അപർണ|
Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (10:33 IST)
കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിയാളുകളാണ് സഹായം നൽകുന്നത്.
ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് മലയാളസിനിമാ താരങ്ങളെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വിഡിയോ ടൊവിനോ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരാള്‍ പരിഹാസവുമായി എത്തിയത്.
തമിഴ് സിനിമാതാരങ്ങൾ ഉദാരമായി സംഭാവന ചെയ്തപ്പോൾ മലയാളത്തിലെ സിനിമാതാരങ്ങൾ എന്തു നൽകി എന്നായിരുന്നു ചോദ്യം. ‘നിങ്ങൾ എന്താണ് ചെയ്തതെന്ന‘ മറുചോദ്യവുമായി ടൊവിനോ രംഗത്തെത്തുകയും ചെയ്തു. അതിനു ശേഷം ടൊവിനോ ഇങ്ങനെക്കുറിച്ചു.
‘നിങ്ങളെപ്പോലെ ആളുകൾ ഉളളതു കൊണ്ടാണ് മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടി ആഘോഷിക്കേണ്ടി വരുന്നത്. ഇതെല്ലാം മനുഷ്യരെല്ലാം ചെയ്യുന്ന കാര്യമാണ്. സിനിമയിൽ വരുന്നതിനും മുൻപും ശേഷവും എന്നെ കൊണ്ട് പറ്റുന്നതു പോലെ ഞാൻ ചെയ്യാറുണ്ട്. ഇനിയും ചെയ്യും. മറ്റുളളവരെ കുറ്റം പറയുന്നത് നിർത്തി സ്വയം എന്തൊക്കെ ചെയ്യാൻ പറ്റും സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താൽ ഈ ലോകം ഇതിനേക്കാൾ മനോഹരമായ സ്ഥലം ആയിരുന്നേനെ.