സിനിമാ - സീരിയല്‍ നടിയായ മായാ മൗഷ്മി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. ഭര്‍ത്താവ് ഉദയകുമാറും മൌഷ്മിയും പരസ്പര സമ്മതത്തോടെയാണ് കോടതിയില്‍ ഹര്‍ജി നല്കി. മായാ മൌഷ്മിയുടെ രണ്ടാമത്തെ വിവാഹമാണ് ഈ വിവാഹമോചന അപേക്ഷയോടെ തകരുന്നത്.
ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായ കുഞ്ഞുമായി മായാ മൌഷ്മി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയകുമാറിനെ മായാ മൌഷ്മി വിവാഹം ചെയ്തത്.
ഉദയ്കുമാറും നടിയുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇരുവരുടേയും ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നിയമപരമായി പിരിയാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പ്രത്യേക വിവാഹ നിയമപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഈ നിയമത്തിലെ ഇരുപത്തിയെട്ടാം വകുപ്പ് പ്രകാരമാണ് ബുധനാഴ്ച ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. ആറുമാസം കഴിഞ്ഞാല്‍ അവര്‍ക്ക് പിരിയാം.
തിരുവനന്തപുരം കുടുംബ കോടതിയിലാണ് മായാ മൗഷ്മിയും ഭര്‍ത്താവും വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സീരിയലുകളിലൂടെ രംഗത്തുവന്ന മായാ മൗഷ്മി അടുത്തിടെയായി സിനിമകളിലും സജീവമാണ്. ഇതിനകം തന്നെ, നിരവധി ചിത്രങ്ങളില്‍ അമ്മവേഷങ്ങളിലും മറ്റും മായാ മൌഷ്മി അഭിനയിച്ചിട്ടുണ്ട്.