മജ്ജമാറ്റിവയ്ക്കല്‍ ആര്‍.സി.സിയില്‍

തിരുവനന്തപുരം | WEBDUNIA| Last Modified ശനി, 6 ഒക്‌ടോബര്‍ 2007 (10:17 IST)
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യൂണിറ്റ് തിരുവനന്തപുരം റീ‍ജ്യണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ നാലമാത്തെ സംസ്ഥാനമായി കേരളം മാറും.

ശസ്ത്രക്രിയയ്ക്ക് സര്‍വ്വസജ്ജമായ യൂണിറ്റാണ് ആര്‍.സി.സിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ,വെല്ലൂര്‍ എന്നിവിടങ്ങളില്‍ മാ‍ത്രമാണ് ഇപ്പോള്‍ മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സൌകര്യമുള്ളു. 15 ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെ ചെലവുള്ള ഈ ചികിത്സ ആര്‍.സി.സി മൂന്നിലൊന്ന് ചെലവില്‍ നടത്തും.

നാല് രോഗികള്‍ക്ക് ഒരേ സമയം ചികിത്സ നല്‍കാനാവും. ഒരു സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ആദ്യത്തെ മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റാണ് തിരുവനന്തപുരം ആര്‍.സി.സിയിലേത്. ലോകോത്തര നിലവാരമുള്ള സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രോഗികളില്‍ നിന്നും മരുന്നുകളുടെ വില മാത്രമേ ആര്‍.സി.സി ഈടാക്കുകയുള്ളൂ.

ഹെല്‍ത്ത് ടൂറിസം രംഗത്ത് സ്ഥാനം ഉറപ്പിക്കാനും ഇതിലൂടെ കേരളത്തിന് സാധിക്കും. ആറ് കോടി രൂപ ചെലവ് വരുന്ന എം.ആര്‍.ഐ സ്കാന്‍ യൂണിറ്റ് അടുത്ത മാസം ആര്‍.സി.സിയില്‍ സ്ഥാപിക്കും.

ഇവിടെ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടുത്ത മാസം ഒന്നാംതീയതി മുതല്‍ ദിവസം നാല് നേരം സൌജന്യമായി ഭക്ഷണം നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :