന പണംകൊണ്ട് ക്യാമറ വാങ്ങാമെന്ന ചിന്തയില്‍ തിരുപ്പൂരിലേക്ക് വണ്ടി കയറി. അവിടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. കഷ്ടപ്പാടുകളിലേക്ക് ചുവടുവയ്ക്കുകയും. പറഞ്ഞ ജോലി കിട്ടിയില്ല, താമസമാകട്ടെ വൃത്തിഹീനമായ ചേരിയിലും. ഒരു ബാറില്‍ ജോലിക്ക് പോയെങ്കിലും കുടിച്ചു മത്തുകെട്ടു കിടക്കുന്നവരുടെ ഛര്‍ദ്ദില്‍ വരെ നീക്കണമെന്ന അവസ്ഥയായപ്പോള്‍ അവിടെ നിന്ന് പോന്നു. പിന്നെ പെയിന്‍റിംഗ് ജോലിയായി. അതാകട്ടെ വലിയ കെട്ടിടങ്ങളുടെ മുകളില്‍ ഏണിവെച്ചു കയറി ചില്ലുകളിലും മറ്റും ഉരകടലാസ് കൊണ്ട് ഉരുമ്മല്‍. അങ്ങനെ ഉരുമ്മി ഉരുമ്മി എന്റെ കൈ പൊട്ടി. എന്റെ അവസ്ഥയില്‍ എനിക്ക് തന്നെ ദു:ഖം തോന്നാന്‍ തുടങ്ങി. വല്ല ക്ഷയരോഗമൊക്കെ വന്ന് അവിടെ കിടന്നു മരിക്കുന്ന കാര്യം വരെ ചിന്തിക്കാന്‍ തുടങ്ങി. ഒടുവില്‍ അവിടെനിന്ന് കള്ളം പറഞ്ഞ് കോയമ്പത്തൂരെത്തി. അവിടെ ജോലി ചെയ്യുകയായിരുന്ന ജ്യേഷ്ഠന്‍ സാദത്തിനെ കണ്ടു. ജ്യേഷ്ഠന്‍ ടിക്കറ്റ് എടുത്ത്, കുറച്ച് പണം കൈയിലും തന്ന് എന്നെ പാലക്കാട്ടേക്ക് വണ്ടി കയറ്റി വിട്ടു.

WEBDUNIA|
അടുത്ത പേജില്‍: ക്യാമറ വാങ്ങാന്‍ നിമിത്തമായത് എന്‍ എല്‍ ബാലകൃഷ്ണന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :