തൂവെള്ള കാന്‍വാസില്‍ പൌര്‍ണ്ണമി രാത്രിയിലെ ആകാശം പകര്‍ത്തുമ്പോഴാണ് ചായവും ബ്രഷും തട്ടിത്തെറിപ്പിച്ച് ലമീസ കടന്നുവന്നത്. അവള്‍ അങ്ങനെയാണ്, എന്‍റെ കാന്‍വാസില്‍ എന്നും അപൂര്‍ണ ചിത്രങ്ങള്‍ കാണാനായിരുന്നു അവള്‍ക്ക് താല്‍പര്യം - ഇലകളില്ലാത്ത മരം, നിറമില്ലാത്ത പൂക്കള്‍, മേല്‍ക്കൂരയില്ലാത്ത വീട് - അങ്ങനെ പലതും.
പൂര്‍ണ്ണതയിലേക്ക് നോക്കി നെടുവീര്‍പ്പിടുന്ന ചിത്രങ്ങളാണ് ലമീസയെ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്. ഒരു പക്ഷെ വ്യക്തതയില്ലാത്ത തന്‍റെ ജീവിതത്തിന്‍റെ ശരി പകര്‍പ്പുകളാവാം ഇവയെന്ന് അവള്‍ കരുതുന്നുണ്ടാവാം. ലമീസയുടെ സൌന്ദര്യ ബോധത്തിലെ വികലത എന്നെ പലപ്പോഴും അരിശം പിടിപ്പിച്ചിട്ടുണ്ട്.
“രാത്രിയിലെ ആകാശം എനിക്കിഷ്ടമല്ല” - അവള്‍ പറഞ്ഞു. ഞാന്‍ എതിര്‍ക്കാന്‍ പോയില്ല. നക്ഷത്രങ്ങളും ഗ്രഹങ്ങളും ചന്ദ്രലേഖയുമില്ലാതെ തരിശായി കിടക്കുന്ന നീലാകാശമാണ് ലമീസയ്ക്കിഷ്ടം. ശാന്തമായി കിടക്കുന്ന ആ നീല വിതാനത്തിലേയ്ക്ക് അവള്‍ എത്രനേരം വേണമെങ്കിലും നോക്കിയിരിക്കും. റോമന്‍ പോരാളികളെപ്പോലെ മേഘപടലങ്ങള്‍ ആര്‍ത്തിരമ്പി വരുമ്പോള്‍ മാത്രമേ തന്‍റെ കണ്ണുകളെ ലമീസ പിന്‍വലിക്കുകയുള്ളൂ.
WEBDUNIA|
കാന്‍വാസെടുത്ത്‌വച്ച് ഞങ്ങള്‍ നടക്കാനിറങ്ങി. സായാഹ്നവെയിലിന്‍റെ ചൂട് ലമീസയ്ക്ക് എന്തോ നിഗൂഢമായ അനുഭൂതി നല്‍കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഈ സമയത്ത് പുഴക്കരയിലൂടെയുള്ള യാത്ര അവള്‍ക്ക് വളരെ ഇഷ്ടമാണ്.