അപര്‍ണ|
Last Modified ശനി, 31 മാര്‍ച്ച് 2018 (08:49 IST)
സക്കരിയ സംവിധാനം ചെയ്ത ‘സുഡാനിയ ഫ്രം നൈജീരിയ’ എന്ന ചിത്രം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് നടന്‍ സാമുവല്‍ റോബിന്‍സണ്‍ ആണ്. നൈജീരിയക്കാരനായ സാമുവല്‍ ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
കേരളത്തില്‍ തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം ഫെസ്ബുക്കില്‍ കുറിച്ചു. നിറത്തിന്റെ പേരില്‍ ചില മാറ്റി നിര്‍ത്തലുകള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും സാമുവല്‍ കുറിച്ചു. താന്‍ ഒരു കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്ക് അവര്‍ വളരെ കുറച്ച് പണം മാത്രമാണ് തന്നതെന്നും ഇത് തനിക്ക് മനസ്സിലായത് കേരളത്തിലുള്ള മറ്റ് അഭിനേതാക്കളുമായി സംസാരിച്ചപ്പോഴാണെന്ന് സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
അതേസമയം ചിത്രത്തിന്റെ സംവിധായകനായ സക്കരിയ വളരെ നല്ല മനുഷ്യനാണെന്നും തന്നെ സഹായിക്കാന്‍ നിരവധി തവണ ശ്രമിച്ചുവെന്നും പണം മുടക്കുന്നത് മറ്റാളുകള്‍ ആയതിനാല്‍ സക്കരിയക്ക് അതിന് സാധിച്ചില്ലെന്നും സാമുവല്‍ പറഞ്ഞു.
‘എന്റെ തൊലിനിറം കറുപ്പായത് കൊണ്ടാണ് ഈ വിവേചനം സംഭവിച്ചതെന്നാണ് എന്റെ വിശ്വാസം.
സിനിമ ഹിറ്റാവുകയാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനിപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തിയിട്ടും അവര്‍ അവരുടെ വാക്ക് പാലിച്ചിട്ടില്ല. അഞ്ച് മാസം എന്നെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള തന്ത്രം മാത്രമായിരുന്നു ആ വാഗ്ദാനങ്ങള്‍ എന്നാണ് ഞാന്‍ കരുതുന്നത്. കറുത്ത വര്‍ഗക്കാരന്‍ എന്ന നിലയില്‍ ഇത് തുറന്നു പറയുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അടുത്ത തലമുറയിലെ ബ്ലാക്ക് ആക്ടേഴ്‌സിന് എങ്കിലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. - സാമുവല്‍ കുറിച്ചു.