തിരുവനന്തപുരം|
Last Modified ഞായര്‍, 24 ഫെബ്രുവരി 2019 (11:15 IST)
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കെആര്‍ മീര എഴുതിയ പോസ്‌റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെ മറുപടി നല്‍കി വിടി ബല്‍റാം എംഎല്‍എ.
മിരയുടെ പോസ്‌റ്റിന് താഴെയാണ് അസഭ്യച്ചുവയുള്ള കമന്റ് ബൽറാം നല്‍കിയത്. പോ മോളേ ”മീരേ’ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്’ ബല്‍റാമിന്റെ വിവാദ കമന്റ്.
മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട ഭാവി സാഹിത്യ നായികമാരേ,
എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്‌ക്കേണ്ടി വന്നാല്‍,
നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,
ഓര്‍മ്മ വയ്ക്കുക
ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.
ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.
സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.
കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.
നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.
അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.
ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.
നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.
ഒരു നാള്‍,
നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,
അവര്‍ വരും.
നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.
എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.
ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.
കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.
പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.
അതുകൊണ്ട്, പ്രിയ ഭാവി സാഹിത്യ നായികമാരേ,
നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.
ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.
അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.
അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല
രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.
മീരയുടെ പോസ്റ്റിന് ബല്‍റാം നല്‍കിയ മറുപടി
'പോ മോനേ ബാല - രാമാ ' എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കും. എന്നാല്‍ തിരിച്ച് പോ മോളേ ''മീരേ' എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.