സമാധാനത്തിന്‍റെ വിശുദ്ധസന്ദേശം

WEBDUNIA|
“ കാവല്‍ മാലാഖമാരേ
കണ്ണടയ്ക്കരുതേ..
താഴെ പുല്‍ത്തൊട്ടിയില്‍
രാജരാജന്‍ മയങ്ങുന്നു”
ക്രിസ്മസ് കരോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഒരു മഞ്ഞുതുള്ളി പോലെ അടര്‍ന്നു വീഴുന്ന ഗാ‍നമാണിത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ണിയേശു കാലിത്തൊഴുത്തില്‍ പിറന്നപ്പോള്‍ ആട്ടിടയന്മാര്‍ പറഞ്ഞതും രാജാക്കന്മാര്‍ ആഗ്രഹിച്ചതും ഇന്ന് ലോകം ഏറ്റുപാടുകയാണ്.

മഞ്ഞുപെയ്യുന്ന രാവില്‍ ഉണ്ണിയേശു പിറന്നു വീണപ്പോള്‍ ദൈവം ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ആദ്യം തെരഞ്ഞെടുത്തത് വനാന്തരങ്ങളില്‍ ആടിനെ മേയ്ച്ചുനടന്ന ഇടയന്മാരെയായിരുന്നു. കാലിത്തൊഴുത്തില്‍ ഉണ്ണി പിറന്നപ്പോള്‍ ഇടയന്മാര്‍ക്ക് ദൈവദൂതന്മാര്‍ ദര്‍ശനം നല്‍കി, “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.” ആട്ടിടയര്‍ വൈകിയില്ല. മാലഖമാര്‍ പറഞ്ഞ പാത പിന്തുടര്‍ന്ന് അവര്‍ ഉണ്ണിയേശുവിനെ കണ്ട് വണങ്ങി.

പിന്നെ, അങ്ങ് ദൂരെ ദുരെ നിന്ന് കാലിത്തൊഴുത്ത് തേടി മൂന്ന് രാജാക്കന്മാര്‍ വന്നു. കിഴക്കുദിച്ച നക്ഷത്രത്തെ ലക്‍ഷ്യമാക്കിയാണ് അവര്‍ പിറന്നു വീണ ലോകരാജാവിനെ കാണാ‍നെത്തിയത്. നക്ഷത്രം മുന്‍പില്‍ വഴികാണിച്ചപ്പോള്‍ ആ പാത നിര്‍ഭയം പിന്തുടര്‍ന്ന് ലോകരക്ഷകന്‍റെ തൃപ്പാദത്തിന്നരികില്‍ അവരെത്തി, പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയര്‍പ്പിച്ച് വണങ്ങുന്നതിനായി.

പക്ഷേ, പാപം നിറഞ്ഞ ലോകത്തിന് ഒരു പുതിയ രക്ഷകനെ കിട്ടിയ വര്‍ത്ത അറിഞ്ഞ് സമാധാനം നഷ്ടപ്പെട്ട ഒരു രാജാവിനെയും വിശുദ്ധ ബൈബിളില്‍ നമുക്ക് കാണാം. ഹേറോദേസ്! ബേത്‌ലഹേമില്‍ ലോകരക്ഷയ്ക്കായി ഉണ്ണി പിറന്നപ്പോള്‍ രണ്ട് വയസ്സിനു താഴെയുള്ള പിഞ്ചു പൈതങ്ങളെ വാളിനിരയാക്കിയ രാ‍ജാവ്.

ക്രിസ്മസ് ഉണ്ണിയേശുവിന്‍റെ ജനനത്തെ സ്മരിക്കുമ്പോള്‍ ഇന്നും ലോകരക്ഷകനു വേണ്ടി ജീവന്‍ നഷ്ടപെടുത്തിയ പൈതങ്ങളെയും സ്മരിക്കാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :