ഗണേശചതുര്‍ഥിയുടെ കഥ
|
മഹാരാഷ്ട്ര ഉള്‍പ്പടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അത്യന്തം പ്രധാനമായ ആഘോഷമാണ് ഗണേശ ചതുര്‍ഥി. ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നതിനു കാരണമായി സ്കന്ദപുരാണത്തില്‍ പറയുന്ന രസകരമായ ഒരു കഥയുണ്ട്.
ഒരിക്കല്‍ ഗണപതിയെ ചന്ദ്രലോകത്തില്‍ വിരുന്നിനു ക്ഷണിച്ചു. വിശപ്പിനു പേരുകേട്ട ഗണപതി ഭഗവാന്‍ വിരുന്നിന് ഒരുക്കിയ ലഡു കണ്ടു ഭ്രമിച്ചു പോയി. ഊണു കഴിഞ്ഞ്, ലഡു കഴിച്ച് മല പോലെ വീര്‍ത്ത വയറുമായി നടക്കാനിറങ്ങിയ വിഘ്നേശ്വരന്‍ നില തെറ്റി നിലത്തുവീണു.
കാഴ്ചകളെല്ലാം കണ്ടുനിന്ന ചന്ദ്രന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. വിരുന്നിനു വിളിച്ചു വരുത്തിയിട്ട് തന്‍റെ വീഴ്ച നോക്കി ചിരിച്ച ചന്ദനെ പ്രപഞ്ചത്തില്‍ നിന്ന് അപ്രത്യക്ഷമാകട്ടെ എന്ന് ഗണപതി ശപിച്ചത്രേ. തുടര്‍ന്ന് രാത്രികാലങ്ങളില്‍ നിലാവില്ലാതെയായി.
|
ഭദ്രപാദ് മാസത്തിലെ നാലാം ദിവസത്തിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. അതുകൊണ്ട് ഈ ദിവസത്തില്‍ ചന്ദ്രനെ നോക്കുന്നവര്‍ അപവാദം കേള്‍ക്കേണ്ടി വരുമെന്നും ഗണപതി ശപിച്ചു. ഈ ദിവസമാണ് ഗണേശ ചതുര്‍ഥിയായി ആഘോഷിക്കുന്നത്. ചതുര്‍ഥി നാളില്‍ ചന്ദ്രനെ നോക്കരുതെന്നാണ് വിശ്വാസം.
ഉത്തരേന്ത്യയില്‍ വലിയ ആഘോഷങ്ങളും ഒരുക്കങ്ങളുമാണ് ചതുര്‍ത്ഥി നാളില്‍ നടക്കുന്നത്. വീടും പരിസരങ്ങളും വൃത്തിയാക്കുകയും പുതു വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പത്തുദിവസം ആളുകള്‍ ഗണപതി വിഗ്രഹങ്ങള്‍ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
പൂജക്കായി താമരയും കറുകപ്പുല്ലും മോദകം എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ചതുര്‍ഥി ദിവസത്തേത്തുടര്‍ന്ന് നടക്കുന്ന ഗണേശോത്സവം പത്ത് ദിവസം നീണ്ട് നില്‍ക്കുന്നു. പത്തു ദിവസത്തിനു ശേഷം വിഘ്നേശ്വരന്‍ ഭൂമിയില്‍ നിന്നു ദേവലോകത്തേക്കു മടങ്ങുന്നു എന്നാണ് വിശ്വാസം.
ഉത്സവത്തിന് ശേഷം ഗണപതി വിഗ്രഹങ്ങള്‍ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.