കൊച്ചി ലോക ഐ.ടി ഭൂപടത്തില്‍

കൊച്ചി| WEBDUNIA| Last Modified വെള്ളി, 16 നവം‌ബര്‍ 2007 (12:05 IST)
ലോക ഐ.ടി ഭൂപടത്തില്‍ ഇനി കൊച്ചിയും ഇടം‌പിടിക്കുന്നു. സംസ്ഥാന സര്‍ക്കാരും ടീക്കോമും സംയുക്തമായി കൊച്ചിയില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട്‌ സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെയാണിത്‌.

പദ്ധതി കൊച്ചിയെ ദക്ഷിണേഷ്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു നഗരമായി മാറ്റും. ഇന്ന് നടക്കുന്ന ശിലാസ്ഥാപനം വളരെ പ്രതീക്ഷയോടെയാണ് കൊച്ചിയിലെ ജനങ്ങളും ഐ.ടി വിദഗ്ധരും നോക്കിക്കാണുന്നത്. 800 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പൂര്‍ത്തിയാകുന്നതൊടെ കൊച്ചി കേരളത്തിന്‍റെ ഐ.ടി. തലസ്ഥാനമായി മാറും.

സാമ്പത്തികമായും തൊഴില്‍‌പരമായും ഒരുപാട് മാറ്റങ്ങള്‍ ഇവിടെയുണ്ടാകും. പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനും ടീക്കോം എക്സിക്യുട്ടീവ്‌ ചെയര്‍മാന്‍ അഹമ്മദ്‌ ബിന്‍ ബയാത്തും ചേര്‍ന്ന്‌ നിര്‍വ്വഹിക്കും. 2004 നവംബറില്‍ ആരംഭിച്ച ചര്‍ച്ചകള്‍ ശിലാസ്ഥാപനത്തോടെ ലക്‍ഷ്യം കണ്ടിരിക്കുകയാണ്.

പദ്ധതിയിലൂടെ 90,000 തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. പദ്ധതി നടത്തിപ്പിനായി 246 ഏക്കര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ ടീക്കോമിന്‌ കൈമാറും. തൃക്കാക്കര പഞ്ചായത്ത്, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലായാണ് പദ്ധതി വരുന്നത്. ഇത് കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റും.

പദ്ധതി വരുന്നതിന് മുമ്പ് തന്നെ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിച്ചുകഴിഞ്ഞു. പത്ത്‌ വര്‍ഷംകൊണ്ട്‌ 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്മാര്‍ട്ട്‌ സിറ്റിക്ക്‌ അനുബന്ധമായി ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങള്‍ സംജാതമാകും.

ഭക്‌ഷ്യ-സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി സി.ദിവാകരന്‍, ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌, ഫിഷറീസ്‌ മന്ത്രി എസ്‌.ശര്‍മ്മ, കൊച്ചി മേയര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ചീഫ്‌ സെക്രട്ടറി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ടീക്കോം പ്രതിനിധികള്‍ സംബന്ധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :