ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സ് സൌകര്യം ഒരുക്കി. സംസ്ഥാനത്തുടനീളം വനിത പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഗ്രാമീണ വനിതാ സ്വയംസഹായ പദ്ധതി നടപ്പാക്കി. എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യമായി സൈക്കിള്‍ വിതരണം ചെയ്തു.
1991ല്‍ മദ്രാസ് യൂണിവേഴ്സിറ്റി സാഹിത്യത്തിലും 1992ല്‍ എം ജി ആര് മെഡിക്കല്‍ യൂണിവേഴ്സിറ്റി സയന്‍സിലും ജയലളിതയ്ക്ക് ഡോക്ടറേറ്റ് നല്കി ആദരിക്കുകയുണ്ടായി. 1993ല്‍ മധുരൈ കാമരാജ് യൂണിവേഴ്സിറ്റി അവര്‍ക്ക് ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് നല്കി ആദരിച്ചു.
അതേ വര്‍ഷംതന്നെ തമിഴ്നാട് അഗ്രിക്കള്‍ച്ചര്‍ യുണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് സയന്‍സും ഭാരതി ദാസന് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സും 2005ല്‍ ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലോയും നല്കി ജയലളിതയെ ആദരിച്ചു.
2009ലെ പൊതുതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ ശക്തമായി പടയ്ക്കിറങ്ങുകയാണ് തലൈവി. മൂന്നാം മുന്നണിയില്‍ അംഗത്വം ഉറപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സന്നിദ്ധ്യം അറിയിക്കലാവും ജയലളിതയുടെ ലക്ഷ്യം. ഏഴു ലോക്സഭാ സീറ്റും ഒരു രാജ്യസഭാസീറ്റും പി എം കെയ്ക്ക് നല്കി അവരെ കൂടെനിര്‍ത്തിയതുപോലെ പരമാവധി വലിയ പാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ അവര്‍ ശ്രമിക്കുന്നു. മൂന്നാം മുന്നണി അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിക്കസേര തന്നെയാണ് ജയലളിത ഉന്നംവയ്ക്കുന്നത്.