പൊങ്കാലയ്ക്ക് മൂന്നു നാള്‍ മുമ്പേ അടുപ്പുകൂട്ടി കാത്തിരിക്കുകയാണ് ഭക്തകള്‍. ഊണുമുറക്കുവും ഉപേക്ഷിച്ച് അമ്മയുടെ തിരുനടയില്‍ തന്നെയിരുന്ന് പൊങ്കാല നിവേദിക്കാനുള്ള ആവേശം. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു പോലും ഭക്തര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
നിരത്തായ നിരത്തൊക്കെ, വീടായ വീടൊക്കെ പൊങ്കാലയടുപ്പുകള്‍ കൊണ്ട് നിറഞ്ഞു. ഇടവഴികളില്‍ നടവഴികളില്‍ നാലു കെട്ടില്‍ എല്ലായിടവും ആറ്റുകാലമ്മയെ മനസാ സ്മരിച്ചു കൊണ്ട് ഭക്തിയില്‍ നിറയുന്ന മനസും ശരീരവുമായി വ്രതം നോറ്റെത്തുന്ന അംഗനമാര്‍ മാത്രം . അതേ ഇത് കേരളക്കരയുടെ ഉത്സവം. സ്ത്രീകളുടെ മാത്രമായ ശബരിമലയില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മഹോത്സവം.
തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ ആറ്റുകാല്‍ അമ്പലം വരെയുള്ള സ്ഥലങ്ങളെല്ലാം ഭക്തിസാന്ദ്രമാണിപ്പോള്‍. മൈക്കുകള്‍ കെട്ടിയുയര്‍ത്തി അതിലൂടെ അമ്മയുടെ വരദാനങ്ങളെ നാടുമുഴുവന്‍ പാടികേള്‍പ്പിക്കുകയാണ് ഭക്തര്‍. എല്ലാ വഴികളും ആറ്റുകാലിലേയ്ക്ക്. എല്ലാ മനസും അമ്മയുടെ അപദാനങ്ങള്‍ വാഴ്ത്താന്‍. എല്ലാ കണ്ണുകളും ആ ദര്‍ശന സായൂജ്യത്തിന്. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം.
ഓരോ വര്‍ഷവും പൊങ്കാലയിടാനെത്തുന്നവരുടെ തിരക്ക് കൂടിവരികയാണ്. കന്നി അയ്യപ്പന്‍ മലചവിട്ടാനെത്താത്ത വര്‍ഷം മാളി കപ്പുറത്തമ്മയെ താന്‍ മംഗലം കഴിക്കുമെന്ന് അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. ആറ്റുകാലിലും അങ്ങനെ എന്തെങ്കിലും ശപഥങ്ങളുണ്ടോ?
എല്ലാ വര്‍ഷവും പൊങ്കാലയിടാനെത്തുന്ന പുതുമുഖങ്ങള്‍ ആയിരത്തിലധികം വരും. സര്‍വ്വാഭീഷ്ടദായിനിയായ അമ്മയുടെ കഥ കേട്ട് പൊങ്കാലയുടെ ആധ്യാത്മിക വിശുദ്ധി നേരിലറിയാന്‍, അതില്‍ പങ്കു ചേരാന്‍ പുതുതായെത്തുന്നവര്‍ എത്രയെങ്കിലുമാണ്.
പൊങ്കാല ദിനത്തില്‍ ആറ്റുകാല്‍ പരിസരത്ത് വിപണി സജീവമാണ്. പൊങ്കാലയടുപ്പിനുള്ള കല്ലുകള്‍ മുതല്‍ വൈകുന്നേരത്തെ താലപ്പൊലിയ്ക്കണിയാനുള്ള കിരീടങ്ങള്‍ വരെ സര്‍വ്വതും തയാര്‍.