ജോധ്പൂര്‍|
jibin|
Last Updated:
വ്യാഴം, 5 ഏപ്രില്‍ 2018 (14:40 IST)
കൃഷ്ണമൃഗ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്മാന് ഖാന് അഞ്ച് വര്‍ഷം
തടവ്. ജോധ്പൂര്‍ വിചാരണ കോടതിയാണ് ശിക്ഷ പ്രസ്താവിച്ചത്. ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമെ നല്‍കാവൂ എന്ന് സല്‍മാന്റെ അഭിഭാഷകന് ആവശ്യം കോടതി തള്ളുകയായിരുന്നു. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ദേവ് കുമാർ ഖാത്രിയാണു വിധി പറഞ്ഞത്.
സല്മാന് ഖാനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടു. ആറു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്.
വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനെതിരെ കുറ്റം ചുമത്തിയത്.
1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പൂരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സൽമാൻ ജോധ്പുരിലെത്തിയത്.