യുവതരംഗമായ് സരിഗമപ ചലഞ്ച്

saregamapa
FILEFILE
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോകളില്‍ ഒന്നായ ‘ സരിഗമപ ചലഞ്ച് ’ പ്രേക്ഷകരെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ക്ലൈമാക്സിലേക്ക് നീങ്ങുന്നു. പതിനായിരക്കണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്ന് ഘട്ടം ഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട നാലു പേരാണ് സീ ടിവിയിലെ ഈ സംഗീത പരിപാടിയില്‍ വിജയം കൈപിടിയിലൊതുക്കാന്‍ കുതിപ്പ് തുടരുന്നത്. ജനങ്ങളുടെ എസ് എം എസ് വോട്ടുകളാണ് വിജയിയെ തെരഞ്ഞെടുക്കുക.

രാജസ്ഥാന്‍ നിവാസി രാജാ ഹസന്‍, പാകിസ്ഥാന്‍ സ്വദേശി അമാനത് അലി, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പൂനം യാദവ്, ബംഗാളുകാരനായ അനീക്ക് എന്നിവരാണ് ഈ വന്‍ മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. നാലുപേരും ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് ഇതുവരെയുള്ള പ്രകടനങ്ങള്‍ തന്നെ തെളിയിച്ചു കഴിഞ്ഞു. മത്സരാര്‍ത്ഥികളെ തേടി ഇപ്പോള്‍ തന്നെ നിരവധി അവസരങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് പുറത്ത് നിന്നുമുള്ള ഗായകരും ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ഗായകരും പരിപാടിയില്‍ പങ്കെടുത്തത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദത്തിന് ശക്തിപകര്‍ന്നു. തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അരങ്ങില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആര്‍ക്ക് എസ് എം എസ് ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് പ്രേക്ഷകര്‍.

ഹിന്ദി സംഗീത പരിപാടിയായിട്ടും രാജ്യത്തിന്‍റെ മറ്റ് ഭാഷാ സംസ്ഥാനങ്ങളിലും സരിഗമപ ചലഞ്ച് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. വിധി കര്‍ത്താക്കളായി ബാപ്പി ലഹ്രി, ഇസ്മയില്‍ ഡര്‍ബാര്‍, ഹിമേഷ് റെഷാമിയ, വിശാല്‍ & ശേഖര്‍ എന്നീ പ്രമുഖ സംഗീതജ്ഞരുടെ സാന്നിധ്യവും പരിപാടിയെ ഏറെ ജനപ്രിയമാക്കുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് എസ് എം എസ് വോട്ടുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.ഇതിലെ വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ കരാറും മറ്റ് സമ്മാനങ്ങളുമാണ്.

ബോംബെ| WEBDUNIA|
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോകളില്‍ ഒന്നാണ് സീ ടിവിയിലെ സരിഗമപ ചലഞ്ച് 2007. ‘സംഗീത് കാ പ്രഥം വിശ്വ യുദ്ധ്’ എന്നതാണ് സരിഗമപ ചലഞ്ചിന്‍റെ ഉപ നാമം. എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ 11.30 വരെയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :