ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (16:04 IST)
രജിത് കുമാറിനെ പോലൊരു വെളിവുകെട്ട മനുഷ്യന് വേണ്ടി സോഷ്യൽ മീഡിയ തിളച്ച് മറിയുകയാണ്. ആരാധകരെ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായി കഴിഞ്ഞു. വളരെ വൃത്തികെട്ടതും സഭ്യമല്ലാത്തതുമായ ഭാഷയാണ് ഇക്കൂട്ടർ ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ ജനപ്രിയതയിൽ ഇനി അയാൾ ജയിച്ചാൽ, ആ പേരും പ്രശസ്തിയും പതിന്മടങ്ങായി വിസിബിലിറ്റിയും കൊണ്ട് അയാൾ പുറത്തിറങ്ങുമ്പോൾ ഇത്രയും കാലം അയാൾ പറഞ്ഞ അശാസ്ത്രീയമായ കാര്യങ്ങൾ തന്നെയാകും ഇനിയും പറഞ്ഞു പരത്തുക എന്ന് ആർ ജെ സൂരജ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
* സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം
* ഞാൻ ഉൾപ്പെടുന്ന പുരുഷ വർഗത്തിന് വെറും പത്തുമിനിറ്റ് മതി, സ്പേം എന്ന് പറയുന്നത് പെൺകുട്ടിയുടെ യൂട്രസിലേക്ക് അയക്കാൻ.
* ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ വേഗം വളച്ചെടുക്കാവുന്നവരാണ് പെൺകുട്ടികൾ.
* തൊണ്ണൂറു ശതമാനം പെൺകുട്ടികളും രക്ഷിതാക്കളോട് കള്ളം പറഞ്ഞു പ്രേമിച്ചു നടക്കുകയാണ്.
* ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾ ഓടിച്ചാടി നടന്നാൽ പെൺകുട്ടികളുടെ ഗർഭപാത്രം തിരിഞ്ഞു പോകും.
* അമ്മമാർ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാൽ കുട്ടികൾ ട്രാൻസ് ജെൻഡറാകും.
* ഓട്ടിസം സെറിബ്രൽ പാൾസി തുടങ്ങിയ അസുഖങ്ങൾ ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാർക്കാണ്
* പെൺകുട്ടികൾ ചെറുപ്രായത്തിൽ ടൈറ്റ് ജീൻസ് ധരിച്ചാൽ ഇടുപ്പെല്ല് ചുരുങ്ങും. അതിനകത്തു കുഞ്ഞുങ്ങളെ ഗർഭം ധരിക്കാനുള്ള ഗർഭ പാത്രം ചുരുങ്ങും. നല്ല കുടുംബത്തിലെ പയ്യന്റെ വിത്ത് കിടുകിടിലമായിരിക്കും. ആക്രി പിള്ളേരുടേത് ഇപ്പോഴൊന്നും അങ്ങനെ ആയിരിക്കില്ലെങ്കിലും ശ്രമിച്ചാല്‍ ആവും. നല്ല വിത്ത് അത്തരമൊരു ഗര്‍ഭപാത്രത്തിലെത്തിയാല്‍ കുഞ്ഞ് വളര്‍ന്ന് തുടങ്ങുമ്പോള്‍ അതിന് കൊള്ളാതാവും. പിന്നീട് സിസേറിയന്‍ മാത്രമാകും പോംവഴി.
* സിസേറിയന്‍ ബ്രെസ്റ്റ് ക്യാൻസറിന് കാരണാകും.
* കേരളത്തില്‍ ബ്രെസ്റ്റ് ക്യാൻസർ വന്ന പത്ത് പേരില്‍ ഏഴ് പേരും സിസേറിയന്‍ ചെയ്തവരാകും.
* ആണ്‍വേഷം ധരിക്കുന്ന സ്ത്രീക്കുണ്ടാകുന്ന കുഞ്ഞ് ആണും പെണ്ണും അല്ലാത്തതായിരിക്കും. അവരെ വിളിക്കുന്ന പേരാണ് ട്രാൻസ്‌ജെൻഡർ.
******************
ഡോക്റ്റർ രജിത് കുമാറിന്റെ ചുരുക്കം ചില പ്രസ്താവനകളാണ് മുകളിൽ.
സ്ത്രീ വിരുദ്ധത, അറപ്പുളവാക്കുന്ന വൃത്തികേടുകൾ, തികഞ്ഞ അശാസ്ത്രീയത, ഹോമോഫോബിയ, ട്രാൻസ് ഫോബിയ, അമ്മാവൻ കഴപ്പ്, ശുദ്ധ വിവരക്കേട്, രോഗാവസ്ഥകളോടുള്ള ഇൻസെൻസിറ്റിവിറ്റിയും ഇൻസൾട്ടും, അങ്ങനെ അയാളുടെ ഓരോ പ്രസ്താവനകളും പൂർണ്ണമായും മനുഷ്യ വിരുദ്ധവും വെളിവുകേടുമാണ്.
ഓട്ടിസം ബാധിച്ചൊരു കുട്ടിയുടെ അമ്മ അയാളുമായി ഗതികെട്ട് തർക്കിക്കുന്നൊരു വീഡിയോ ഇന്നലെ കണ്ടു. അല്ലെങ്കിൽ തന്നെ സമൂഹം പുറമ്പോക്കിൽ നിർത്തിയിരിക്കുന്ന അവരെപ്പോലെയുള്ളവരെ ധാർമികമായിക്കൂടി ഇടിച്ചു താഴ്ത്തുകയാണ് ഇയാൾ ചെയ്യുന്നത്. ഇപ്പറഞ്ഞതിലൊന്നും പൊടിക്ക് പോലും അയാൾ പുറകോട്ടു പോയിട്ടില്ല എന്നും ഓർക്കണം.
നിങ്ങൾ ബിഗ് ബോസ് കാണുന്നുണ്ടോ ഇല്ലയോ, ഇഷ്ടമാണോ അല്ലയോ എന്നതൊന്നും ഇവിടെ വിഷയം തന്നെയല്ല. അതൊക്കെ നിങ്ങളുടെ സ്വകാര്യതയാണ്. പക്ഷെ രജിത്തിനെപ്പോലുള്ളൊരു സാമൂഹിക മാലിന്യത്തെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ സ്വകാര്യത മാത്രമായി സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുണ്ട്.
അയാൾ നല്ലൊരു പ്ലെയറാണ്, അയാളെ എല്ലാവരും ഒറ്റപ്പെടുത്തി, അയാൾ കരഞ്ഞു, കെട്ടിപ്പിടിച്ചു, അയാൾ പാവമാണ്, ചക്കരപഞ്ചാരയാണ് എന്നൊക്കെ പറഞ്ഞു ഇയാൾക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം ഇയാൾ മനുഷ്യൻ നേടിയ സകല ആധുനിക മൂല്യങ്ങളുടെയും നേരെ വിപരീദ ദിശയിൽ മാത്രം സഞ്ചരിക്കുന്ന ഒരാളാണ് എന്നാണ്. മാത്രമല്ല നിങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട് അയാൾ നല്ല പ്ലെയറാണെന്നു, അപ്പോപ്പിന്നെ അയാളീ കാണിക്കുന്നതൊന്നും ജെനുവിൻ അല്ല എന്ന് മനസ്സിലാക്കാൻ അത്ര പാടാണോ ?
ബിഗ് ബോസ് തൊണ്ണൂറു ദിവസത്തേയ്ക്ക് മാത്രമാണ്. എല്ലാക്കാലമൊന്നും അയാൾ അതിനകത്താവില്ല. ഇപ്പോഴത്തെ ജനപ്രിയതയിൽ ഇനി അയാൾ ജയിച്ചാൽ, ആ പേരും പ്രശസ്തിയും പതിന്മടങ്ങായി വിസിബിലിറ്റിയും കൊണ്ട് അയാൾ പുറത്തിറങ്ങുമ്പോൾ മുകളിൽ സൂചിപ്പിച്ച വൃത്തികേടുകൾക്കാണ് ദൃശ്യത കൂടാൻ പോകുന്നത്. അയാളെ ക്ഷണിക്കാൻ പോകുന്ന നൂറു സദസ്സുകളിൽക്കൂടി അയാളത് പറയും. അത്രയും നമ്മുടെ സമൂഹം പുറകോട്ടു പോകും.
അതെന്നെയും നിങ്ങളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. അയാൾ മയപ്പെട്ട ശബ്ദത്തിൽ സംസാരിക്കുന്നു എന്നതൊന്നും അയാൾ പറഞ്ഞു വെയ്ക്കുന്നവയെ ന്യായീകരിക്കാനുള്ള കാരണങ്ങളല്ല.
മോഹനൻ വൈദ്യരും ജേക്കബ് വടക്കാഞ്ചേരിയും ഒരു റിയാലിറ്റി ഷോയിൽ വന്നു കരഞ്ഞു കാണിച്ചു ആളുകൾ പിന്തുണയ്ക്കുമ്പോൾ ഉണ്ടാകുന്ന ഡാമേജ് പോലെ തന്നെയാണ് ഇവിടെയും.
നേരത്തെ തന്നെ അതിമലിനമാക്കപ്പെട്ട നമ്മുടെ സമൂഹത്തിലേക്ക് മുൻപത്തേക്കാളും അംഗീകാരത്തോടെ അയാളെ അയാളുടെ വൃത്തികേടുകളെയും മനുഷ്യത്വ വിരുദ്ധതയും കടത്തി വിടാൻ സഹായിക്കുക മാത്രമാണ് അയാളെ പിന്തുണയ്ക്കുന്ന ഓരോരുത്തരും ചെയ്യുന്നത്. അവിടെ നിങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ സാധിക്കില്ല. ദയവു ചെയ്ത് പിന്നെയും പിന്നെയും സാമൂഹിക ദുരന്തങ്ങളെ ഉണ്ടാക്കി വിടരുത്.