വിഘ്നേശ്വരന്‍െറ വിശാലമായ ശിരസ്സ് ബോധത്തിന്‍െറ ഏറ്റവും വികാസം പ്രാപിച്ച അവസ്ഥയെ കാണിക്കുന്നു. ഗണപതിയുടെ തുമ്പിക്കൈ ശക്തിയുടെ പ്രതീകമാണ്. ബുദ്ധിയും ശക്തിയും ഒത്തിണങ്ങിയ ഒരു ജീവിയായാണല്ലോ ആനയെ വിശേഷിപ്പിക്കാറ്.
സഞ്ചരിക്കുന്ന മാര്‍ഗ്ഗത്തിലെ എല്ലാ തടസ്സവും നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു തുമ്പിക്കരവും ആനയ്ക്കുണ്ട്. ശക്തിയുടെ പ്രതീകമായാണ് ആന എന്ന അറിവിന്‍െറ വെളിച്ചത്തിലാണ് ആനത്തലയുള്ള ദേവനെ സൃഷ്ടിച്ചിട്ടുള്ളത്.
തീരെ ചെറിയ ജീവികളിലൊന്നായ മൂഷികനെ വാഹനമായി ഗണപതിയ്ക്കു നല്‍കിയതിലൂടെ മനുഷ്യബുദ്ധിയുടെ രണ്ട് വ്യത്യസ്ത തലങ്ങളെയാണ് വരച്ചു കാട്ടുന്നത്.
ബുദ്ധിയും ശക്തിയും മനുഷ്യരില്‍ അടങ്ങിയിട്ടുണ്ടെങ്കിലും എലിയുടേതുപോലെ ചഞ്ചലതയും ചിന്താശൂന്യതയും ഭയവുമെല്ലാം മനുഷ്യാവസ്ഥയുടെ മറ്റൊരു വശമാണ്. സദാ ചഞ്ചലമായ മനുഷ്യമനസ്സിനെ തന്നെയല്ലേ എലിയിലൂടെ പ്രതിനിധാനം ചെയ്യുന്നത്.
തനിക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ മേഖലകളിലും വ്യഗ്രതയോടെ കടന്നുചെന്ന് എല്ലാ അനര്‍ത്ഥങ്ങളും സ്വന്തമാക്കുന്ന മനസ്സിനെ ഒരിക്കലും നിയന്ത്രിക്കാനാകുന്നില്ലല്ലോ എന്ന് ചിന്തിച്ചിട്ടില്ലേ.
മറ്റു പലതിനോടുമുള്ള ഒടുങ്ങാത്ത അഭിനിവേശവുമായി സദാ ഓടി നടക്കുന്ന മനസ്സിനെ ഒന്ന് ശാന്തമാക്കി നിറുത്തിയാല്‍ ഏതു പ്രശ്നത്തിനും അവസാനമായി എന്നു തോന്നിയിട്ടില്ലേ അതിനുള്ള പോം വഴി മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുക മാത്രമാണെന്ന് ഗണപതി പരോക്ഷമായി പറയുന്നു.
മനസ്സിനെ ഭഗവോന്മുഖമാക്കിയാല്‍ എലിപ്പുറത്ത് ഗണപതിയെന്ന പോലെ ഭഗവാന്‍ തന്നെ മനസ്സിലേറി സഞ്ചരിച്ചു തുടങ്ങുമത്രേ.
വിഘ്നവിനായകന്‍
വിഘ്നവിനായകന്‍ എന്ന പേരിലേക്കു ശ്രദ്ധിക്കുമ്പോഴോ! ഓരോ വിഘ്നങ്ങളേയും അകറ്റാനുള്ള കഴിവും ശക്തിയും മനുഷ്യരിലോരോരുത്തരിലും കുടികൊള്ളുന്നുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോവുകയാണ് ചെയ്യുന്നതെങ്കിലോ!
വിഘ്നേശ്വരന്‍െറ ഇരുപ്പിലും ചില പ്രത്യേകതകളുണ്ട്. ഒരു പാദം നിലത്തൂന്നിയും മറ്റേത് ഉയര്‍ത്തി തുടയോട് ചേര്‍ത്തുവച്ചുമാണ് ഗണപതി ഇരിക്കുക.
നിലത്തൂന്നിയ പാദം ഒരു മനുഷ്യന്‍െറ ലൗകീക ജീവിതത്തേയും തുടയോട് ചേര്‍ത്തുവച്ചിരിക്കുന്ന പാദം ഭൂമിയില്‍ ജീവിച്ചിരിക്കേ ഓരോരുത്തരും ആര്‍ജ്ജിക്കേണ്ട ആത്മീയതയേയുമാണ് വ്യക്തമാക്കുന്നത്. പൂര്‍ണ്ണമായ ഭൗതിക ജീവിതത്തിലും ആത്മീയത നഷ്ടപ്പെടുത്തരുതെന്ന് ഗണപതി ഓര്‍മ്മിപ്പിക്കുന്നതായി ഇനി മുതല്‍ കരുതി തുടങ്ങൂ.
ജീവിതയാത്രയ്ക്കിടയില്‍ ഓരോ മനുഷ്യരും നേരിടാത്ത പ്രശ്നങ്ങളില്ല, കഷ്ടതകളില്ല. ഏതു പ്രശ്നത്തേയും ആത്മസംയമനത്തോടെ നേരിടാന്‍ തയ്യാറായാല്‍ അതിനെ സഹിച്ച് ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യരില്‍ സ്വതസിദ്ധമായി തന്നെയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഗണപതിയുടെ കുമ്പ.