കേശവേട്ടന്‍റെ ചായക്കടയിലേക്ക് എളുപ്പത്തിലെത്താവുന്ന ചവിട്ടു വഴിയിലെ തൊട്ടാവാടി മുള്ളുകള്‍ ലമീസയുടെ കാലില്‍ ചുവന്ന പൊട്ടുകളിട്ടു. അധികാരിയുടെ നെല്‍പാടത്തേയ്ക്ക് കുനിഞ്ഞിരിക്കുന്ന പാറപ്പുറത്ത് ഞാനിരുന്നു, എന്‍റെ വലതു വശത്തായി അവളും. വയലിനക്കരെ അസീസ് മുതലാളിയുടെ വീട്ടിലെ പഴയ ടേപ്‌റെക്കോര്‍ഡറില്‍ നിന്ന് ഒരു പഴയ സിനിമാഗാനം അവ്യക്തമായി കേള്‍ക്കാം. പന്ത്രണ്ട് വര്‍ഷത്തെ നീണ്ട കഥയുടെ ഓരോ അധ്യായവും ഞങ്ങള്‍ ഓടിച്ചു വയിച്ചു. പുഴയുടെ കൈവഴിയില്‍ കടലാസ് തോണി ഒഴുക്കുന്നതിനിടെ ലമീസ കാല്‍വഴുതി വീണ ഭാഗം ഞാനാണ് വയിച്ചത്. ലമീസ എന്നെ നോക്കി. ഞാന്‍ ചിരിച്ചു. അവള്‍ ചിരിക്കാന്‍ ശ്രമിച്ചതേയില്ല.
റുബീനതാത്തയുടെ മരണത്തിന് ശേഷമാണ് ലമീസ ശൂന്യത ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. തന്‍റെ എല്ലാമെല്ലാമായിരുന്ന റൂബി താത്തയുടെ വിയോഗം അവള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അന്ന് ഞാനും ലമീസയും ഏഴാം ക്ലാസിലാണ്. രാധ ടീച്ചര്‍ “പാരിനുപരി ഭൂഷ ചാര്‍ത്തിടും ഭാരതത്തിന്‍റെ ചിത്രകം” എന്ന് എന്നെക്കൊണ്ട് നീട്ടിപാടിയ്ക്കുമ്പോഴാണ് പ്യൂണ്‍ വന്നതും ലമീസയുടെ അമ്മാവന്‍ വന്നിട്ടുണ്ടെന്നറിയിച്ചതും. അന്ന് അവളുടെ കൂടെ ഞാനും വീട്ടിലേക്ക് പോന്നു.
റൂബിത്താത്തയുടെ മയ്യത്ത് പള്ളിത്തൊടിയിലേക്കെടുക്കുമ്പോള്‍ വടക്കെ കോലായില്‍ നിര്‍നിമേഷയായി നോക്കി നില്‍ക്കുന്ന ലമീസയുടെ മുഖം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ആയിഷുമ്മ അലമുറയിട്ട് കരയുന്നുണ്ട്. ലമീസ പൊട്ടിക്കരയുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ കണ്ണുനീര്‍ ബാക്കിയുണ്ടായിരുന്നില്ലെന്ന് തോന്നുന്നു, അപരിചിതമായൊരു ഭാവമായിരുന്നു ആ മുഖത്ത്.