മനസ്സുകൊണ്ടളന്ന സ്നേഹദൂരങ്ങള്‍

balamaniamma
FILEFILE
മാതൃത്വത്തിന്‍റെ കവയിത്രിയ്ക്ക് മകളുടെ അക്ഷരപ്രണാമം. അമ്മിഞ്ഞപ്പാലിന്‍റെ മധുരത്തോടൊപ്പം എഴുത്തിന്‍റെ കരുത്തും പകര്‍ന്നു നല്‍കിയ അമ്മയുടെ ജീവിതപ്പാതയിലൂടെ ഒരു മകള്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണ് "പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍'.

നാലപ്പാട്ട് ബാലാമണിയമ്മയുടെ രചനാലോകത്തെക്കുറിച്ചും സാഹിത്യേതര ജീവിതത്തെപ്പറ്റിയും ദര്‍ശനങ്ങളെപ്പറ്റിയും ഉള്ള അനുഭവക്കുറിപ്പുകളിലൂടെ അമ്മ എന്തായിരുന്നു തങ്ങള്‍ക്കെന്നും മകള്‍ നാലപ്പാട്ട് സുലോചന തിരിച്ചറിയുന്നതാണ് ഈ കൃതി.

""അമ്മയെ എന്‍റെ സ്നേഹാദാരങ്ങള്‍ ഇഴയിട്ട നനുത്ത പുതപ്പാല്‍ പുതപ്പിച്ചു കിടത്തി ജനലിനപ്പുറത്ത് ഈ കട്ടിലില്‍ കണ്ണും നട്ട് കാല്‍പ്പാട് സൂക്ഷിക്കാത്ത കാറ്റിന്‍റെ മഹാവീഥിയില്‍ രാവും പകലും നിലയുറപ്പിച്ചിരിക്കുന്ന ദേവതാത്മാക്കളോട് ഞാന്‍ പറയുന്നു, നോക്കൂ, നിങ്ങളേക്കാള്‍ മേന്‍മയുള്ളൊരു വസ്തു.''...


""നാലപ്പാട്ട് മുകളിലെ നടുവിലെ അറയില്‍ അന്നമ്മ നഴ്സ് ഞാനെന്ന ശിശുവിനെ തലകീഴാക്കി പിടിച്ച് അടിച്ചലറിച്ചതില്‍ പിന്നെ 55 വര്‍ഷം കഴിഞ്ഞാണ് ജീവിതത്തിലൂടെയുള്ള അലച്ചിലെല്ലാം കഴിഞ്ഞ് ഞാനീ വീട്ടില്‍ അമ്മയോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ഇനി അമ്മ ഒന്നും ഇങ്ങോട്ട് തരണ്ട. ഒരു മകളുടെ കടമകള്‍ ചെയ്ത് എന്‍റെ തട്ട് ഉയര്‍ത്തിക്കളയാം എന്നായിരുന്നു വ്യാമോഹം. അപ്പോഴത്തെ അവസ്ഥയില്‍ എനിക്കൈന്തെങ്കിലും തരാനാവില്ല അമ്മയ്ക്ക് എന്ന് വിവരക്കേടു കൊണ്ട് ചിന്തിച്ചു പോയി.''
Dr Sulochana
FILEFILE


ജീവിതത്തിന്‍റെ രണ്ടറ്റങ്ങളില്‍ അമ്മയുടെ രണ്ടു ഭാവങ്ങള്‍ നാലപ്പാട്ട് സുലോചന ദര്‍ശിക്കുന്നതിലെ ഔചിത്യം ശ്രദ്ധിക്കുക. എല്ലാം ഉള്ളിലടക്കി ഒന്നും മിണ്ടാനാവാതെ നിസ്സംഗയായി രോഗക്കിടക്കയില്‍ കിടക്കുകയാണ് മലയാളത്തിന്‍റെ ആ മഹാകവയിത്രി. അവര്‍ക്കുള്ള സ്നേഹസമ്മാനമാണ് മകളുടെ ഈ പുസ്തകം.

കറന്‍റ് ബുക്സ് തൃശൂര്‍ പ്രസാധനം ചെയ്യുന്ന പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍ 2004 ജനുവരി 14-ാം തീയതി വൈകുന്നേരം നാലര മണിയ്ക്ക് കൊച്ചിയിലെ കീര്‍ത്തിനഗര്‍ റിക്രിയേഷന്‍ സെന്‍ററില്‍ വച്ച് ഡോ. കെ. അയ്യപ്പപണിക്കര്‍ ഡോ.കമലാ സുറയ്യയ്ക്ക് നല്‍കി പ്രകാശനം ചെയ്തു
WEBDUNIA|
.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :