സജിത്ത്|
Last Updated:
ശനി, 3 സെപ്‌റ്റംബര്‍ 2016 (15:38 IST)
പഠന സമയങ്ങളില്‍ കുട്ടികള്‍ ടിവി കണ്ടിരിക്കുകയും മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലുമെല്ലാം കളിച്ചിരിക്കുകയും ചെയ്യുന്നത് കണ്ടാല്‍ മാതാപിതാക്കള്‍ വഴക്കു പറയുന്ന പതിവു രീതികള്‍ ഇനി തെറ്റിയേക്കാം. മറ്റൊന്നും കൊണ്ടല്ല ഇത്തരത്തില്‍ സംഭവിക്കുന്നത്. കുട്ടികളേക്കാള്‍ കൂടുതല്‍ സമയം ഇന്‍റര്‍നെറ്റുകളില്‍ പരതുന്നതും ഗെയിമുകള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നതും അമ്മമാരായതുകൊണ്ടാണ് ഇത്.
യുവതികളായ അമ്മമാരും ഗര്‍ഭിണികളായ യുവതികളുമാണ് ഇത്തരത്തില്‍ ഇന്‍റര്‍നെറ്റിലും മൊബൈല്‍ ഫോണുകളിലും ഏറെ നേരം ഗെയിമുകള്‍ കളിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈല്‍ഡ് ടാന്‍ജന്‍റ് എന്ന ഗെയിം നെറ്റ് വര്‍ക്ക് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. അമ്മമാര്‍ മാത്രമല്ല അമ്മയാകാന്‍ തയാറെടുക്കുന്നവരും മൊബൈല്‍ ഫോണ്‍ ഗെയിമിനു പിന്നാലെയാണെന്നും സര്‍വെ പറയുന്നു.
ടാബ്ലറ്റുകളും സ്മാര്‍ട്ട്ഫോണുകളും സ്വന്തമായുള്ള അമ്മമാരില്‍ എണ്‍പതു ശതമാനത്തിലധികം പേരും ആഴ്ചയില്‍ ഒരുതവണയെങ്കിലും കാന്‍ഡി ക്രഷ് പോലെയുള്ള ഗെയിമുകള്‍ കളിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വെ പ്രകാരം അറുപത്തിയെട്ടു ശതമാനം ഗര്‍ഭിണികളും ദിവസവും മൊബൈല്‍ ഫോണുകളില്‍ ഗെയിം കളിക്കുന്നെന്നു മാത്രമല്ല ദിവസവും ഒന്നിലധികം തവണ ഗെയിം കളിക്കാറുണ്ടെന്നും വ്യക്തമായി.
കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരാകട്ടെ കുഞ്ഞുങ്ങള്‍ ഉറങ്ങുന്ന സമയങ്ങളിലാണ് ഇത്തരം ഗെയിമുകള്‍ കളിക്കുന്നതിനായി സമയം കണ്ടെത്തുന്നത്. ഇത്തരത്തിലുള്ള എഴുപത്തിയാറു ശതമാനം അമ്മമാരാണ്‍ ഉള്ളത്. ഇവരിലാവട്ടെ ഭൂരിപക്ഷം പേരും ചെറുപ്പക്കാരികളുമാണ്. കുഞ്ഞുങ്ങളെ നോക്കുന്നതും വീട്ടുജോലി ചെയ്യുന്നതിനുമൊക്കെ ഇടയില്‍ അല്‍പം ആശ്വാസമാണ് ഇത്തരം ഗെയിമുകളെന്നാണ് അമ്മമാരുടെ വാദം.
വെറുതേയിരിക്കുന്ന ആളുകള്‍ക്ക് നേരം കളയാനുള്ള പ്രധാന മാര്‍ഗമാണ് ടിവി കാണുകയെന്നത്. എന്നാല്‍ ടിവി കാണുന്ന വേളയില്‍ പോലും സ്മാര്‍ട്ട്ഫോണിലും ടാബ്ലെറ്റിലും ഗെയുമുകള്‍ കളിക്കുകയും സോഷ്യല്‍ മീഡിയകളില്‍ സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നവരും ധാരാളമുണ്ട്. ഏകദേശം അമ്പതു ശതമാനം സ്ത്രീകളും ഇത്തരത്തില്‍ ചെയ്യുന്നവരാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ആയിരത്തോളം പേരിലാണ് ഓണ്‍ലൈന്‍ സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാരും ഗര്‍ഭിണികളുമാണ് ഉണ്ടായിരുന്നത്. അഞ്ചിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍ക്കാണ് ഇത്തരത്തില്‍ ഗെയിമുകള്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറുള്ളത്. പസില്‍ ഗെയിമുകളാണ് ഭൂരിഭാഗം പേരും കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും സര്‍വെയില്‍ വ്യക്തമാക്കി.