മാമാങ്കം ഒരു എന്‍റര്‍‌ടെയ്‌നര്‍, മമ്മൂട്ടിയുടെ വീരനായകന്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും: എം പത്‌മകുമാര്‍

ബിജു ഗോപിനാഥന്‍| Last Updated: തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (17:12 IST)
എം പത്‌മകുമാര്‍ സിനിമാരംഗത്ത് തന്‍റെ സാന്നിധ്യമറിയിച്ചിട്ട് പതിറ്റാണ്ടുകളായി. ഹരിഹരന്‍റെയും ഐ വി ശശിയുടെയും ഷാജി കൈലാസിന്‍റെയും രഞ്‌ജിത്തിന്‍റെയുമൊക്കെ പ്രധാന സിനിമകളില്‍ പത്‌മകുമാര്‍ സംവിധാന സഹായിയായി ഉണ്ടായിരുന്നു. ആ കളരികളില്‍ നിന്നുപഠിച്ചിറങ്ങിയതിന്‍റെ ആധികാരികത തന്‍റെ ഓരോ സിനിമകളിലും പുലര്‍ത്തുന്ന സംവിധായകനാണ് അദ്ദേഹം. ഇപ്പോള്‍ മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റ് ചിത്രവുമായി പത്‌മകുമാര്‍ എത്തുന്നു. മമ്മൂട്ടി നായകനാകുന്ന മാമാങ്കം. റിലീസിനോടടുക്കുമ്പോള്‍ മലയാള സിനിമാപ്രേക്ഷകരുടെ മനസിലും ആകാംക്ഷയുടെ ഒരു മാമാങ്കം അരങ്ങേറുകയാണ്. എങ്ങനെയായിരിക്കും ആ സിനിമ? എന്തൊക്കെ അത്ഭുതങ്ങളാണ് അതില്‍ കാത്തിരിക്കുന്നത്? സംവിധായകന്‍ എം പത്‌മകുമാര്‍ മലയാളം വെബ്‌ദുനിയ വായനക്കാരോട് മനസുതുറക്കുന്നു...

കരിയറില്‍ ആദ്യമായി എം പത്‌മകുമാര്‍ എന്ന സംവിധായകന്‍റെ ഒരു സിനിമ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യുന്നു. ആ ഭാഷകളിലൊക്കെ അസാധാരണമായ പ്രമോഷന്‍ പരിപാടികള്‍ അരങ്ങേറുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വമ്പന്‍ പ്രമോഷന്‍ നടക്കുന്നു. എന്താണ് ഇത്രയും ബ്രഹ്‌മാണ്ഡരീതിയിലുള്ള ഒരു റിലീസിന് പിന്നിലുള്ള ലക്‍ഷ്യം?

സിനിമയുടെ വലിപ്പം അങ്ങനെയാണ്. വലിയ ബജറ്റാണ്. മലയാളത്തില്‍ നിന്ന് മാത്രമായി അത് തിരിച്ചുപിടിക്കാനാവില്ല. എല്ലാ ഭാഷകളിലുമായി അത് ചെയ്‌തേ പറ്റുകയുള്ളൂ. പിന്നെ, ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സിനിമ എന്നു പറയുമ്പോള്‍ മറ്റ് ഭാഷകളിലുള്ളവര്‍ക്കും അത് കാണാനുള്ള താല്‍പ്പര്യമുണ്ടാവും. അസാധാരണമായ ഒരു സ്റ്റോറി പറയുമ്പോള്‍ നമുക്ക് അത് ചെയ്യാന്‍ കഴിയും. ബാഹുബലിയെപ്പോലെയല്ല മാമാങ്കം. ബാഹുബലി പൂര്‍ണമായും ഭാവനയില്‍ നിന്നുണ്ടായ ഒരു കഥയായിരുന്നു. എന്നാല്‍ മാമാങ്കം നമ്മുടെ ചരിത്രമാണ്. നമ്മുടെ മാത്രം കഥയാണ്. സിനിമയ്ക്കാവശ്യമായി കഥയില്‍ ചില മാറ്റങ്ങളുണ്ടാവാം. കഥാപാത്രങ്ങളില്‍ മാറ്റങ്ങള്‍ വരാം. പക്ഷേ പശ്ചാത്തലം എന്നുപറയുന്നത് നമ്മുടെ ചരിത്രം തന്നെയാണ്. അത് നമുക്ക് മറ്റുള്ള നാട്ടിലെ ആളുകള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ഒരു സുഖമുണ്ട്. നമ്മുടെ നാട്ടില്‍ പണ്ട് ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നു എന്ന് പറഞ്ഞുകൊടുക്കുമ്പോള്‍ അവര്‍ക്കും അതൊരു പുതുമയാണ്. മറ്റ് ഭാഷകളില്‍ മാമാങ്കം റിലീസ് ചെയ്യുന്നതില്‍ അങ്ങനെ ഒരു ലക്‍ഷ്യം കൂടിയുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമാണ്. ഇത്രയും വലിയ ബജറ്റില്‍ സിനിമ ചെയ്യുന്നു, അത് ഇത്രയധികം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നു, ഇങ്ങനെ വലിയ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു. അതിന്‍റെ ഒരു ത്രില്‍ ഉണ്ട്.

മാമാങ്കം നമ്മുടെ നാടിന്‍റെ ചരിത്രമാണ്. നമ്മുടെ മാത്രം ചരിത്രം. മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യുമ്പോള്‍ നമ്മുടെ ചരിത്രവുമായി അവിടത്തെ പ്രേക്ഷകര്‍ റിലേറ്റ് ചെയ്യും എന്ന പ്രതീക്ഷയുണ്ടോ?

നമ്മുടെ ചരിത്രവുമായി അവര്‍ റിലേറ്റ് ചെയ്യണം എന്നില്ല. അവരെ സംബന്ധിച്ച് ഇതൊരു പുതിയ കഥയാണ്. ഇപ്പോള്‍, ഈജിപ്‌തിലെ രാജാക്കന്‍‌മാരുടെ കഥ നമ്മള്‍ സിനിമയായി കണ്ടിട്ടില്ലേ? പല രാജ്യങ്ങള്‍ പശ്ചാത്തലമാക്കിയുള്ള സിനിമകള്‍ നമ്മള്‍ കാണുന്നു. ഹോളിവുഡില്‍ നിന്നും മറ്റ് അന്യഭാഷകളില്‍ നിന്നും. അവയൊന്നുമായി നമ്മള്‍ റിലേറ്റ് ചെയ്തിട്ടല്ല, നമ്മള്‍ പുതിയ ഒരു കാഴ്‌ച ആസ്വദിക്കുകയാണ്. പുതിയ ഒരു കഥയും കഥാപാത്രങ്ങളും പുതിയൊരു ലോകവും തുറന്നുവരികയാണ്. മാമാങ്കം എന്ന സിനിമ കൊണ്ടും അതാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. ഇതിനെപ്പറ്റിയുള്ള ഒരു ക്യൂരിയോസിറ്റി ക്രിയേറ്റ് ആവും. സിനിമ കണ്ടതിന് ശേഷം അവര്‍ ഇതിലേക്ക് റിലേറ്റ് ചെയ്യപ്പെടും. പിന്നെ, ഏത് ഭാഷയിലായാലും, ഇമോഷന്‍സ് എല്ലാം ഒന്നുതന്നെയാണ്. എല്ലാ മനുഷ്യര്‍ക്കും മനസിലാകുന്ന വികാരം തന്നെയാണ് കണ്‍‌വേ ചെയ്യാന്‍ ശ്രമിക്കുന്നത്. അത് മനസിലാക്കിക്കൊടുക്കാന്‍ നമ്മള്‍ പ്രത്യേകിച്ച് എഫര്‍ട്ട് എന്തെങ്കിലും എടുക്കേണ്ടിവരുന്നില്ല.

ഒരു ഇമോഷണല്‍ ത്രില്ലര്‍ എന്നാണ് താങ്കള്‍ മാമാങ്കത്തെ വിശേഷിപ്പിക്കുന്നത്? ചാവേറുകളുടെ ധീരമായ പോരാട്ടം എന്ന നിലയില്‍ ഒരു വാര്‍ ഫിലിം എന്ന നിലയിലേക്ക് കൊണ്ടുപോകാമായിരുന്ന, ഒരു ആക്ഷന്‍ മൂവിയെ അങ്ങനെയല്ലാതെ ട്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചത് മലയാളത്തിലെ ബജറ്റിന്‍റെ പരിമിതി കൊണ്ടാണോ?

നമ്മള്‍ സാമൂതിരിയുടെ കഥയല്ല പറയുന്നത്. സാമൂതിരി രാജാവിനെയും അദ്ദേഹത്തിന്‍റെ പടയാളികളെയും നേരിടാന്‍ പോകുന്ന ഒരു ചെറിയ ഗ്രൂപ്പിനെപ്പറ്റിയാണ് പ്രമേയം. അവര്‍ രാജാക്കന്‍‌മാരല്ല. ചാവേറുകള്‍ എന്നുപറയുന്നത് സാധാരണ മനുഷ്യരാണ്. ബാഹുബലി രണ്ട് കുടുംബങ്ങള്‍ തമ്മിലും രണ്ട് രാജ്യങ്ങള്‍ തമ്മിലുമുള്ള പോരാട്ടങ്ങളൊക്കെ ചിത്രീകരിച്ച വലിയ ക്യാന്‍‌വാസിലുള്ള സിനിമയാണ്. ഇത് അങ്ങനെയല്ല. നമ്മുടെ ചാവേര്‍ കഥാപാത്രങ്ങള്‍ക്ക് രാജാവിന്‍റെ പകിട്ടോ പൊലിമയോ കല്‍പ്പിച്ചുകൊടുക്കാനാവില്ല. അവര്‍ സാധാരണ മനുഷ്യരെപ്പോലെ പെരുമാറുന്നവരാണ്. തങ്ങളുടെ രാജ്യത്തിനും രാജാവിനും വേണ്ടി ജീവനര്‍പ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ്. അങ്ങനെവരുമ്പോള്‍ ഇമോഷണലിയാണ് ഈ കഥയെ അപ്രോച്ച് ചെയ്യേണ്ടത്. തിരിച്ചുവരാനാവില്ല എന്ന തിരിച്ചറിവോടെ, മരണം ഉറപ്പിച്ച് പോരാട്ടത്തിനായി തിരിക്കുന്നവരുടെ കഥയാണ്. ബാഹുബലി പോലെയുള്ള യുദ്ധസിനിമകളിലെ നായകന്‍‌മാര്‍ക്ക് ജയം ആഘോഷിക്കുക എന്നതാണ് ലക്‍ഷ്യം. അതിന്‍റെ രീതി വേറെയാണ്. ഇവിടെ നമ്മുടെ നായകന്‍‌മാര്‍ക്ക് പരാജയം സുനിശ്ചിതമാണ്. എങ്കിലും അവര്‍ വീറോടെ പോരാടുന്നു, വീരോചിതമായി മരിക്കുന്നു. ചാവേറുകള്‍ കൊല്ലപ്പെട്ടിട്ടേയുള്ളൂ, മാമാങ്കത്തില്‍ പങ്കെടുത്തിട്ട് തിരിച്ചുവന്ന ഒരു ചാവേറും നമ്മുടെ ചരിത്രത്തിലില്ല. ആ ഇമോഷനാണ് ഇവിടെ പ്രാധാന്യമുള്ളത്. അത് അങ്ങനെയേ പറയാന്‍ പറ്റൂ. ഈ ചിത്രത്തില്‍ പ്രണയവും യുദ്ധവുമെല്ലാമുണ്ട്. പക്ഷേ ചാവേറുകളുടെ വ്യര്‍ത്ഥമായ ജീവിതത്തിന്‍റെ വികാരവിചാരങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. അതുതന്നെയാണ് മാമാങ്കം എന്ന സിനിമയുടെ അടിസ്ഥാനവും.

വിഷ്വലി ഇത്രയും റിച്ചായ ഒരു സിനിമ സമീപകാലത്തെങ്ങും മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് മനസിലാക്കാം. അത്ര ഗംഭീരമായ സെറ്റുവര്‍ക്കും പശ്ചാത്തലവുമാണ് മാമാങ്കത്തിന്‍റേത്. അമ്മക്കിളിക്കൂട്ടില്‍ നിന്ന് മാമാങ്കത്തിലേക്ക് എത്തുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഉള്ള വളര്‍ച്ചയെ എങ്ങനെ വിലയിരുത്തുന്നു?

എന്നെ സംബന്ധിച്ച് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് മാമാങ്കം. ഓരോ ചിത്രം ചെയ്യുമ്പോഴും അവയെല്ലാം ഓരോ പാഠങ്ങളായിരുന്നു. മാമാങ്കം ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റ് സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്യാനും പോയിട്ടുണ്ട്. ഇതിനിടയ്ക്കാണ് രഞ്‌ജിത്തിന്‍റെയും ശ്രീകുമാര്‍ മേനോന്‍റെയും ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്‌തത്. സിനിമയില്‍ നിന്ന് ഒരു സമയത്തും മാറിനിന്നിട്ടില്ല. അവയെല്ലാം പകര്‍ന്നുനല്‍കിയ അനുഭവങ്ങള്‍ മാമാങ്കം പോലെ ഒരു വലിയ സിനിമ ചെയ്യുമ്പോള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. പലതരം സിനിമകള്‍ കരിയറില്‍ ചെയ്ത ഒരു സംവിധായകനാണ് ഞാന്‍. വലിയ താരങ്ങളുള്ള സിനിമകളും താരതമ്യേന ചെറിയ സിനിമകളും ചെയ്‌തിട്ടുണ്ട്. പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങള്‍ ചെയ്തു. എല്ലാ സിനിമകളെയും ഒരേ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ സമീപിക്കുന്നത്. അങ്ങനെ പഠിച്ച കാര്യങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ ഇടമായിരുന്നു മാമാങ്കം.

പിന്നെ വേറൊരു കാര്യം, ഇന്ത്യയിലെയോ ലോകത്തിലെ തന്നെയോ ഏത് ടെക്‍നീഷ്യനുമായും കിടപിടിക്കാവുന്ന ടെക്‍നീഷ്യന്‍‌മാര്‍ ഇന്ന് മലയാളത്തിലുണ്ട്. മനോജ് പിള്ള എന്ന ക്യാമറാമാന്‍റെ വര്‍ക്ക് എത്ര ഉന്നതമായ നിലയിലുള്ളതാണെന്ന് മാമാങ്കം കാണുമ്പോള്‍ മനസിലാക്കാം. മറ്റ് ഭാഷകളില്‍ ഇതേസമയം തന്നെ ചരിത്രപശ്ചാത്തലത്തിലുള്ള സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. ബജറ്റിന്‍റെ കാര്യത്തിലും ക്യാന്‍‌വാസിന്‍റെ കാര്യത്തിലും ബ്രഹ്‌മാണ്ഡങ്ങളായ ചിത്രങ്ങള്‍. അവയോടൊക്കെ മാമാങ്കത്തെ താരതമ്യപ്പെടുത്തി നോക്കിക്കോളൂ, അവയേക്കാള്‍ ഒട്ടും താഴെയല്ലാത്ത ഒരു സിനിമയാണിതെന്ന് മനസിലാക്കാം. നമുക്കും അത്രയും ബ്രില്യന്‍റായ ടെക്‍നീഷ്യന്‍‌മാര്‍ ഉള്ളതിന്‍റെ ഗുണമാണത്. കലാസംവിധായകന്‍ മോഹന്‍‌ദാസ് നിര്‍മ്മിച്ച സെറ്റുകളാണ് മാമാങ്കത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നുപറയുന്നത്. സാബു സിറിളും തോട്ടാധരണിയുമൊക്കെ ചെയ്യുന്ന സെറ്റുകളോട് കിടപിടിക്കുന്ന സെറ്റുകള്‍ തന്നെയാണ് മാമാങ്കത്തിലേതും എന്നതില്‍ സംശയമില്ല.

നമ്മള്‍ ഉപയോഗിച്ചിരിക്കുന്ന കോസ്റ്റ്യൂംസ് തന്നെ നോക്കൂ, അവയില്‍ സിനിമാറ്റിക്കായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളപ്പോഴും, വളരെ ഗവേഷണം നടത്തിയാണ് ഉപയോഗിച്ചിട്ടുള്ളത്. ദേശീയ അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള എസ് ബി സതീശന്‍ ആണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്സ് ആയ ശ്യാം കൌശലും ത്യാഗരാജന്‍ മാസ്റ്ററുമാണ് മാമാങ്കത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍റെ മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ബാജിറാവോ മസ്‌താനി, വാര്‍, പദ്മാ‌വത് തുടങ്ങിയ വമ്പന്‍ സിനിമകളുടെ പശ്ചാത്തല സംഗീതം ഒരുക്കിയ സഞ്ചിത് ബല്‍‌ഹാരയാണ് മാമാങ്കത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ കിട്ടാവുന്ന ഏറ്റവും മികച്ച ടെക്‍നീഷ്യന്‍സിന്‍റെ ഒരു സംഗമമായിരിക്കും മാമാങ്കം. എന്‍റെ പരിചയ സമ്പത്തിനൊപ്പം തന്നെ ഇത്തരം വലിയ സാങ്കേതികവിദഗ്ധരുടെ സഹകരണം കൂടിയുണ്ടെന്നുള്ളത് വലിയ ഘടകമാണ്. നമ്മുടെ മനസിലുള്ള സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യവും പിന്തുണയും തരുന്ന ഒരു പ്രൊഡ്യൂസര്‍ കൂടി ഒപ്പമുണ്ടാകുന്നു എന്നതാണ് എടുത്തുപറയേണ്ടുന്ന കാര്യം. വെറുതെ പണം മുടക്കുന്ന ഒരാള്‍ മാത്രമല്ല അദ്ദേഹം, സിനിമയോട് അഗാധമായ പാഷനുള്ള ഒരാളാണ്. സംവിധായകന്‍റെ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തേപ്പോലുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാനാകുന്നു എന്നത് വലിയ ഭാഗ്യം.

മാമാങ്കത്തിലെ ചാവേറുകള്‍ പൂര്‍ണമായും ഒരേ ലക്ഷ്യത്തിന് വേണ്ടി മനസ് അര്‍പ്പിച്ചിട്ടുള്ളവരാണ്. മരണം ഉറപ്പിച്ചുകൊണ്ടുള്ള ഒരു യാത്ര. അവരുടെ കാഴ്ചപ്പാടില്‍ അവരാണ് ശരി. പോര്‍ക്കളത്തിലെ സംഘര്‍ഷങ്ങളേക്കാള്‍ അവരുടെ മനസിനുള്ളില്‍ നടക്കുന്ന സംഘട്ടനങ്ങളെ ചിത്രീകരിക്കുക എന്നത് എത്രമാത്രം വെല്ലുവിളിയായിരുന്നു?

ഈ ചിത്രത്തില്‍ മമ്മൂട്ടി എന്നൊരു മഹാനടന്‍ ഉണ്ട്. യുദ്ധമൊക്കെ ഈ സിനിമയുടെ ഭാഗമാണെങ്കിലും അതല്ലാതെയൊരു കഥ മാമാങ്കം പറയുന്നുണ്ട്. വളരെ ഇമോഷണലായ ഒരു കഥ. അത് ഭംഗിയായി പറയാന്‍ നമുക്ക് ആവശ്യം ആര്‍ട്ടിസ്റ്റുകളുടെ സപ്പോര്‍ട്ടാണ്. നമ്മള്‍ മറ്റെന്തൊക്കെ ഘടകങ്ങളെ കൂട്ടിയിണക്കിയാലും അഭിനേതാക്കള്‍ അതെങ്ങനെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. മമ്മൂട്ടിയെപ്പോലെ ഒരാള്‍ കൂടെയുള്ളപ്പോള്‍ അതേപ്പറ്റി പിന്നെ ഒരു ആശങ്കയുടെ കാര്യമില്ല. ഉണ്ണി മുകുന്ദനുണ്ട്, അച്യുതന്‍ എന്ന ഒരു പുതിയ കുട്ടിയുണ്ട്. അച്യുതനൊന്നും സ്കൂള്‍ സ്റ്റേജില്‍ പോലും കയറിയിട്ടില്ലാത്ത കുട്ടിയാണ്. പക്ഷേ അത്ഭുതകരമായ പകര്‍ന്നാട്ടമാണ് അവന്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്.

ചന്തു, പഴശ്ശിരാജ ഈ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയിലെ വീരനായകനെ പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. മാമാങ്കത്തിലെത്തുമ്പോള്‍ അതിനേക്കാള്‍ വലിയ ഒരു വീരനായകനെ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. ആ രീതിയിലേക്ക് മമ്മൂട്ടിയുടെ കഥാപാത്രം മാറിത്തീരുന്നുണ്ടോ?

വടക്കന്‍ വീരഗാഥയിലെയും പഴശ്ശിരാജയിലെയും മമ്മൂട്ടിയുടെ വീരഭാവം പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകരെയും ആരാധകരെയും നിരാശപ്പെടുത്താത്ത സിനിമയായിരിക്കും മാമാങ്കം. കഥ തുടങ്ങുന്നതും പൂര്‍ണമായും മുന്നോട്ടുപോകുന്നതും അവസാനിക്കുന്നതുമെല്ലാം മമ്മുക്കയുടെ കഥാപാത്രത്തിലൂടെയാണ്. ചരിത്രത്തില്‍ പറഞ്ഞിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്കയുടേതായി വരുന്ന ഒരു ചരിത്രസിനിമ എന്ന നിലയില്‍ മാമാങ്കം എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയായിരിക്കും.

മാമാങ്കം ഒരു കാലഘട്ടത്തിന്‍റെ പുനഃസൃഷ്ടിയാണ്.
താങ്കള്‍
ഇതുവരെ അങ്ങനെയൊരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. ഒരു ചരിത്ര സിനിമ സംവിധാനം ചെയ്യുമ്പോള്‍ എന്തൊക്കെ ഹോംവര്‍ക്കാണ് നടത്തിയത്?

മാമാങ്കത്തേക്കുറിച്ച് നമുക്ക് ലഭ്യമായ എല്ലാ കാര്യങ്ങളും വായിക്കുകയും കിട്ടുന്ന വിഷ്വലുകള്‍ കാണുകയും ചെയ്യുക എന്ന പ്രാഥമികമായ ഹോംവര്‍ക്കാണ് ആദ്യത്തേത്. അത് പൂര്‍ത്തീകരിച്ചതിന് ശേഷം ആ കാലഘട്ടം സൃഷ്ടിക്കാനായി നമ്മുടെ ടെക്‍നീഷ്യന്‍‌മാരുടെ വലിയ അധ്വാനം ഇതിനുപിന്നിലുണ്ട്. ആ കാലഘട്ടത്തിലെ ഓരോ ചെറിയ കാര്യങ്ങളെയും വസ്തുവിനെയും പറ്റി ആധികാരികമായ രേഖകളൊന്നുമില്ല. ലഭിക്കുന്ന വിവരങ്ങളും പിന്നീട് നമ്മുടെ ഭാവനയും ചേര്‍ന്നാണ് വര്‍ക്ക് ചെയ്യുന്നത്. തിരുനാവായില്‍ മാമാങ്കം നടന്നതിന്‍റെ രീതികള്‍ക്കൊന്നും വ്യക്തമായ ഒരു രേഖ ലഭ്യമല്ല. അവിടെ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. അന്നത്തെ വീടുകള്‍, അന്നത്തെ വഴികള്‍... പല ആള്‍ക്കാരുടെ അറിവും ഇമാജിനേഷനും സം‌യോജിപ്പിച്ച് അതില്‍ നിന്ന് നമ്മുടേതായ ഒരു നിഗമനത്തിലെത്തുകയായിരുന്നു. അതിന് ശേഷമാണ് ആ കാലഘട്ടം പുനഃസൃഷ്ടിച്ചത്. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍, ഉപയോഗിക്കുന്ന ആയുധങ്ങളേക്കുറിച്ച് ചരിത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം നമ്മുടെ ഇമാജിനേഷന്‍റെ ഫ്രീഡവും ഉപയോഗിച്ചു. മാമാങ്കം എന്ന സിനിമ ഒരു ഡോക്യുമെന്‍ററിയല്ല, തീര്‍ച്ചയായും ഒരു എന്‍റര്‍ടെയ്‌നറാണ്. ആള്‍ക്കാരെ പിടിച്ചിരുത്തുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സിനിമയുടെ ആത്യന്തികമായ ലക്‍ഷ്യം എന്ന് ഞാന്‍ കരുതുന്നു.

വര്‍ഗം, വാസ്തവം, ശിക്കാര്‍, തിരുവമ്പാടി തമ്പാന്‍, ഇതു പാതിരാമണല്‍, കനല്‍ തുടങ്ങിയ സിനിമകളിലെല്ലാം പ്രതികാരത്തിന്‍റെ ഓരോ ഭാവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ പ്രതികാരഭാവത്തിന്‍റെ മറ്റൊരു തലമല്ലേ മാമാങ്കത്തില്‍ കാണാന്‍ കഴിയുക?

മാമാങ്കത്തിന്‍റെ ബേസും റിവഞ്ചാണ്. സാമൂതിരിയോട് പകരം ചോദിക്കാനുള്ള ചാവേറുകളുടെ യാത്രയാണ് സിനിമ. ഇത്തരം പ്രതികാരഭാവത്തിന് ഇന്നത്തെ കാലത്ത് അടിസ്ഥാനമില്ല എന്നാണ് ഒടുവില്‍ സിനിമ പറഞ്ഞുവയ്ക്കുന്നത്. പണ്ടാരോ ചെയ്ത തെറ്റിന്‍റെയും ദുഷ്‌പ്രവര്‍ത്തിയുടെയും അനന്തരഫലത്തിലൂടെയാണ് ഇന്നത്തെ തലമുറയും മുമ്പോട്ടുപോകുന്നത്. അത് മാറ്റേണ്ട സമയമായെന്നും ചിത്രം പറയുന്നുണ്ട്. ഒരു രാജ്യത്തിന് വേറൊരു രാജ്യത്തോടുള്ള പ്രതികാരമാണ് കഥയില്‍. അന്ന് മാമാങ്കകാലത്ത് സംഭവിച്ചത് ഇന്നും പ്രസക്‍തമാണ്. ഇപ്പോഴും അത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു. ആ രീതിയിലുള്ള ഒരു കണക്ഷന്‍ കൂടി സിനിമയില്‍ കൊണ്ടുവരുന്നുണ്ട്.

ഇതുവരെ പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറെ അധ്വാനം വേണ്ടിവന്നിട്ടുള്ള, പല ഷെഡ്യൂളുകളായി നീണ്ടുനിന്ന, വലിയ ക്യാന്‍‌വാസിലുള്ള സിനിമയാണ് മാമാങ്കം. ഇത് ഒരു മൈല്‍ സ്റ്റോണായി കാണാമെങ്കില്‍, ഇനിയും ചെയ്യാന്‍ പോകുന്ന സിനിമകള്‍ ഈ വലിപ്പത്തിലെങ്കിലും ഉള്ളതായിരിക്കണമെന്ന തോന്നലുണ്ടോ? ചെറിയ സിനിമകള്‍ ഇനിയും ചെയ്യുമോ?

ഇതുവരെ ചെയ്തതുപോലെ സോഷ്യല്‍ കമ്മിറ്റ്‌മെന്‍റ്സുകളുള്ള സിനിമകളുമായി തന്നെ മുന്നോട്ടുപോകും. അതിനിടെ ഇത്തരം നല്ല കണ്‍‌സെപ്ടുകളും വലിയ പ്രൊജക്‍ടുകളുമൊക്കെ ചെയ്യണമെന്നുതന്നെയാണ് മനസില്‍. സാഹചര്യങ്ങള്‍ ഒത്തുവരികയും ഇതുപോലെ ഒരു ഗ്രാന്‍ഡ് പ്രൊഡക്ഷന് ഒപ്പം നില്‍ക്കാന്‍ മനസുള്ള ഒരു പ്രൊഡ്യൂസര്‍ വരികയും ചെയ്യുമ്പോള്‍ ഇനിയും മാമാങ്കങ്ങള്‍ സംഭവിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :