വില പലതാണെങ്കിലും നിറത്തിലും വര്‍ണത്തിലും വ്യത്യാസം ഉണ്ടെങ്കിലും എല്ലായിടവും തിരക്കോടുതിരക്ക്. കലം വാങ്ങാന്‍, ശര്‍ക്കര വാങ്ങാന്‍, അരിമാവിന്, വയണയിലയ്ക്ക്, പയറുപൊടിച്ചതിന് എല്ലാത്തിനും വന്‍ തിരക്ക്.
വില്‍ക്കാന്‍ കൊണ്ടുവരുന്നവ മുഴുവന്‍ ആ ദിവസം രാവിലെ തന്നെ തീരുമെന്ന് വഴിക്കച്ചവടക്കാരില്‍ ഒരാള്‍. 12 വര്‍ഷമായി വര്‍ഷം തോറും അരിപ്പൊടിയും വയണയിലയുമായി ഇയാള്‍ ഇവിടെയുണ്ട്.
വേനലിന്‍റെ വറുതിയില്‍ അടുപ്പില്‍ നിന്നുളള പുകയും ചൂടുമേറ്റ് ശരീരം തളരുമ്പോള്‍ ഉളളുതണുപ്പിക്കാന്‍ ലഘു പാനീയങ്ങളുമായി സന്നദ്ധ സംഘടനകളും ചെറുപ്പക്കാരും വീട്ടുകാരുമുണ്ട്.
മോരും രസ്നയും വെള്ളവും എല്ലാമുണ്ടിവിടെ. പൊങ്കാല കഴിഞ്ഞ് തിരികെപ്പോകുമ്പോഴും വഴി നീളെ കിട്ടും ശീതളപാനീയങ്ങള്‍. ഇത് പുണ്യമാണെന്ന വിശ്വാസമാണ് കൊടുക്കുന്നവര്‍ക്ക്.
പല സ്ഥലങ്ങളില്‍ നിന്നും സൗജന്യമായി ഭക്തജനങ്ങളെ അമ്പലപരിസരത്തെത്തിക്കുന്നതിന് ഓട്ടോറിക്ഷകളും ലോറിയും തയാറായി. ഇതോടൊപ്പം തന്നെ ഭക്ഷണപ്പൊതികളും അവര്‍ നല്‍കുന്നു. റസിഡന്‍റ്സ് അസോസിയേഷനുകളും വായനശാലകളും വീടുകളും മത്സരിച്ചാണ് പൊങ്കാലയിടാനെത്തുന്നവര്‍ക്ക് സേവനം ലഭ്യമാക്കുന്നത്.
തീപ്പൊള്ളലേറ്റാല്‍, ചൂടും പുകയുമടിച്ച് തല കറങ്ങിയാല്‍, കുഴഞ്ഞുവീണാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍മാരുടെ സന്നദ്ധ സംഘങ്ങള്‍ തന്നെ അമ്പലപരിസരത്തുണ്ട്. ഇതോടൊപ്പം വിവിധ രാഷ്ട്രീയ സംഘടനകളുടെ യുവജനവിഭാഗവും സേവന സന്നദ്ധരായി ക്ഷേത്രപരിസരത്തുണ്ട്.