പാലാ|
Rijisha M.|
Last Modified ശനി, 9 ജൂണ്‍ 2018 (07:52 IST)
കേരളാ കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ജോസ് കെ മാണി മത്സരിക്കും. പാലായിൽ കെ എം മാണിയുടെ വീട്ടിൽ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്‍മാനായി കെ.എം മാണിയെ മത്സരിപ്പിക്കണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം എൽ എമാർ ആവശ്യപ്പെട്ടത്.
നിലവിൽ കോട്ടയത്തുനിന്നുള്ള ലോക്‌സഭാ എം പിയാണ് ജോസ് കെ മാണി. മാണിക്ക് അസുഅകര്യമുണ്ടെങ്കിൽ മാത്രം ജോസ് കെ മാണിയെ പരിഗണിക്കണമെന്നാണ് എം എൽ എമാർ നിലപാടെടുത്തിരുന്നത്. ഇതേ തുടര്‍ന്നാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്. എന്നാൽ മാണിയും മകനും മത്സരിക്കാനില്ലെങ്കില്‍ വേറെ ആളുണ്ടെന്ന് ജോസഫ് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
പാർട്ടി യോഗത്തിന് മുന്നോടിയായി കെ എം മാണിയും പി ജെ ജോസഫും രഹസ്യയോഗം ചേർന്നിരുന്നു. യു.ഡി.എഫ് അനുവദിച്ച രാജ്യസഭാ സീറ്റ് അല്ലെങ്കില്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് എന്നീ ആവശ്യങ്ങളാണ് ജോസഫ് വിഭാഗം യോഗം ഉന്നയിച്ചത്. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗമായ ഡി.കെ ജോണിന് സീറ്റ് നല്‍കണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്.