aparna shaji|
Last Modified വെള്ളി, 2 ഡിസംബര്‍ 2016 (12:43 IST)
മുഖസൗന്ദര്യം വർധിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ചിലർക്ക് ഇക്കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാകില്ല. മാസത്തിൽ എത്ര തവണയാണ് ബ്യൂട്ടിപാർലറിലേക്ക് ഓടുന്നതെന്ന് ചോദിച്ചാൽ അക്കാര്യത്തിലും ഉത്തരമുണ്ടാകില്ല. പുരികം പറിക്കാൻ, മുഖക്കുരു കളയാൻ, മുടി മിനുക്കാൻ, മുഖകാന്തി വർധിപ്പിക്കാൻ... അങ്ങനെ നീളുന്നു. ഇക്കൂട്ടത്തിൽ ഒരു മാറ്റം വന്നിരിക്കുന്നത് പുരികത്തിനാണ്.
പുരികമൊന്ന് വളർന്നാൽ ബ്യൂട്ടിപാർലറിലേക്ക് ഓടുന്ന ഒരു കാലമുണ്ടായിരുന്നു. വില്ലു പോലെ വളഞ്ഞ പുരികമായിരുന്നു അന്നത്തെ ഫാഷൻ. എന്നാൽ, ഇന്നതല്ല. നല്ല കട്ടിയുള്ളതാണെങ്കിലും അതിനെ ഒന്നു ഷെയ്പ്പാക്കി എടുക്കുക, അതാണ് ഇപ്പോഴത്തെ ഫാഷൻ. കറുത്ത് കട്ടിയായി വളരുകയാണെങ്കിൽ മാത്രം അതിനെ ഭംഗിയായി വെട്ടിയെടുക്കുക. ഇല്ലെങ്കിൽ പുരികത്തെ അതിന്റെ പാട്ടിനെ വിടുക.
മാസത്തിൽ ഒരിക്കൽ പുരികം ത്രെഡ് ചെയ്യണം എന്ന് നിർബന്ധമുള്ളവരാണെങ്കിൽ വീതിയോടുകൂടി അതിനെ ത്രെഡ് ചെയ്യുക. നൂല്പോലെയുള്ള പുരികമൊക്കെ ഇപ്പോൾ ഔട്ട് ഓഫ് ഫാഷനായിരിക്കുകയാണ്. വീതി കുറഞ്ഞ പുരികമുള്ളവർക്കാണെങ്കിൽ ഐബ്രോ പെൻസിൽ, ബ്രോ മസ്കാര എന്നിവ ഉപയോഗിച്ച് പുരികം അൽപം വീതികൂട്ടിയെടുക്കാം.
അതുപോലെ പുരികം ശ്രദ്ധിക്കുന്നവർ നോക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. താരൻ. തലയിൽ താരനുണ്ടെങ്കിൽ അത് പുരുകത്തേയും മോശമായി ബാധിക്കും. മുഖത്തിന്റെ ആകൃതിക്കനുസരിച്ച് പുരികം ഷെയ്പ്പ് ചെയ്തെടുത്താൽ മുഖത്തെ ചില ‘പാളിച്ചകളൊക്കെ’ ഇല്ലാതാക്കാമെന്നാണ് മേക്കപ്പ് വിദഗ്ധർ പറയുന്നത്.