'മമ്മൂട്ടിയെ നായകനാക്കിയാല്‍ സംവിധായകന് മനസമാധാനം കിട്ടില്ല'; കാരണം പറഞ്ഞ് സത്യന്‍ അന്തിക്കാട്

അതിന്റെ കാരണവും സംവിധായകന്‍ തന്നെ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തില്‍ പറഞ്ഞു.

Last Modified ശനി, 6 ജൂലൈ 2019 (09:22 IST)
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കിയാണ് തന്റെ അടുത്ത ചിത്രം ആലോചിക്കുന്നതെന്ന് മമ്മൂട്ടിയോട് പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. അതിന്റെ കാരണവും സംവിധായകന്‍ തന്നെ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തില്‍
പറഞ്ഞു.

കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ കതിര്‍ പുരസ്‌ക്കാരങ്ങള്‍ മമ്മൂട്ടി വിതരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു സത്യന്‍ അന്തിക്കാട്. ഈ വേദിയില്‍ വെച്ചാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്.

മമ്മൂട്ടിയെ കൃഷിയിലെ തന്റെ ഗുരുനാഥനായി സത്യന്‍ അന്തിക്കാട് വിശേഷിപ്പിച്ചു.ഒരു സംവിധായകന്‍ തന്റെ സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കിയാല്‍ പിന്നെ അദ്ദേഹത്തിന് മനസമാധാനം ഉണ്ടാകില്ലെന്നും, പല സമയങ്ങളിലും പല സ്ഥലത്തു നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപത്രം ഇങ്ങനെ നടന്നാല്‍ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയില്‍ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

25 മത് ബഷീര്‍ പുരസ്‌കാരത്തിന് മമ്മൂട്ടി അര്‍ഹനായിരുന്നു. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാംസ്‌ക്കാരിക സംഘടന പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 25 മത് ബഷീര്‍ പുരസ്‌കാരത്തിനാണ് മമ്മൂട്ടി അര്‍ഹനായത്. ചലച്ചിത്ര നടന്‍ എന്ന നിലയിലുള്ള പകര്‍ന്നാട്ടങ്ങളും ജീവകാരുണ്യ രംഗത്തെ നിശബ്ദ സേവനവും പരിഗണിച്ചാണ് മമ്മൂട്ടിയ്ക്ക് ബഷീര്‍ പുരസ്‌ക്കാരം നല്‍കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ഗ്രാമഫോണ്‍ ശില്‍പവും 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. എം. ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് മമ്മൂട്ടിയെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :