പാകിസ്ഥാനിലെ ഏക ക്രിസ്ത്യന്‍ മന്ത്രിയെ വധിച്ചു

ഇസ്ലമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാനിലെ ന്യൂനപക്ഷകാര്യ മന്ത്രിയായ ഷബാസ് ഭട്ടിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. ബുധനാഴ്ച രാവിലെയാണ് ഷബാസ് ഭട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. വാഹനത്തില്‍ എത്തിയ രണ്ട് അജ്ഞാതര്‍ ഭട്ടിയുടെ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായ മുറിവുകളോടെ ഭട്ടിയെ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭട്ടിയെ വെടിവച്ച അജ്ഞാതര്‍ അവര്‍ വന്ന വാഹനത്തില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സ്വരമുയര്‍ത്തിയിരുന്ന ഭട്ടി, പാകിസ്ഥാനിലെ ഏക ക്രിസ്ത്യന്‍ മന്ത്രിയാണ്. പാകിസ്ഥാനിലെ കര്‍ശനമായ ‘മതനിന്ദ’ നിയമങ്ങള്‍ക്കും ഭട്ടി എതിരായിരുന്നു. മതനിന്ദ ആരോപിച്ച്, പഞ്ചാബിലെ ഗവര്‍ണര്‍ സല്‍‌മാന്‍ തസീറിനെ കൊന്ന സംഭവത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ചതോടെ താലിബാന്റെ നോട്ടപ്പുള്ളി ആവുകയായിരുന്നു ഭട്ടി. ഫെബ്രുവരിയില്‍ കാനഡ സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് വധ ഭീഷണി ഉണ്ടെന്ന് വിദേശമാധ്യമങ്ങളോട് ഭട്ടി വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിയാണ് ഭട്ടി.

“പലവട്ടം എന്നെ കൊല്ലാനായി അവര്‍ (താലിബാന്‍‍) ശ്രമിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെ പറ്റി പറഞ്ഞതിന് ജയിലിലും കിടക്കേണ്ടി വന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ പറ്റിയും അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയും പറയുന്നത് ഞാന്‍ തുടര്‍ന്നാല്‍ എന്നെ കൊല്ലുമെന്നാണ് അവരുടെ അന്ത്യശാസനം. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ കൊല്ലപ്പെടുമെന്ന് ഉറപ്പ്. പക്ഷേ, അന്ത്യശ്വാസം വരേക്കും ഞാന്‍ എന്റെ നീതിക്ക് വേണ്ടി നിലകൊള്ളും.”

“പാകിസ്ഥാനില്‍ ആരും നബിക്കെതിരെയും ഇസ്ലാമിനെതിരെയും ഒന്നും പറയാറില്ല. എങ്കിലും ‘മതനിന്ദ’ നടത്തി എന്നാരോപിച്ചുകൊണ്ട് തീവ്ര നിലപാടുള്ള മുസ്ലീങ്ങള്‍ അവരുടെ ശത്രുക്കളെ വധിക്കുകയാണ്. സിക്കുകാരും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ മുസ്ലീങ്ങള്‍ക്കൊപ്പം തുല്യ അഭിപ്രായസ്വാതന്ത്ര്യത്തോടെ കഴിയുന്ന പാകിസ്ഥാനാണ് എന്റെ സ്വപ്നം” - ഭട്ടി കാനഡയില്‍ വച്ച് പറഞ്ഞിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന ഭട്ടിയുടെ വധം ലോകരാഷ്‌ട്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. മന്ത്രിയായാല്‍ പോലും തീവ്ര നിലപാടുള്ള മുസ്ലീങ്ങളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പാകിസ്ഥാനില്‍ സംജാതമായിരിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ അഫ്ഗാനിസ്ഥാന്റെ അവസ്ഥ തന്നെ പാകിസ്ഥാനും ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് തരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :