ആം ആദ്മിയുടേത് ഫേസ്ബുക്ക് രാഷ്ട്രീയം: അശ്വതി നായര്‍
വി ഹരികൃഷ്ണന്
PRO
PRO
ആം ആദ്മിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ എന്താണ് കാരണം?
ഞാനൊരു രാഷ്ട്രീയപ്രവര്‍ത്തകയല്ല, സാമൂഹികപ്രവര്‍ത്തകയാണ്. അനീതിക്കെതിരേ പോരാടുന്ന, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഒരാളാണ്. പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ്. തെരുവിലെത്തപ്പെടുന്നവര്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്. രാഷ്ട്രീയം ഒരു ലക്ഷ്യമായി മനസിലില്ലായിരുന്നു. ഭക്ഷണം കൊടുക്കുന്നതൊക്കെ നമുക്ക് എന്നും ചെയ്യാവുന്നതാണ്. പക്ഷേ സോഷ്യല്‍ ഇഷ്യൂസില്‍ ഇടപെടുമ്പോള്‍ സപ്പോര്‍ട്ട് കുറവാണ്. ഒരു പരിധിവരെ മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. മറ്റുള്ളവരുടെ കൈയിലാണല്ലോ പവറൊക്കെ. അപ്പോള്‍ ആം ആദ്മിക്കാര് സമീപിക്കുമ്പോള്‍ കുറെക്കൂടി കാര്യം ചെയ്യാന്‍ കഴിയുമല്ലോയെന്നായിരുന്നു ചിന്ത.
ആദ്യം ഫെബ്രുവരി 22ന് വിളിച്ചു. ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് പറഞ്ഞപ്പോള്‍, ഇവിടുത്തെ പ്രവര്‍ത്തനം നിര്‍ത്താന്‍ പറ്റില്ലല്ലോ എന്ന് മറുപടി നല്കി. പിന്നീട് മാര്‍ച്ച് ആറിന് വീണ്ടും വിളിച്ച് ആലപ്പുഴയിലെ കോളജ് സ്റ്റുഡന്റ്സിനിടയില്‍ അശ്വതിക്ക് സ്വാധീനമുണ്ടെന്ന് സര്‍വേ നടത്തിയപ്പോള്‍ തെളിഞ്ഞുവെന്ന് പറഞ്ഞു. അങ്ങനെയാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ആലപ്പുഴയിലേക്ക് അപേക്ഷിക്കുകയും സ്ക്രീനിംഗിന് പോകുകയും ചെയ്തു. അതിനുശേഷം രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം ഓഫീസിലേക്ക് വിളിച്ചു. അവിടെ ചെന്നപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞ കാര്യം, പാര്‍ട്ടിക്കകത്ത് തന്നെ ഒരു കമ്യൂണിക്കേഷന്‍ ഇല്ല എന്നതാണ്. സംസ്ഥാനത്ത് ആകെപ്പാടെ 50 പേര് പാര്‍ട്ടിയിലുണ്ടെങ്കില്‍ അവരെ ഏകോപിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. സംസ്ഥാന നേതൃത്വമെന്നു പറഞ്ഞാല്‍ മനോജ് പത്മനാഭന്, കെ പി രതീഷ് എന്നിവര്‍. ഇവര്‍ ഒന്നെന്ന് പറഞ്ഞാല്‍ ബാക്കിയുള്ളവരും ഒന്നെന്ന് പറയണം. അല്ലാത്തവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും, ഇതാണ് സ്ഥിതി.
അശ്വതിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതാരാണ്?
കൊല്ലത്തെ ആം ആദ്മിയുടെ എക്സിക്യൂട്ടീവ് അംഗം രാജ്കൃഷണ എന്നയാളാണ് ക്ഷണിച്ചത്. കൊല്ലത്ത് ആകെ എട്ടുപേരാണ് ആം ആദ്മി അംഗങ്ങള്‍!
ഏത് സാഹചര്യത്തിലാണ് ആലപ്പുഴയില്‍നിന്ന് കൊല്ലത്തേക്ക് സ്ഥാനാര്‍ത്ഥിത്വം മാറിയത്?
മാര്‍ച്ച് എട്ടാം തീയതി വിളിച്ച് ആലപ്പുഴയില്‍ മത്സരിക്കണമെന്ന് പറഞ്ഞു. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും തുടങ്ങി. എന്നാല്‍ മാര്‍ച്ച് 10ന് തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്നെ പരിചയപ്പെടുത്തിയത് ‘കൊല്ലം സ്ഥാനാര്‍ത്ഥി’ എന്നാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു ‘ഞാന്‍ ആലപ്പുഴ സ്ഥാനാര്‍ഥിയല്ലേ?’. അപ്പോള്‍, ഇരുന്നു സംസാരിക്കാമെന്ന് പറഞ്ഞു. എന്നിട്ട് ആലപ്പുഴയില്‍ നിറയെ വിമതരാണ്, കൊല്ലത്ത് മത്സരിച്ചാല്‍ മതിയെന്ന് വിശദീകരിച്ചു. എന്റെ അനുമതിപോലും ചോദിക്കാതെ കൊല്ലം സ്ഥാനാര്‍ഥിയായി അവരെന്നെ നിശ്ചയിക്കുകയായിരുന്നു. മറ്റേത് പാര്‍ട്ടിയിലും ഇതു നടക്കുമായിരിക്കും. എന്നാല്‍ ആം ആദ്മി പോലൊരു പാര്‍ട്ടിയില്‍ ഇത് ശരിയായ കാര്യമല്ല. സ്വരാജ് എന്ന മുദ്രാവാക്യമാണ് പാര്‍ട്ടിയുടേത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ് സ്ഥാനാര്‍ത്ഥികള്‍. അപ്പോള്‍ സര്‍വേയിലൂടെയും ജനസഭയിലൂടെയുമൊക്കെ ആലപ്പുഴയില്‍ സപ്പോര്‍ട്ടുണ്ടെന്ന് തെളിയുകയും അതിനുശേഷം കൊല്ലത്തേക്ക് മാറ്റുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരും. ഈ ചോദ്യം ജില്ലാ കമ്മിറ്റി ഉന്നയിച്ചപ്പോള്‍ ഇരുചേരി തിരിഞ്ഞ് വാക്കേറ്റം ഉണ്ടായി. പിന്നെ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
അതിനുശേഷം ഉണ്ടായതെല്ലാം ട്രാപ്പായിരുന്നു. അടുത്ത ദിവസം കൊല്ലം സ്ഥാനാര്‍ഥിയായി എന്നെ പ്രഖ്യാപിച്ചുകൊണ്ട് വെബ്സൈറ്റിലിട്ടു. അപ്പോള്‍ നമ്മള് പറയുന്ന വാക്കിന് വിലയില്ല. നമ്മള് പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തയാറാകുന്നില്ല. ഇതൊക്കെ ആകെ അസ്വസ്ഥത സൃഷ്ടിച്ചു.
എന്തുകൊണ്ട് കൊല്ലത്ത് മത്സരിച്ചില്ല?
കൊല്ലത്തെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നു. കൂടാതെ ഇത്രയും അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ആലപ്പുഴയാണെങ്കില്‍ ജ്വാലയുടെ പ്രവര്‍ത്തനമൊക്കെയായി കോളജ് സ്റ്റുഡന്റ്സിനിടെ എനിക്ക് സ്വാധീനം ഉണ്ട്. കൂടാതെ അങ്ങനെ സര്‍വേ നടത്തിയപ്പോള്‍ തെളിഞ്ഞുവെന്നൊക്കെ പറഞ്ഞതാണ് മത്സരരംഗത്തേക്ക് പോകാന്‍ കാരണം.
മത്സരിക്കാനുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നാസര്‍ എന്നൊരാള്‍ വീട്ടില്‍ വന്നു. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍, എന്‍ക്വയറിക്ക് വന്നതാണെന്ന് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നാണെന്ന് പറഞ്ഞ് എന്നെ അറിയിക്കാതെ വീട്ടില്‍ വന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍, താന്‍ ആം ആദ്മിയിലെ വിരുദ്ധ ഗ്രൂപ്പാണെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ മൊത്തത്തില്‍ ഒരുതരം ദുരൂഹത നമുക്ക് തോന്നും. അപ്പോള്‍ കൊല്ലത്തും ക്ലിയറായല്ല പ്രവര്‍ത്തനം നടക്കുന്നതെന്ന് മനസിലായി. കെട്ടുറപ്പില്ലാത്ത, സുരക്ഷിതത്വമില്ലാത്ത കേരള ഘടകമാണെന്ന് ബോധ്യമായി. എനിക്ക് എങ്ങനെയെങ്കിലും പിന്മാറിയാല് മതിയെന്ന അവസ്ഥയായി. ഇതിനിടയ്ക്ക് ഇവര്‍ ഫേസ്ബുക്കിലൂടെ പ്രചരണം ആരംഭിച്ചിരുന്നു. അങ്ങനെ സ്വാഭാവികമായും ഞാന്‍ സ്ഥാനാര്‍ഥിയായി. പിന്നീടുള്ള ഫൈറ്റ് മുഴുവന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തമ്മിലായിരുന്നു.
ഇതിനിടെ സാംബിയയില്‍നിന്ന് ജാക്സണ് പീറ്റര്‍ എന്നു പറയുന്ന ഒരാള്‍, ആലപ്പുഴക്കാരനാണ്, അയാള്‍ വിളിച്ചിട്ട് ആലപ്പുഴയില്‍നിന്ന് പിന്മാറണമെന്ന് പറഞ്ഞു. കൊല്ലത്തേക്ക് മാറണം, സംസ്ഥാന നേതൃത്വം പറഞ്ഞിട്ടാണ്, എന്ത് സാമ്പത്തിക സഹായം വേണമെങ്കിലും തരാമെന്നും പറഞ്ഞു. അയാളുടെ ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ്റ് പരിശോധിച്ചാല്‍ അറിയാം, സംസ്ഥാന തലത്തില്‍ എല്ലാ ആംആദ്മി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇതു കൂടിയായപ്പോള്‍ ഞാന്‍ മനോജ് പത്മനാഭനെ വിളിച്ച് ഞാനൊപ്പിട്ട് തന്ന അഫിഡവിറ്റ് പിന്‍വലിക്കണമെന്ന് പറഞ്ഞു. ഒരു വിവാദമുണ്ടാവാതിരിക്കാനാണ് ഞാനങ്ങനെ ചെയ്തത്. എന്നാല്‍ ഇവരാരും തന്നെ റീച്ചബിള്‍ അല്ല. ഞാന്‍ ഇതു പറഞ്ഞ ശേഷം എനിക്കുള്ള മറുപടി മനോജ് പത്മനാഭന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇത് വലിയ ചര്‍ച്ചയായി. എന്തിനാണ് അശ്വതിയെ മാറ്റിയത്?, മുപ്പതു വെള്ളിക്കാശിന് വേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുത്തോ എന്നൊക്കെ കമന്റുകള്‍ വന്നു. അശ്വതി ആലപ്പുഴയിലേക്കല്ല, കൊല്ലത്തേക്കാണ് അപേക്ഷ നല്‍കിയത്, ആര്‍ക്ക് വേണമെങ്കിലും വിവരാവകാശനിയമപ്രകാരം പരിശോധിക്കാമെന്നായിരുന്നു ആം ആദ്മി നേതാക്കളുടെ ഫേസ്ബുക്കിലൂടെയുള്ള മറുപടി. ഇത്രയുമായപ്പോള്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നു. തുടര്‍ന്ന് ഇതുവരെയുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ ഞാന്‍ വിശദീകരിച്ചു. അതുപോലെ, കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ് വന്നപ്പോള്‍ അശ്വതിയെന്നൊരു സ്ഥാനാര്‍ഥിയെ അറിയില്ലെന്ന് പറഞ്ഞു. സ്വയം പ്രചരണം നടത്തിയതാണെന്നൊക്കെ. പ്രചരണം നടത്താനാണെങ്കില്‍ 20,000ത്തോളം റീച്ചുള്ള ഫേസ്ബുക്ക് പേജാണ് എന്റേത്. പക്ഷേ നാളിതുവരെ ഫേസ്ബുക്ക് പേജിലൂടെ ഞാന്‍ സ്ഥാനാര്ഥിയാണെന്നുപോലും പ്രചരണം നടത്തിയിട്ടില്ല.
WEBDUNIA|
ആം ആദ്മിയുണ്ടാക്കിയ തരംഗം രാജ്യത്ത് ഇപ്പോഴും അലയടിക്കുകയാണ്. ഇതിനൊപ്പം ഒട്ടേറെ പ്രശസ്തര്‍ അണിനിരന്നു. ഒപ്പം വിവാദങ്ങളും. ഏറ്റവുമൊടുവില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ ആലപ്പുഴ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള വിവാദങ്ങളാണ്.
അശ്വതി നായര്‍ എന്ന പൊതുപ്രവര്‍ത്തകയെ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് കൊല്ലത്തേക്ക് മാറ്റുകയും ചെയ്തു. ഒടുവില്‍ അശ്വതിയുടെ പിന്മാറ്റത്തില് കലാശിക്കുകയും ചെയ്തു. ജ്വാലയെന്ന സംഘടനയിലൂടെ, തെരുവില്‍ കഴിയുന്ന അശരണര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് അശ്വതി നായരെ പൊതുസമൂഹത്തില്‍ ശ്രദ്ധേയയാക്കിയത്. സ്ഥാനാര്‍ഥിത്വവും പിന്മാറ്റവും ആം ആദ്മിയുടെ രാഷ്ട്രീയ ഉള്ളറകളുമെല്ലാം അശ്വതി നായര്‍ മലയാളം വെബ്ദുനിയയോട് തുറന്നുപറയുന്നു.