ജോലിഭാരം കാരണം ഭാര്യയെ നിങ്ങള്‍ മറന്നുപോയാല്‍.... !

ജോലി വിവാഹജീവിതത്തെ ബാധിക്കും!

Job, Wife, Husband, Marriage, Health, ജോലി, ജോലിഭാരം, ഭാര്യ, ഭര്‍ത്താവ്, ആരോഗ്യം, വിവാഹം
Last Updated: ചൊവ്വ, 15 മാര്‍ച്ച് 2016 (17:27 IST)
ഒരാഴ്ചയില്‍ 90 മണിക്കൂര്‍ സമയം ഓഫീസില്‍ ചെലവഴിക്കുക. ഒരര്‍ത്ഥത്തില്‍ നല്ല കാര്യമാണ്. ഓഫീസില്‍ നിങ്ങളുടെ മുകളിലുള്ളവര്‍ക്ക് നിങ്ങളെക്കുറിച്ച് മികച്ച അഭിപ്രായമുണ്ടാകും. ജോലിയില്‍ നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയും. വലിയ വലിയ പൊസിഷനുകളിലേക്ക് നിങ്ങള്‍ കയറിക്കയറിപ്പോകും. എന്നാല്‍ ചില തിരിച്ചടികള്‍ ഉണ്ടാകും എന്നുറപ്പാണ്. ഒന്നാമത്തേത് ആരോഗ്യം തന്നെ. അമിതമായി ജോലി ചെയ്യുന്നത് ആരോഗ്യത്തെ തകര്‍ക്കുകതന്നെ ചെയ്യും.

നിങ്ങള്‍ വിവാഹം കഴിച്ച ആളാണെങ്കില്‍, ജോലി ചെയ്യുന്ന ഈ രീതി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നുറപ്പ്. വിവാഹജീവിതം പരാജയമാകാന്‍ വരെ ഇത് കാരണമാകും. ആഴ്ചയില്‍ 90 മണിക്കൂര്‍ ഓഫീസില്‍ ചെലവഴിക്കുന്നവര്‍ക്ക് തന്‍റെ പങ്കാളിയോട് സംസാരിക്കാന്‍ പോലും എവിടെ നേരം?

നിങ്ങളുടെ ജോലി നിങ്ങളുടെ വിവാഹജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്നുപോലും ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായെന്ന് വരില്ല. എല്ലാം സാധാരണമട്ടിലാണല്ലോ എന്ന് കരുതിയിരിക്കെ എവിടെയെങ്കിലും ഒരു പൊട്ടിത്തെറിയുണ്ടായേക്കാം.

പങ്കാളിയുമൊത്ത് ഒരു സിനിമ കാണാന്‍ തീരുമാനിക്കുകയും നിങ്ങളുടെ ജോലിത്തിരക്കുമൂലം അത് നടക്കാതെ പോവുകയും ചെയ്താല്‍, പങ്കാളിയോടൊപ്പം സുഹൃത്തുക്കളുടെ വീട് സന്ദര്‍ശിക്കാനിരിക്കുകയും ജോലി കാരണം അത് മുടങ്ങുകയും ചെയ്താല്‍, അറിയുക; ജോലി നിങ്ങളുടെ വിവാഹജീവിതത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു!

നിങ്ങളോടുള്ള സ്നേഹം മൂലം പങ്കാളി ചിലപ്പോള്‍ ആദ്യമൊക്കെ ഇത് നിശബ്ദം സഹിച്ചെന്നിരിക്കും. നിങ്ങള്‍ അതൊരു സൌകര്യമായി എടുക്കുകയും ചെയ്യും. എന്നാല്‍ പോകെപ്പോകെ, ഇപ്പോള്‍ നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന പല കാര്യങ്ങളും ഭീമാകാര പ്രശ്നങ്ങളായി വളര്‍ന്ന് നിങ്ങളുടെ വിവാഹജീവിതത്തെ വരെ ഉലയ്ക്കും.

ജോലി ചെയ്ത് ക്ഷീണിച്ചുവന്ന് പങ്കാളിയുടെ നേരെ ഒന്ന് ചിരിക്കാന്‍ പോലും കഴിയാതെ വരുമ്പോള്‍ ഓര്‍ക്കുക, ഈ രീതി മാറാന്‍ സമയമായിരിക്കുന്നു. നിങ്ങളുടെ ജോലിഭാരം വീട്ടിലേക്കും എടുത്തുകൊണ്ടുപോകുകയും നിങ്ങളും പങ്കാളിയും നിങ്ങളുടെ ജോലിക്കാര്യത്തേപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തിയാല്‍ മനസിലാക്കുക, ഇത് വല്ലാത്ത അപകടത്തിലേക്കുള്ള യാത്രയാണെന്ന്. നിങ്ങളുടെ ജീവിതത്തിലെ പല വിശേഷ സാഹചര്യങ്ങളും ജോലിത്തിരക്കുമൂലം മാറ്റിവയ്ക്കേണ്ടി വന്നാല്‍, വെഡ്ഡിംഗ് ആനിവേഴ്സറി, പങ്കാളിയുടെ ജന്‍‌മദിനം എന്നിവയൊക്കെ ജോലിത്തിരക്കുമൂലം മറന്നാല്‍ നിങ്ങളറിയുക, നിങ്ങള്‍ക്ക് ഉടന്‍ ഒരു മാറ്റം ആവശ്യമാണെന്ന്.

ആവശ്യത്തിനും അനാവശ്യത്തിനും പങ്കാളിയുമായി തര്‍ക്കിക്കുന്നതും സമൂഹത്തില്‍ ഇടപഴകാന്‍ താല്‍പ്പര്യമില്ലാത്തതുമെല്ലാം ജോലിയുടെ സമ്മര്‍ദ്ദം കൊണ്ടുതന്നെയാവാം. നിങ്ങളുടെ ജോലിത്തിരക്ക് പതിവാകുകയും ജീവിതം യാന്ത്രികമാവുകയും ചെയ്യുമ്പോള്‍ ആദ്യമാദ്യം പങ്കാളി മുനവച്ച തമാശകളിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിക്കും. പിന്നീട് തുറന്നുപറയും. സഹിക്കാന്‍ കഴിയാതെയാകുമ്പോള്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. എങ്കില്‍ എങ്ങനെയെങ്കിലും പങ്കാളിയെ സന്തോഷിപ്പിക്കാനായി അല്‍പ്പം സമയം ചെലവഴിക്കാന്‍ തുടങ്ങിയാല്‍, നിങ്ങളുടെ ജോലിക്കാര്യങ്ങളെല്ലാം താറുമാറാകുകയും ചെയ്യും.

മനസിലാക്കുക. കുടുംബമാണ് ഏറ്റവും പ്രധാനം. ആദ്യം അതിന് അടിത്തറയുണ്ടാക്കുക. പിന്നീട് അതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കുക. അത്യാവശ്യം വിട്ടുവീഴ്ചകള്‍ ചെയ്യാമെങ്കിലും വിവാഹജീവിതവും കരിയറും ഒരുപോലെ കൈകാര്യം ചെയ്ത് മുന്നോട്ടുപോവുക. ഇടയ്ക്കൊക്കെ അവധിയെടുത്ത് ഉല്ലാസയാത്രകള്‍ പോവുക. ജീവിതം ഓഫീസ് മാത്രമാകുമ്പോള്‍ നമ്മള്‍ ജീവിക്കാന്‍ മറന്നുപോകുന്നു എന്നതാണ് വസ്തുത എന്ന് തിരിച്ചറിയുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :