വേറെ ലെവൽ മാസ്; പതിനെട്ടാം പടി ചവുട്ടി കയറി ജോൺ എബ്രഹാമും പിള്ളേരും!

Last Modified വെള്ളി, 5 ജൂലൈ 2019 (12:51 IST)
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മുന്നിൽ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ ഫോട്ടോ പുറത്തു വന്നത് മുതൽ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രം, പതിനെട്ടാം പടി തിയേറ്ററുകളിലെത്തിയിരിക്കുന്നു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ എന്നിവരും ഉണ്ട്.

ശങ്കർ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. തിരക്കഥയിലും അഭിനയത്തിലും മാത്രമല്ല സംവിധാനത്തിലും തനിക്ക് തിളങ്ങാൻ സാധിക്കുമെന്ന് ശങ്കർ തെളിയിച്ചിരിക്കുകയാണ്. 'സ്പിരിറ്റി'ലെ അലക്സിയും 'ബാവൂട്ടിയുടെ നാമത്തി'ലെ സേതുവുമായിരുന്നു ശങ്കറിലെ അഭിനേതാവിനെ തുറന്നു കാട്ടിയത്. പിന്നാലെ, (കേരള കഫെ), ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല അന്നിവയിലൂടെ ശങ്കറിലെ തിരക്കഥാകൃത്തിനേയും പ്രേക്ഷകർ അംഗീകരിച്ചു. ഇനിയുള്ളത് ശങ്കർ രാമകൃഷ്ണൻ എന്ന സംവിധായകന്റെ ഊഴമാണ്.

'സ്കൂൾ ഓഫ് ജോയ്' എന്ന വിദ്യാലയത്തിന്റെ തലവനായ അശ്വിൻ വാസുദേവിലൂടെയാണ് കഥ തുടങ്ങുന്നത്. പഴയ സ്കൂൾ ഹെഡ്ബോയ് കൂടിയായ അശ്വിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് ആണ്. തന്റെ കഴിഞ്ഞ കാലത്തെ ഓർമകൾ അയവിറക്കുന്ന, അവയോട് നന്ദി അറിയിക്കുന്ന അശ്വിനാണ് പ്രേക്ഷകനെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിൽ ഒന്നായ മോഡൽ സ്കൂളും അവരുടെ ബദ്ധശത്രുക്കളായ ഇന്റർനാഷണൽ സ്കൂളിലെ കുട്ടികളുടെയും കഥയാണ് ആദ്യപകുതി പറയുന്നത്. ചില സാഹചര്യങ്ങളാണ് അശ്വിനെ മോഡൽ സ്കൂളിൽ ചേർത്തുന്നത്.

പണത്തിന്റെ അഹങ്കാരമില്ലാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളാണ് മോഡൽ സ്കൂൾ. എന്നാൽ, നേരെ തിരിച്ചാണ് ഇന്റർനാഷണൽ സ്കൂളിന്റെ അവസ്ഥ. എന്തും ആവശ്യത്തിന് കൂടുതൽ. പ്രണയം, എടുത്തുചാട്ടം, അഹങ്കാരം, തല്ലു കൊള്ളിത്തരം, കൈയ്യിലിരുപ്പ് ഇവയെല്ലാം ആവശ്യത്തിലുള്ള നായകന്മാർ.

രണ്ടാം പകുതിയാണ് ഏവരും കാത്തിരുന്ന മൊതൽ എത്തുന്നത്. ജോൺ എബ്രഹാം പാലയ്ക്കൽ. മമ്മൂട്ടിയുടെ സ്ക്രീൻ പ്രസനസ് അസാധ്യം. മികച്ച സ്റ്റോറി ലൈനാണ് സിനിമയ്ക്കുള്ളത്. കിടിലൻ ആക്ഷൻ രംഗങ്ങൾ. സ്റ്റണ്ട് സീനിനനുസരിച്ച് കറങ്ങുകയും തിരിയുകയും ചെയ്യുന്ന ക്യാമറാ വിഷ്വൽ‌സ്. മമ്മൂട്ടിയുടെ ആക്ഷൻ സീനുകൾക്ക് മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്.

പൃഥ്വിരാജ്, അഹാന കൃഷ്ണകുമാർ, മാല പാർവതി, പത്മപ്രിയ, ആര്യ, ഉണ്ണി മുകുന്ദൻ മുതൽ പുതിയതായി സ്ക്രീനിലെത്തിയ ഓരോ താരങ്ങളും മനോഹരമായി തങ്ങളുടെ റോളുകൾ ഭംഗിയാക്കി. മമ്മൂട്ടിയുടെ അടുത്ത ബ്ലോക് ബസ്റ്റർ തന്നെയാകും ഈ ചിത്രമെന്ന് നിസംശയം പറയാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :