'സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ'യില്‍ പങ്കാളികളായി 83,000 പേര്‍

ശ്രീനു എസ്| Last Modified ശനി, 3 ജൂലൈ 2021 (19:44 IST)
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ അവബോധ പരിശീലന പരിപാടിയായ 'സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ' യില്‍ 83,000ത്തോളം പേര്‍ പങ്കെടുത്തു. 66,000 വരുന്ന മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍, സ്ത്രീകളുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു. ഒരു സ്ത്രീ വനിത ശിശുവികസന വകുപ്പിന്റെ ഏതെങ്കിലുമൊരു ഘടകത്തെ സമീപിച്ചാല്‍ അവര്‍ക്ക് നല്‍കേണ്ട സേവനത്തെ സംബന്ധിച്ചായിരുന്നു പരിശീലനം. അത്തരക്കാരെ സ്ത്രീകളുമായി ബന്ധപ്പെട്ട ഏത് സംവിധാനത്തിലേക്ക് റഫര്‍ ചെയ്യണം, ഏത് തരത്തിലുള്ള സേവനം ലഭ്യമാക്കണം എന്നിവയിലും ക്ലാസെടുത്തു. ഗാര്‍ഹിക പീഡനം, സ്ത്രീധനം എന്നിവ സംബന്ധിച്ചായിരുന്നു പ്രധാന വിഷയം. വനിതശിശു വികസന വകുപ്പ്, പോലീസ്, കുടുംബശ്രീ എന്നിവയിലുള്ള സ്ത്രീ സംരക്ഷണ സംവിധാനങ്ങളെപ്പറ്റിയുള്ള പരിശീലവും നല്‍കി.

അങ്കണവാടി ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ പരിശീലനം നല്‍കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിഷയാധിഷ്ഠിത പരിശീലങ്ങള്‍ ഓരോ തലത്തിലുമുള്ള ജീവനക്കാര്‍ക്ക് കൊടുത്ത് ജെന്‍ഡര്‍ അവബോധം വകുപ്പില്‍ തന്നെ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. 1,300 ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്ക് വേണ്ടി പഞ്ചായത്ത് തലത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുള്ള സമ്പൂര്‍ണ പരിശീലനം അടുത്തയാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. ജെന്‍ഡര്‍ എന്ന വിഷയം, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍, സ്ത്രീകള്‍ക്ക് വേണ്ടിയിട്ടുള്ള സ്‌കീമുകള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി. അനുപമ, അഡീഷണല്‍ ഡയറക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വകുപ്പിലെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ സുന്ദരി ക്ലാസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :