ഉച്ചക്ക് ക്ഷീണിച്ച് വലഞ്ഞ് ഭക്ഷണം കഴിക്കുവാനിരിക്കുന്നവന്റെ ഇലയില്‍ രണ്ട് വറ്റ് ഇട്ടു കൊടുത്താല്‍ എങ്ങനെയിരിക്കും?. ആ ഒരു അനുഭവമാണ് വാണിദാസ് എളയാവൂരിന്റെ വടക്കന്‍ ഐതിഹ്യമാല വായിച്ചാല്‍ ഉണ്ടാകുക.
പരിപൂര്‍ണ്ണമായ സംതൃപ്തി പ്രദാനം ചെയ്യുവാന്‍ ഈ കൃതിക്ക് കഴിയുന്നില്ല. സമഗ്രതയില്ലാത്തതാണ് ഈ കൃതിയുടെ അപാകത.
ദക്ഷിണ കേരളത്തില്‍ നൂറ്റാണ്ടുകളിലായി പ്രചരിച്ചുവന്ന മിത്തുകളും ഐതിഹ്യങ്ങളും കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയെന്ന പേരില്‍ പ്രസിദ്ധികരിച്ചിരുന്നു. അദ്ദേഹം പ്രകടിപ്പിച്ച ആത്മാര്‍ത്ഥത ഗ്രന്ഥകാരന് മാതൃകയാക്കേണ്ടതായിരുന്നു.
ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറേണ്ട കൃതിയാണ് ശങ്കുണ്ണിയുടെ ഐതിഹ്യമാല. കോലത്തുനാട്ടില്‍ നിലനിന്നിരുന്ന ഐതിഹ്യങ്ങളാണ് വാണിദാസ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. 364 പേജുകളുള്ള ഈ കൃതിക്കായി കുറച്ചു കൂടി അദ്ദേഹം പരിശ്രമിക്കേണ്ടതായിരുന്നു.
വളരെ പെട്ടെന്ന് അദ്ദേഹം ഐതിഹ്യങ്ങള്‍ പറഞ്ഞു അവസാനിപ്പിക്കുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്, അറയ്ക്കല്‍ ബീവി, തച്ചോളി ഒതേനന്, മുച്ചിലോട്ട് ഭഗവതി, കതിവന്നൂര്‍ വീരന്...എന്നിങ്ങനെ കേരളം ഉള്ള കാലത്തോളം ഓര്‍മ്മിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നു.
ഐതിഹ്യങ്ങള്‍ യുക്തി കൊണ്ട് അളക്കുവാന്‍ കഴിയുകയില്ല. എന്നാല്‍, സൂക്ഷ്മവിശകലനത്തിന്റെ തീയിലിട്ട് ശുദ്ധീകരിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അത് യുക്തിക്ക് അന്യമല്ലെന്ന്. ദൈവം ഉണ്ടോയെന്നോ ഇല്ലായെന്നോ ആര്‍ക്കും തെളിയിക്കുവാന്‍ കഴിയുകയില്ല. അതു പോലെ തന്നെയാണ് ഐതിഹ്യങ്ങളുടെ കാര്യവും.
പറശ്ശനിക്കടവ് മുത്തപ്പന്, കതിവന്നൂര്‍ വീരന് തുടങ്ങിയവരില്‍ ദ്രാവിഡമായ രൌദ്രത ദര്‍ശിക്കാനാവും. ജാതീയത കൊടി കുത്തി വാന്നിരുന്ന കാലത്ത് സെമിറ്റിക് ദൈവങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ ഇവിടെയുണ്ടായിരുന്നു. കൃതിയുടെ ഏറ്റവും വലിയ മഹത്വം എന്നു പറയുന്നത് ദ്രാവിഡമായ ഐതിഹ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ്.
മിക്കി മൌസും ഹാരിപോട്ടറും അടക്കി ഭരിക്കുന്ന സ്വീകരണ മുറിയില്‍ മാത്രം കഴിയുന്ന നമ്മുടെ യുവതലമുറക്ക് ഒരു പാട് അര്‍ത്ഥതലങ്ങള്‍ പകര്‍ന്നു നല്കുന്നവയാണ് നമ്മുടെ ഐതിഹ്യങ്ങള്‍. സമൃദ്ധമായ ഐതിഹ്യ പാരമ്പര്യം നമ്മള്‍ക്കുണ്ട്. അതില്ലാത്ത ഒരു നാടുമില്ല.
അവയെ സമാഹരിക്കേണ്ടത് വരും തലമുറയോട് ഇപ്പോഴത്തെ തലമുറ ചെയ്യേണ്ട കടമയാണ്. ആ അര്‍ത്ഥത്തില്‍ വാണിദാസ് വലിയ കാര്യമാണ് ചെയ്തത്. എന്നാല്‍, അത് വായനക്കാര്‍ക്ക് എത്രമാത്രം ഉപയോഗപ്പെട്ടുവെന്നതിനെക്കുറിച്ച് ലേഖകന്‍ ഉത്തരം പറയുന്നില്ല.
WEBDUNIA|
Last Modified തിങ്കള്‍, 24 ഡിസംബര്‍ 2007 (18:23 IST)
ഇതിനു പുറമെ എഡിറ്റിങ്ങെന്ന പാവന കര്‍മ്മം ഈ കൃതിയില്‍ നടന്നിട്ടില്ല. അതിനാല്‍ വായന കഴിഞ്ഞാല്‍ ദുര്‍മേദസ് തേട്ടി വരും.