ചെന്നൈ|
Last Updated:
ശനി, 10 സെപ്‌റ്റംബര്‍ 2016 (14:25 IST)
ന്യൂ ജെന്‍ സംസ്കാരവും പുതിയ രീതികളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ചേര്‍ന്നതല്ല. പക്ഷേ, അതൊന്നും ആര്‍ക്കും ഓര്‍ക്കാന്‍ സമയമില്ല എന്നതാണ് സത്യം. പലപ്പോഴും തെറ്റായ രീതികളെ നമ്മള്‍ ശരിയായ രീതിയെന്ന് ധരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇത്. ഗര്‍ഭധാരണത്തിന്റെ കാര്യത്തിലും മുലയൂട്ടലിന്റെ കാര്യത്തിലുമെല്ലാം ഈ തെറ്റിദ്ധാരണകള്‍ പരക്കെ ഉണ്ട്. മുലയൂട്ടിയാല്‍, അമ്മമാരുടെ സൌന്ദര്യം പോകുമെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍, ഈ ധാരണ അങ്ങേയറ്റം തെറ്റാണെന്ന് മാത്രമല്ല മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ ചെറുതല്ല എന്നതുമാണ് സത്യം.
മുലയൂട്ടലിന്റെ കാര്യത്തിന്റെ സാക്ഷരകേരളത്തിന്റ് അവസ്ഥ അത്ര നല്ലതൊന്നുമല്ല. സംസ്ഥാനത്ത്, നവജാത ശിശുക്കളുടെ അമ്മമാരില്‍ അഞ്ചില്‍ മൂന്നുപേര്‍ (59%) മാത്രമേ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്കുന്നുള്ളൂ. എന്നാല്‍ ഇതു സംബന്ധിച്ച ദേശീയ ശരാശരി 65 ശതമാനമാണ്.
മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ അമിതഭാരം കുറയ്ക്കാന്‍ കഴിയുമെന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍. പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നതിനും മുലയൂട്ടല്‍ കാരണമാകും.
സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, പ്രമേഹം, അസ്ഥിതേയല്‍ എന്നിവയുടെ സാധ്യത കുറയ്ക്കാനും മുലയൂട്ടല്‍ സ്ത്രീകളെ സഹായിക്കും. കൂടാതെ, മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗം കൂടിയാണ്. അടുത്ത ഗര്‍ഭധാരണം തടയാനും മുലയൂട്ടലിലൂടെ കഴിയും എന്ന് പഠനങ്ങള്‍ പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തമാക്കാനും മുലയൂട്ടല്‍ സഹായിക്കും.
കുഞ്ഞ് ഉണ്ടായി ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം നല്കാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത് വെള്ളം പോലും നല്കാന്‍ പാടുള്ളതല്ല. എന്നാല്‍, ചില അമ്മമാര്‍ നാലാം മാസം മുതല്‍ കുഞ്ഞിന് ബേബി ഫുഡും പാലുല്‍പ്പന്നങ്ങളും നല്കാറുണ്ട്. എന്നാല്‍, ആറുമാസത്തിനു മുമ്പ് മുലപ്പാല്‍ അല്ലാതെ മറ്റ് ആഹാരം നല്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.