കറന്‍റ് ബുക്സ് ഓഗസ്റ്റ് 2003 പേജ് 112 വില 55 രൂപ നോവല്‍ എന്ന വിശാലമായ ക്യാന്‍വാസ് എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമാണ്. അതിര്‍ത്തിയില്ലാത്ത ചിന്തകളുടെ ഓളംവെട്ടല്‍ പകര്‍ന്നിടാന്‍ എഴുത്തുകാരനു കഴിയുന്നതും ഇതുകൊണ്ടുതന്നെ. മറ്റൊരു മാധ്യമത്തിലൂടെയും പറയാനാവാത്ത കാര്യങ്ങള്‍ക്ക് നോവല്‍ എന്ന വിളഭൂമിയില്‍ ഇടമുണ്ട്. ഈ സ്വാതന്ത്രമുള്ളതുകൊണ്ടാണ് ടി.ഡി. രാമകൃഷ്ണന്‍റെ ആല്‍ഫ എന്ന നോവല്‍ പിറന്നത്.
സങ്കീര്‍ണ്ണമാണ് ആല്‍ഫയുടെ ഘടന. മറ്റൊരു മാധ്യമത്തിനും വഴങ്ങാത്തവണ്ണം ഇഴപിരിഞ്ഞത്. മനുഷ്യന്‍ മനുഷ്യനെത്തേടിയുള്ള യാത്രകളുടെ സഞ്ചാരപഥം പലപ്പോഴും വായനക്കാരനെ ചിന്താകുഴപ്പത്തിലാക്കും. എങ്കിലും സ്വാര്‍ത്ഥതയും കീഴടക്കലുകളും കുത്തിയൊലിക്കുന്ന മനുഷ്യലോകത്തിന്‍റെ ദുരന്തവശത്തേക്ക് തുറക്കുന്ന ഒരു കണ്ണ് എന്ന നിലയില്‍ ആല്‍ഫ വിജയമാണ്.
ആല്‍ഫയുടെ ആവിഷ്കാര ഭൂമിക തുറന്നിടാത്ത മാനുഷിക വൈരുദ്ധ്യങ്ങളൊന്നുമില്ല. പുനര്‍വായന പലപ്പോഴും ആവശ്യമായി വരുന്നു. മനുഷ്യാവസ്ഥയുടെ അടിസ്ഥാന സത്യങ്ങളെ തേടിയുള്ള സാഹസികാന്വേഷണമാണിത്. വായനക്കാരനും എഴുത്തുകാരനും ഒന്നിച്ചുള്ള യാത്രയ്ക്കൊടുവില്‍ കണ്ടെത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിഭ്രമിപ്പിക്കുന്നതാണ്.
മനുഷ്യന്‍ എന്ന നഗ്നവാനരന്‍ എവിടെയെത്തിനില്‍ക്കുന്നു എന്ന അന്വേഷണത്തിന് അവനവനില്‍ അവസാനിക്കുകയല്ലാതെ മുന്നോട്ടു പോകാന്‍ വഴികളില്ല. മനുഷ്യന്‍റെ വൈവിദ്ധ്യം നിറഞ്ഞ മുഖങ്ങള്‍ മുന്നില്‍ തെളിയുമ്പോള്‍ എഴുത്തുകാരനും സംശയാലുവാകുന്നു. അസാധാരണമായ, മൗനംകൊണ്ട് മൂടിയ മരീചികയായി ഹോമോ സാപ്പിയന്‍ എന്ന മൃഗം മാറുന്നത് നോവലിസ്റ്റ് കാട്ടിത്തരുന്നു.
മനുഷ്യാവസ്ഥകളില്‍ വേദനിക്കുകയും കണ്ണു നിറയുകയും ചെയ്യുന്ന സഹൃദയത്വത്തിന് ഉള്‍ക്കൊള്ളാനാവാത്ത പ്രഹേളികയായി ലോകം മാറുന്നു. എന്നാല്‍ ഇതിനെ അതിജീവിക്കാന്‍ പ്രത്യയശാസ്ത്രത്തിന്‍റെ കുപ്പായമിട്ട് ശ്രമം നടത്തുന്ന കഥാപാത്രങ്ങളുണ്ട് ആല്‍ഫയില്‍. അന്‍വര്‍, ശ്വേത, ഊര്‍മ്മിള, അവിനാഷ് തുടങ്ങിയ കഥാപാത്രങ്ങള്‍ മനസ്സിന്‍റെ ആഴത്തിലേക്കുള്ള യാത്രയില്‍ സ്വയം നഷ്ടപ്പെടുന്നവരാണ്.
കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച് വിതരണത്തിനെത്തിച്ചിരിക്കുന്ന ഈ പുസ്തകത്തിന് വില 55 രൂപ.